ലണ്ടന്‍: കൊറോണ രോഗികളെ തിരിച്ചറിയുവാന്‍ നായകളെ ഉപയോഗിച്ച് കഴിയുമോ എന്ന പരിശോധനയിലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. കാന്‍സര്‍, മലേറിയ, പാര്‍ക്കിന്‍സന്‍സ് തുടങ്ങിയ രോഗമുള്ളവരുടെ ശരീരം നായകളെക്കൊണ്ട് മണത്തു നോക്കി തിരിച്ചറിയുന്ന രീതിയുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് കൊറോണ രോഗികളെ തിരിച്ചറിയുവാന്‍ നായകള്‍ക്ക് കഴിയുമോ എന്ന പരിശോധന ആരംഭിച്ചിരിക്കുന്നത്. രോഗബാധയുണ്ടായി ദിവസങ്ങള്‍ക്കു ശേഷമാണ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നത്. ചില കേസുകളില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറേയില്ല. എന്നാല്‍ ഈ ഘട്ടത്തില്‍ രോഗം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊണ്ടിരിക്കും. ഈ അപകട സാഹചര്യം നായകളുടെ മണം പിടിക്കാനുള്ള കഴിവ് ഉപയോഗപ്പെടുത്തി മറികടക്കാന്‍ കഴിയുമോ എന്ന പരീക്ഷണത്തിലാണ് ഇംഗ്ലണ്ട്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ ഗവേഷകരും ദര്‍ഹാം യൂണിവേഴ്‌സിറ്റിയിലെ ചാരിറ്റി മെഡിക്കല്‍ ഡിറ്റക്ഷന്‍ നായകളും ചേര്‍ന്നാണ് പ്രോജക്ട് നടപ്പാക്കുന്നത്. ആരോഗ്യ മന്ത്രാലയം അഞ്ചു ലക്ഷം പൗണ്ട് അനുവദിച്ചിട്ടുണ്ട്.
ശരീരത്തിന്റെ ഗന്ധത്തില്‍ നിന്ന് നായകള്‍ക്ക് കൊറോണ ബാധയുള്ള ആളെ വേര്‍ത്തിരിച്ചറിയാന്‍ കഴിയുമോ എന്ന പരിശോധനയാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്. കാന്‍സറും മലേറിയയും പോലുള്ള രോഗം ബാധിച്ചവരുടെ ശരീരത്തിന്റെ പ്രത്യേക ഗന്ധം തിരിച്ചറിയുന്നതിന് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ചാരിറ്റി മെഡിക്കല്‍ ഡിറ്റക്ഷന്‍ വിഭാഗത്തിലെ നായകള്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. വിജയകരമായി നായകള്‍ രോഗികളെ തിരിച്ചറിയുന്നുമുണ്ട്. കൊറോണ ബാധിതര്‍ക്ക് സവിശേഷമായ ഗന്ധമുണ്ടാകുമെന്ന് ഉറപ്പാണ്. അത് തിരിച്ചറിയുവാന്‍ നായകളെ പരിശീലിപ്പിച്ചാല്‍ ആരോഗ്യ വകുപ്പ് നേരിടുന്ന വലിയൊരു പ്രശ്‌നത്തിന് പരിഹാരമാകും. ലാബ്രഡോര്‍/ പോക്കര്‍ പേനിയല്‍സ് എന്നിവയുടെ സങ്കരയിനത്തില്‍ പെട്ട നായകളാണ് ഈ ജോലി വിദഗ്ദ്ധമായി ചെയ്യുന്നത്. പരീക്ഷണത്തിന്റെ ആദ്യഘട്ടമായി ലണ്ടന്‍ ആശുപത്രികളിലെ കൊറോണ രോഗികളുടെ ശരീര ഗന്ധത്തിന്റെ സാമ്പിള്‍ ശേഖരിക്കലാണ് ചെയ്യുന്നത്. രോഗമില്ലാത്തവരുടെ സാമ്പിളും ഇതും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുവാന്‍ ആറ് അംഗങ്ങള്‍ അടങ്ങിയ ഡോഗ് സ്‌ക്വാഡിനെ പഠിപ്പിക്കലാണ് അടുത്ത ഘട്ടം. പത്തു വര്‍ഷങ്ങളായി നായകളെ ഉപയോഗിച്ചുള്ള രോഗ നിര്‍ണയത്തിന്റെ അനുഭവ പരിജ്ഞാനം യൂണിവേഴ്‌സിറ്റിക്കുണ്ട്. കൊറോണ ഗന്ധത്തിന്റെ കാര്യത്തില്‍ പരിശീലനം കൊടുക്കാന്‍ കഴിഞ്ഞാല്‍ ഒരു മണിക്കൂറില്‍ 250 ആളുകളെ നായ പരിശോധിക്കും. ഒരു നീന്തല്‍ കുളത്തിലെ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ പഞ്ചസാര കലര്‍ത്തിയ ശേഷം എടുക്കുന്ന സാമ്പിളിലെ പഞ്ചസാരയുടെ ഗന്ധം തിരിച്ചറിയാന്‍ കഴിയുന്ന പരിശീലനമാണ് നായകള്‍ക്ക് ലഭിച്ചിട്ടുള്ളത്. ശ്വസകോശ രോഗികളുടെ ശരീര ഗന്ധം തിരിച്ചറിയുന്നതില്‍ നേടിയിട്ടുള്ള അനുഭവ പരിജ്ഞാനം കൊറോണുടെ കാര്യത്തില്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് ട്രോപിക്കല്‍ മെഡിസിന്‍ വിഭാഗത്തിന്റെ തലവന്‍ പ്രൊഫസര്‍ ജെയിംസ് ലോഗന്‍ പറഞ്ഞു.
ഇത് വിജയിച്ചാല്‍ മനുഷ്യജീവിതത്തില്‍ നായകളുടെ പങ്ക് വീണ്ടും പ്രസക്തമാകുമെന്ന് കരുതാം.

