തൃശ്ശൂര്‍: ജില്ലയിലെ വിവിധ മാർക്കറ്റുകളിലും മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ഇറച്ചി വില ഏകീരിച്ച് ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിറക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയുളള വിലനിലവാരം കോഴി ജീവനോടെ -150, കോഴി ഇറച്ചി -210, കാളയിറച്ചി -320, പോത്തിറച്ചി-340, ആട്ടിറച്ചി -620 എന്നിങ്ങനെയായിരിക്കും. ക്രമാതീതമായി വില വർദ്ധിച്ചതായി ഉപഭോക്താക്കളിൽ നിന്നും പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് കളക്ടറുടെ ഉത്തരവ്. പരാതികളുടെ അടിസ്ഥാനത്തിൽ ജില്ലയിലെ ഇറച്ചി വ്യാപാരികൾ, കോഴിക്കച്ചവടക്കാർ എന്നിവരുടെ സംഘടനാ പ്രതിനിധികളുമായി ജില്ലാ കളക്ടർ എസ് ഷാനവാസ് ചർച്ച നടത്തിയിരുന്നു.
ഈ വിലയിൽ മാത്രമേ വ്യാപാരികൾ ഇറച്ചി വില്പന നടത്താവൂ എന്നും വില വിവരം എല്ലാ കടകളിലും പൊതുജനങ്ങൾക്ക് കാണത്തക്കവിധത്തിൽ പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഈ വിലയിൽ കൂടുതൽ വിൽപ്പന നടത്തുന്ന വ്യാപാരികൾക്കെതിരെ 1955ലെ അവശ്യസാധന നിയമപ്രകാരം കേസെടുക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. സിവിൽ സപ്ലൈസ് വകുപ്പ്, ലീഗൽ മെട്രോളജി, ആരോഗ്യം, ഫുഡ് സേഫ്റ്റി വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പോലീസ് എന്നീ വകുപ്പുകൾ ഉത്തരവ് നടപ്പിലാക്കുന്നത് ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.