ഇസ്‌ലാമാബാദ്: കറാച്ചിയില്‍ തകര്‍ന്നുവീണ പാക് വിമാനം മൂന്നുതവണ ലാന്‍ഡിങിനു ശ്രമിച്ചിരുന്നു. വിമാനദുരന്തത്തില്‍ ആകെ മരണം 97 ആയി. മരിച്ചവരില്‍ 19 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രക്ഷപ്പെട്ടത് രണ്ടുപേര്‍ മാത്രമാണ്. ലാഹോറില്‍നിന്നുള്ള വിമാനത്തില്‍ 91 യാത്രക്കാരടക്കം 99 പേരായിരുന്നു ഉണ്ടായിരുന്നത്. തകര്‍ന്നു വീഴുന്നതിനുമുമ്പ് മൂന്നുതവണ ലാന്റിങിനു ശ്രമിച്ചതായി രക്ഷപ്പെട്ടവര്‍ പറഞ്ഞു. പൈലറ്റ് അയച്ച അവസാന സന്ദേശത്തില്‍ എന്‍ജിന് സാരമായ തകരാര്‍ സംഭവിച്ചെന്നു പറഞ്ഞതായി പാക് സര്‍ക്കാര്‍ അറിയിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന് കറാച്ചി വിമാനത്താവളം അടച്ചു. കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുനല്‍കി ദിവസങ്ങള്‍ക്കുമുമ്പാണ് പാകിസ്താന്‍ വിമാനസര്‍വീസിന് അനുമതി നല്‍കിയത്. വിമാനാപകത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. 11 നാട്ടുകാര്‍ക്കും പരുക്കേറ്റു.