റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഴീക്കല്‍ ഹാര്‍ബറില്‍ മത്സ്യവ്യാപാരികള്‍ ലേലം ബഹിഷ്‌കരിച്ചു; മത്സ്യതൊഴിലാളികള്‍ പ്രതിസന്ധിയില്‍

June 25, 2020 - 5:25 pm

അഴീക്കല്‍(കൊല്ലം): ട്രോളിങ് നിരോധനവും കൊവിഡ് മഹാമാരിയും കാലാവസ്ഥാ വകുപ്പിന്റെ അലര്‍ട്ടുകളും മൂലം യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് മത്സ്യബന്ധനത്തിന് പുറങ്കടലിലേക്ക് പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ തീരദേശത്ത് വറുതിയുടെ നാളുകളാണ്. പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് മാത്രമാണ് പരിമിതമായ തോതില്‍ മീന്‍ പിടിക്കാന്‍ കടലില്‍ പോകാന്‍ അനുമതിയുള്ളത്. ഇങ്ങനെ പരിമിതമായ തോതില്‍ മീന്‍പിടിക്കുന്ന പാവം മത്സ്യതൊഴിലാളികളെ അഴീക്കല്‍ ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മിറ്റി വലയ്ക്കുന്നതായി ആക്ഷേപം.

ട്രോളിങ് നിരോധനം മൂലം നീണ്ടകര ഹാര്‍ബറില്‍ വള്ളങ്ങള്‍ അടുക്കാത്തതിനാല്‍ സമീപ ജില്ലകളില്‍നിന്നുവരെയുള്ള വള്ളങ്ങള്‍ മീന്‍ വില്‍പ്പന നടത്തുന്നതിന് ആശ്രയിക്കുന്നത് അഴീക്കല്‍ ഹാര്‍ബറിനെയാണ്. നൂറുകണക്കിന് വള്ളങ്ങളാണ് ദിവസവും ഹാര്‍ബറിനെ ആശ്രയിക്കുന്നത്. ഇവിടെനിന്ന് ലേലത്തില്‍ പിടിക്കുന്ന മീന്‍ ജില്ലയില്‍ മാത്രമല്ല സമീപ ജില്ലകളിലേക്കും കയറിപോകുന്നുണ്ട്.

എന്നാല്‍, മത്സ്യവ്യാപാരികള്‍ ഇവിടെ ലേലം ബഹിഷ്‌കരിച്ചിരിക്കുകയാണ്. കാരണം, മത്സ്യം വാഹനങ്ങളില്‍ ലോഡ് ചെയ്യുന്നതിന് മതിയായ സൗകര്യം ഇവിടെയില്ല. ഒരുസമയം നാലോ അഞ്ചോ വാഹനങ്ങളില്‍ മാത്രം മീന്‍ ലോഡ് ചെയ്യുന്നതിനുള്ള സൗകര്യമേ ഇവിടെയുള്ളൂ. ഇതുമൂലം മീന്‍ ലേലംപിടിച്ച വ്യാപാരികള്‍ക്ക് ലോഡ് ചെയ്യുന്നതിന് മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവരുന്നു. ഇത് മീന്‍ ചീത്തയാവുന്നതിന് കാരണമാവുകയാണ്. ഇതിനാലാണ് വ്യാപാരികള്‍ ലേലം ബഹിഷ്‌കരിച്ചത്.

ലേലത്തില്‍പിടിച്ച മീന്‍ വള്ളത്തില്‍തന്നെ പരിസരത്തെ സ്വകാര്യ കടവുകളില്‍ കൊണ്ടുപോയി ലോഡ് ചെയ്യുന്നതിന് ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മിറ്റി അനുവാദം നല്‍കുന്നില്ല. ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മിറ്റിയിലെ പ്രധാനികളുടെ ബിനാമികളാണ് ടോള്‍ ഗേറ്റ് ലേലത്തില്‍ പിടിച്ചിരിക്കുന്നത്. മത്സ്യതൊഴിലാളികള്‍ ലോഡിങിനായി സ്വകാര്യ കടവുകളെ ആശ്രയിച്ചാല്‍ ടോള്‍ഗേറ്റിലെ വരുമാനം ഇല്ലാതാവും. ഇതാണ് ഇവര്‍ തടസ്സം നില്‍ക്കുന്നതിനു കാരണം.

അഴീക്കല്‍ ഹാര്‍ബറില്‍ ഒരേസമയം കൂടുതല്‍ വാഹനങ്ങളില്‍ മീന്‍ ലോഡ് ചെയ്യുന്നതിനും കൂടുതല്‍ ബോട്ടുകള്‍ അടുക്കുന്നതിനുമാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് പലവട്ടം സര്‍ക്കാരിന് നിവേദനങ്ങള്‍ നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

മത്സ്യം ലോഡ് ചെയ്യുന്നതിനായി കായലിന്റെ ഇരുവശങ്ങളിലുമായി നിരവധി സ്വകാര്യ കടവുകള്‍ നിലവിലുണ്ട്. ഇവിടെനിന്ന് എളുപ്പത്തില്‍ മത്സ്യം ലോഡ് ചെയ്യാന്‍ സാധിക്കും. ലോഡിങിലെ സമയനഷ്ടം ഒഴിവാക്കുന്നതിനായി മീന്‍ ലേലത്തിനുശേഷം സ്വകാര്യ കടവുകളില്‍ കൊണ്ടുപോയി ലോഡ് ചെയ്യാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *