ഭുവനേശ്വര്‍: 10 വയസ്സുകാരനെ കൊന്ന മുതലയെ നാട്ടുകാര്‍ പിടികൂടി കൊന്നുതിന്നു. ഒഡീഷയിലെ മല്‍ക്കന്‍ഗിരി ജില്ലയിലെ ഒരു ഗ്രാമത്തിലെ നാട്ടുകാരാണ് മുതലയെ കൊന്നുതിന്നത്. ഗ്രാമവാസികളില്‍ ചിലര്‍ സബേരി നദിയില്‍നിന്ന് മുതലയെ പിടികൂടി പാകംചെയ്തു കഴിക്കുകയായിരുന്നു.
കഴിഞ്ഞദിവസം മുതലയുടെ ആക്രമണത്തില്‍ കൈലാഷ് മാജിയെന്ന 10 വയസുകാരന്‍ മരിച്ചിരുന്നു. രണ്ട് സ്‌കൂള്‍വിദ്യാര്‍ഥികള്‍ ശനിയാഴ്ച കുളിക്കാനായി നദിയിലിറങ്ങിയപ്പോഴാണ് മുതലയുടെ ആക്രമണം ഉണ്ടായത്. കുട്ടികളിലൊരാളായ കൈലാഷ് മാജിയെ ഒരു മുതല വെള്ളത്തിലേക്ക് വലിച്ചുകൊണ്ടുപോയി. പിന്നീട് മുതല കടിച്ച് വികൃതമാക്കിയ കുട്ടിയുടെ മൃതദേഹം നദിയില്‍ പൊങ്ങി. നദിയുടെ പരിസരത്തെത്തുന്ന ആടുകളെയും പശുക്കളെയും മുതലകള്‍ ആക്രമിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് മുതലയെ കൊന്നുതിന്നതെന്നാണ് പറയപ്പെടുന്നത്. നദിയില്‍ മുതലകള്‍ ഏറെയുള്ളതിനാല്‍ ബാലനെ കൊന്ന മുതലയെത്തന്നെയാണോ നാട്ടുകാര്‍ കൊന്നുതിന്നതെന്നു വ്യക്തമല്ല.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് വനംവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഗ്രാമത്തില്‍ ഒരു മുതലയെ നാട്ടുകാര്‍ പിടികൂടി കൊന്നതായി വിവരം ലഭിച്ചെന്ന് ഡിഎഫ്ഒ പറഞ്ഞു. എന്നാല്‍, മുതലയുടെ ശരീരഭാഗങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.



