മുംബൈ: കൊവിഡ്- 19 ബാധയില്‍ മരിച്ചയാളുടെ ശരീരം സംസ്കരിച്ചാല്‍ പരിസരത്ത് രോഗാണു പടരുമെന്നതിന് ശാസ്ത്രീയ തെളിവില്ലെന്ന് മുംബൈ ഹൈക്കോടതി നിരീക്ഷിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ബാന്ദ്ര(വെസ്റ്റ്)യിലെ കബര്‍സ്ഥാനില്‍ അടക്കംചെയ്യാന്‍ ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്പറേഷന്(ബിഎംസി) നല്കിയ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നല്കിയ ഹര്‍ജികള്‍ ബോംബെ ഹൈക്കോടതി കൂട്ടത്തോടെ തള്ളി.
പ്രദേശവാസികള്‍ സംഘടിച്ച് ശ്മശാനത്തിലെ ഗേറ്റില്‍ സ്ഥാപിച്ച പൂട്ട് നീക്കംചെയ്യാനും ബിഎംസിക്ക് കോടതി നിര്‍ദേശം നല്കി. ഹര്‍ജിക്കാരില്‍നിന്ന് കോടതിച്ചെലവ് ഈടാക്കാവുന്നതാണെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് അങ്ങനെ ചെയ്യുന്നില്ലെന്നും കോടതി പറഞ്ഞു. ഏപ്രില്‍ 13നാണ് ഇവര്‍ ഗേറ്റ് താഴിച്ചുപൂട്ടിയത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ശരീരം ശ്മശാനത്തില്‍ സംസ്കരിക്കുന്നതിനെതിരേ പ്രതിഷേധം നടത്തിയശേഷമായിരുന്നു ഇത്.

