കേരളത്തില്‍ ശക്തമായ വൈറസ് ആക്രമണസാധ്യതയെന്ന്; മുന്‍കരുതല്‍ നടപടികളുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ധിക്കാന്‍ സാധ്യത ഏറെയാണെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസിന്റെ ആക്രമണം ഉണ്ടായേക്കാം. ഇതിലേക്ക് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. കേരളത്തില്‍ ഇപ്പോഴുള്ള മഴ രോഗവ്യാപനം കൂടാന്‍ കാരണമായേക്കാം. അന്തരീക്ഷ ഊഷ്മാവ് കുറയുന്നത് കോവിഡ് പടരാനുള്ള സാധ്യത വര്‍ധിപ്പിക്കും. കോ വിഡിന്റെ ചെറിയ ലക്ഷണങ്ങള്‍ ഉള്ളവരെപോലും പരിശോധനയ്ക്ക് വിധേയരാക്കണമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

ചെന്നൈയില്‍നിന്ന് വയനാട്ടിലെത്തിയ ആളില്‍നിന്ന് രോഗം പകര്‍ന്നത് 15 പേരിലേക്കാണ്. മുംബൈയില്‍നിന്ന് കാസര്‍കോട്ട് എത്തിയ ആളില്‍നിന്ന് അഞ്ചു പേരിലേക്കും രോഗം പകര്‍ന്നു. വൈറസിന് ജനിതകമാറ്റം സംഭവിച്ചതിനാലാവാം ഇതെന്നാണ് വിദഗ്ധര്‍ പറയുന്നത്. കോവിഡ് പരിശോധനയില്‍ ദേശീയ ശരാശരിയെക്കാള്‍ പിന്നിലാണ് കേരളമെന്നും മേയ് ആദ്യം രോഗികളുടെ എണ്ണം കുറഞ്ഞത് ചെറിയ ലക്ഷണങ്ങള്‍ ഉള്ളവരുടെ പരിശോധന ഒഴിവാക്കിയതിനാലാണെന്നും വിദഗ്ധര്‍ പറയുന്നു. മറ്റ് സംസ്ഥാനങ്ങളിലെ റെഡ്സോണുകളില്‍നിന്ന് കൂടുതല്‍പേര്‍ കേരളത്തിലേക്ക് എത്തുന്നുണ്ട്. ഇത് കേരളത്തില്‍ രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Share
അഭിപ്രായം എഴുതാം