തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉയര്‍ന്ന തോതിലുള്ള രോഗവ്യാപനത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ സാഹചര്യത്തില്‍ ജില്ല അതീവ ജാഗ്രതയിലേക്ക്. പൊലീസ് പരിശോധന ശക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആള്‍ക്കൂട്ടമുണ്ടാക്കുന്ന കടകള്‍ അടച്ചുപൂട്ടുമെന്ന് മേയര്‍ അറിയിച്ചിട്ടുണ്ട്. നഗരത്തിലെ എല്ലാ കടകളും രാത്രി ഏഴിന് അടയ്ക്കണം.
പഴം- പച്ചക്കറി കടകള്‍ തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളില്‍ തുറക്കാം. പലവ്യഞ്ജനങ്ങള്‍, സ്റ്റേഷനറി, ചിക്കന്‍ എന്നിവ വില്‍ക്കുന്ന കട ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണം. മത്സ്യ, മാംസ വില്‍പനശാലകളടക്കം മറ്റുവ്യാപാര സ്ഥാപനങ്ങള്‍ ഓരോ വിഭാഗത്തിലും മൊത്തം സ്ഥാപനങ്ങളുടെ 50 ശതമാനം മാത്രം പ്രവര്‍ത്തിച്ചാല്‍ മതി. തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ മാളുകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കാം. അവധി ദിവസങ്ങളില്‍ ഹോം ഡെലിവറി അനുവദിക്കും.
പാളയം മാര്‍ക്കറ്റിന് പുറമെ പാളയം പരിസരത്തെ തിരക്ക് അനുഭവപ്പെടുന്ന കടകളും ഹോട്ടലുകളും ഏഴ് ദിവസത്തേക്ക് അടച്ചിടും. മാര്‍ക്കറ്റിന് മുമ്പിലുള്ള വഴിവാണിഭത്തിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.