കോവിഡ് 19 ലാംപ്, പി സി ആര്‍ ടെസ്റ്റുകള്‍ക്കായി മാഗ്‌നറ്റിക് നാനോ പാര്‍ട്ടിക്കിള്‍ അടിസ്ഥാനമാക്കിയുള്ള പരിശോധന കിറ്റ് വികസിപ്പിച്ച് ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡൽഹി: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി (എസ് സി ടി ഐ എം എസ് ടി) ആര്‍ എന്‍ എ വേര്‍തിരിച്ചെടുക്കുന്നതിന് സഹായകമായ ‘ചിത്ര മാഗ്ന’ എന്ന പരിശോധന കിറ്റ് വികസിപ്പിച്ചു. കോവിഡ് 19 പരിശോധനയ്ക്കായി ലഭിക്കുന്ന സ്രവങ്ങളില്‍ നിന്ന് ആര്‍ എന്‍ എ വേര്‍തിരിച്ച് എടുക്കുന്നതിനായുള്ള നൂതനമായ സാങ്കേതിക വിദ്യയാണ് ഇത്.

ഈ സംവിധാനത്തില്‍ രോഗിയുടെ സാമ്പിളില്‍ നിന്ന് ആര്‍ എന്‍ എ വേര്‍തിരിച്ചെടുക്കുന്നതും വിഘടിക്കാതെ സൂക്ഷിക്കുന്നതും മാഗ്‌നറ്റിക് നാനോ പാര്‍ട്ടിക്കിളുകളുടെ സഹായത്താലാണ്. ഇത് ശ്രദ്ധേയമായ നേട്ടമാണെന്നാണ് വിലയിരുത്തല്‍. കാരണം രോഗികളുടെ സാമ്പിള്‍ സംഭരിക്കുമ്പോഴും മറ്റു രാസ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും ചില ആര്‍ എന്‍ എ-കള്‍ വിഘടിച്ചു പോകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇതെല്ലാം കാന്തിക സ്വഭാവമുള്ള വേര്‍തിരിച്ചെടുക്കല്‍ സാങ്കേതിക വിദ്യയിലൂടെ പിടിച്ചെടുക്കാന്‍ കഴിയും.

ഇറക്കുമതി ചെയ്ത പരിശോധനാ കിറ്റുകളേക്കാള്‍ ലളിതമായ ഈ സാങ്കേതിക വിദ്യക്ക് പേറ്റന്റ് ലഭിക്കാനുള്ള നടപടികള്‍ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചിട്ടുണ്ട്.

ലാംപ് പരിശോധനയ്ക്കു മാത്രമല്ല, ആര്‍ ടി – പി സി ആര്‍ പരിശോധനയ്ക്കും രോഗിയുടെ സാമ്പിളില്‍ നിന്ന് ആര്‍ എന്‍ എ കൃത്യമായി വേര്‍തിരിച്ചെടുക്കാന്‍ ‘ചിത്ര മാഗ്‌ന’ ഉപയോഗിക്കാനാകും. കൃത്യമായ അളവില്‍ വൈറല്‍ ആര്‍ എന്‍ എ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പി സി ആര്‍ അല്ലെങ്കില്‍ ലാംപ് പരിശോധനയുടെ ഫലം എന്നതിനാല്‍ ഈ പുതിയ സാങ്കേതിക വിദ്യ കോവിഡ് പോസിറ്റീവ് കേസുകള്‍ തിരിച്ചറിയാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കുറച്ചെണ്ണം ഒഴികെ, ഭൂരിഭാഗം ആര്‍ എന്‍ എ ഐസൊലേഷന്‍ കിറ്റുകളും ഇറക്കുമതി ചെയ്യുന്നതാണ്. കിറ്റുകളുടെ ലഭ്യത പലപ്പോഴും രാജ്യമെമ്പാടുമുള്ള ആര്‍ ടി – പി സി ആര്‍ പരിശോധനയ്ക്കു തടസ്സമാകാറുണ്ട്.

‘ചിത്ര മാഗ്‌ന’യുടെ സാങ്കേതിക വിവരങ്ങള്‍ എറണാകുളത്തെ അഗാപ്പേ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡിനു കൈമാറി. ഡോ. അനൂപ് തെക്കുവീട്ടിലും സംഘവുമാണ് ‘ചിത്ര മാഗ്‌ന’യുടെ സാങ്കേതിക വിദ്യ വികസിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →