കോട്ടയം: കോട്ടയം താഴത്തങ്ങാടി കൊലപാതകക്കേസില്‍ കൊല്ലപ്പെട്ട വീട്ടമ്മ പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബയുടെ ഫോണ്‍ വീടിനടുത്തുനിന്നു ലഭിച്ചതായി പൊലീസ് അറിയിച്ചു. കേസില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചും ക്വട്ടേഷന്‍ സംഘങ്ങളുടെ അക്രമസാധ്യത കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. മോഷ്ടിച്ച കാറുമായി പ്രതി താഴത്തങ്ങാടിയിലെ പ്രധാന റോഡിലേക്കു കയറുന്ന സിസിടിവി കാമറാദൃശ്യം സമീപത്തെ വീട്ടില്‍നിന്നു പോലീസിനു ലഭിച്ചു.
ഇതിനിടെ, ഷീബയ്ക്കൊപ്പം വീട്ടിനുള്ളില്‍വച്ച് ആക്രമണത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന സാലിയുടെ അവസ്ഥ അതീവ ഗുരുതരമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തലയില്‍ മാരകമായി അടിയേറ്റതിനാല്‍ തലയോട്ടിയില്‍ പൊട്ടലുണ്ട്. തലക്കുള്ളില്‍ രക്തസ്രാവമുള്ളതും ആരോഗ്യനില അപകടകരമാക്കുകയാണ്. നെറ്റിയിലെയും മൂക്കിലെയും എല്ലുകള്‍ പൊട്ടിയിട്ടുണ്ട്. മലര്‍ന്നു കിടക്കുന്ന അവസ്ഥയില്‍ ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്ക് അടിക്കുമ്പോഴുണ്ടാവുന്ന മുറിവുകള്‍ പോലെയാണിതെന്ന് ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. പി കെ ബാലകൃഷ്ണന് പറഞ്ഞു.
അതേസമയം ആക്രമണത്തിലും കൊലപാതകത്തിലും കാര്യമായ സൂചനകളൊന്നും ലഭിക്കാതെ പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. കൊലപാതകം നടന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും ആകെ തെളിവായി കിട്ടിയത് കാര്‍ കടത്തിക്കൊണ്ടുപോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മാത്രമാണ്. വൈക്കം വരെ ഈ കാര്‍ പോയിട്ടുണ്ട്. പിന്നീട് ഈ കാര്‍ എങ്ങോട്ടുപോയെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഏതാനും വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് വീട്ടുകാരുടേതുതന്നെ ആണോയെന്ന് തിരിച്ചറിയേണ്ടതുണ്ട്.
തിങ്കളാഴ്ച രാവിലെ ഒമ്പതിനും പത്തിനും ഇടയിലാണ് കൊലപാതകം നടന്നിരിക്കുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. എട്ടുമണിയോടെ മീന്‍വാങ്ങാന്‍ റോഡരികില്‍ എത്തിയ ഷീബയെ അയല്‍വാസികള്‍ കണ്ടിരുന്നു. പിന്നെ, പത്തുമണിയോടെ കാര്‍ വീട്ടില്‍നിന്നു കടത്തിക്കൊണ്ടുപോവുന്ന ദൃശ്യമാണ് തെളിവായി ലഭിച്ചിട്ടുള്ളത്. ഒരു മണിക്കൂറോളം പ്രതി വീടിനുള്ളില്‍ ചെലവഴിച്ചതായതായി പൊലീസ് വ്യക്തമാക്കുന്നു. വീട്ടുകാരുമായി അടുപ്പത്തിലുള്ളവരാവാം കൊലയാളി എന്നാണ് പൊലീസ് നിഗമനം.
സാലിക്കിന്റെ നിലയില്‍ കാര്യമായ പുരോഗതിയില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നത്. ഷീബയുടെ തലയ്ക്കേറ്റ ആഘാതം മൂലം ഉണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. വീട്ടിലെ അലമാരകള്‍ കൊലയാളി തിരഞ്ഞിരുന്നു. സ്വര്ണത്തിനോ പണത്തിനോ ആണോ തിരച്ചില്‍ നടത്തിയതെന്ന് അറിവായിട്ടില്ല. അലമാരിയിലെ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ സാധനങ്ങളും വാരിവലിച്ചിട്ടിരുന്നു.

