ന്യൂഡല്‍ഹി ഏപ്രിൽ 26: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കാല്‍ലക്ഷം കടന്നു. ഇന്നു രാവിലെ കേന്ദ്ര അഭ്യന്തര മന്ത്രാലയം പുറത്തു വിട്ട കണക്കനുസരിച്ച് കൊവിഡ് രാേഗികളുടെ എണ്ണം 26,496 ആയി. ഇതുവരെ 824 പേരാണ് ഇന്ത്യയില്‍ കൊവിഡ് മൂലം മരിച്ചത്. 5804 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 1990 കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ വന്നതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 24 മണിക്കൂറിനുള്ളില്‍ 49 കൊവിഡ് രോഗികള്‍ മരണപ്പെടുകയും ചെയ്തു.
സംസ്ഥാനത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത്. 7628 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.ഗുജറാത്ത് – 3071, ഡല്‍ഹി – 2625, രാജസ്ഥാന്‍ – 2083, മദ്ധ്യപ്രദേശ് – 1945, തമിഴ്നാട് – 1821, ഉത്തര്‍പ്രദേശ് – 1794, ആന്ധ്രാപ്രദേശ് – 1016 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് രോഗികളുടെ എണ്ണം.
രാജ്യത്ത് ലോക്ക് ഡൗണ്‍ നടപ്പാക്കിയതുമൂലം കൊവിഡ് വ്യാപനം വന്‍തോതില്‍ കുറയ്ക്കാനായെന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തി. മാര്‍ച്ച് 24ന് രോഗ വ്യാപനതോത് 21 ശതമാനമായിരുന്നു. ഇന്നത് 5.8 ശതമാനത്തിലെത്തി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ വര്‍ദ്ധനയാണ്. എന്നാല്‍, മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്നാട്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ രോഗ വ്യാപന തോത് കടുത്ത ആശങ്ക ഉണ്ടാക്കുന്നുണ്ട്.