ഡല്‍ഹി: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന 17 പേര്‍ ട്രെയിന്‍ ഇടിച്ച് മരിച്ച സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി. അപകടത്തിന്റെ സ്ഥിതിഗതികള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും ഇതുസംബന്ധിച്ച ചര്‍ച്ച കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലുമായി നടത്തിയതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അപകടം അത്യന്തം വേദനാജനകം എന്നാണ് അദ്ദേഹം അപകടത്തെക്കുറിച്ച് കുറിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 6.15ഓടെയാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന 17 ഇതരസംസ്ഥാന തൊഴിലാളികള്‍ ചരക്ക് ട്രെയിനിടിച്ച് മരിച്ചത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ടായിരുന്നു. തൊഴിലാളികള്‍ ട്രാക്കില്‍ കിടന്നുറങ്ങുന്നതുകണ്ട് ട്രെയിന്‍ നിര്‍ത്താന്‍ ലോക്ക് പൈലറ്റ് ശ്രമിച്ചെങ്കിലും സാധിച്ചില്ല എന്നാണ് റെയില്‍വേ നല്‍കിയ വിശദീകരണം. സംഭവത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയതായും സംഭവത്തില്‍ അന്വേഷണം നടക്കുന്നുവെന്നും റെയില്‍വേ മന്ത്രാലയവും പ്രതികരിച്ചു.