തിരുവനന്തപുരം: കേരളത്തില്‍ 11 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള നാലു പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മൂന്നു പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള രണ്ടുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. ഇവരില്‍ ഏഴ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും രണ്ട് പേര്‍ വീതം തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ ആയിരുന്ന നാലുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും രണ്ട് പേരുടെ വീതം പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 87 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്. 497 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
എയര്‍പോര്‍ട്ട് വഴി 2911 പേരും സീപോര്‍ട്ട് വഴി 793 പേരും ചെക്ക് പോസ്റ്റ് വഴി 50,320 പേരും റെയില്‍വേ വഴി 1021 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 55,045 പേരാണ് എത്തിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 56,981 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 56,362 പേര്‍ വീടുകളിലും 619 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 182 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 43,669 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ ലഭ്യമായ 41,814 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 4764 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4644 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
ഇന്ന് ആറ് പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി. കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം, കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റികള്‍, കള്ളാര്‍, ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, കരുണാപുരം, വയനാട് ജില്ലയിലെ തവിഞ്ഞാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 22 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
കോഴിക്കോട് ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട് ജില്ലയില്‍ ഇന്ന് (16.05.20) മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. കുവൈത്തില്‍ നിന്നെത്തിയ ഓമശ്ശേരി സ്വദേശി (51), പേരാമ്പ്ര സ്വദേശി (55), ചെന്നൈയില്‍ നിന്ന് വന്ന നരിപ്പറ്റ സ്വദേശി (43) എന്നിവര്‍ക്കാണ് പരിശോധനാ ഫലം പോസിറ്റീവ് ആയത്.
ആദ്യത്തെ രണ്ടു പേരും മെയ് 13 ന് കുവൈത്തില്‍ നിന്ന് കരിപ്പൂരില്‍ എത്തിവരാണ്. വിമാനത്താവളത്തില്‍ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ ഓമശ്ശേരിയില്‍ എത്തിച്ച് അവിടെ കോവിഡ് കെയര്‍ സെന്ററില്‍ നീരീക്ഷണത്തിലായിരുന്നു. ഓമശ്ശേരി സ്വദേശി (51) ക്ക് 14-ാം തിയ്യതിയും പേരാമ്പ്ര സ്വദേശി (55) ക്ക് 15-ാം തിയ്യതിയും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെ വ്യക്തി നരിപ്പറ്റ സ്വദേശി (43) മെയ് 9 ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് 10 ന് രാവിലെ വാളയാറില്‍ എത്തുകയും പാസില്ലാത്തതിനാല്‍ അവിടെ വൈകുന്നേരം വരെ തങ്ങുകയും ചെയ്തു. തുടര്‍ന്ന് പോലീസ് സജ്ജമാക്കിയ വാഹനത്തല്‍ പുറപ്പെട്ട് മെയ് 11 ന് രാവിലെ 10.30 ന് നരിപ്പറ്റയിലെത്തി വീട്ടില്‍ നീരീക്ഷണത്തിലായിരുന്നു. 13 ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. മൂന്ന് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 31 ആയി. ഇവരില്‍ 24 പേര്‍ക്ക് രോഗമുക്തരായി ആശുപത്രി വിട്ടു. നിലവില്‍ ഏഴ് കോഴിക്കോട് സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു കാസര്‍ഗോഡ് സ്വദേശിയുമാണ് കോവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലുള്ളത്.
ഇന്ന് 52 സ്രവ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ആകെ 2754 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2648 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2609 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 206 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
മലപ്പുറം ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത് 11 പേര്‍
കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തിയ ഒമ്പത് പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. മുംബൈയില്‍ നിന്നെത്തിയ രണ്ട് പേരും ചികിത്സയിലുണ്ട്. ഇവരുള്‍പ്പടെ 33 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ നാല് മാസം പ്രായമായ കുട്ടി മാത്രമാണ് രോഗബാധിതയായിരിക്കെ മരിച്ചത്. 21 പേര്‍ക്ക് വിദഗ്ധ ചികിത്സയ്ക്കു ശേഷം രോഗം ഭേദമായി. ഇതില്‍ തുടര്‍ ചികിത്സയിലിരിക്കെ ഒരാള്‍ മരിച്ചു. 20 പേരാണ് രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്.
85 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 85 പേരുടെ സാമ്പിള്‍ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ ഇതുവരെ 2,683 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 80 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
ജില്ലയില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി തുടരുന്നു
• ഇന്നലെ കണ്‍ട്രോള്‍ സെല്ലുമായി ഫോണില്‍ ബന്ധപ്പെട്ടവര്‍ – 247
• നിരീക്ഷണത്തിലുള്ളവര്‍ പൊതു സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടോയെന്ന് 2,194 ദ്രുത കര്‍മ്മ സംഘങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കുന്നു.
• മാനസിക പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്നലെ വിദഗ്ധ സംഘത്തിന്റെ സേവനം ലഭ്യമാക്കിയത് – 356
• കൗണ്‍സലിങ് നല്‍കിയത് – മൂന്ന്
• നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായി പാലിയേറ്റീവ് നഴ്‌സുമാര്‍ ഇന്നലെ കണ്ടെത്തിയ മുതിര്‍ന്ന പൗരന്മാര്‍ – 125
• നിരീക്ഷണത്തിലുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് കോണ്ടാക്ട് ട്രെയ്സിംഗ് വിഭാഗം ഫോണില്‍ ബന്ധപ്പെട്ട് വിവിരങ്ങള്‍ ശേഖരിച്ചുവരുന്നു.

