അബുദാബി ഏപ്രിൽ 23: പ്രമുഖ മലയാളി വ്യവസായി എം എ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന്റെ ഇരുപതുശതമാനം ഓഹരികള്‍ ഏറ്റെടുത്ത് അബുദാബി രാജകുടുംബം. 7600 കോടി രൂപയുടെ ഓഹരിയാണ് അവര്‍ വാങ്ങിച്ചത്. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സുപ്പര്‍ മാര്‍ക്കറ്റ് ശൃഖലകളിലൊണ് അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍.
ഗള്‍ഫ് മേഖലയില്‍ ഓയ്ല്‍ ബൂം വരുന്നതിന് മുൻപേ റീറ്റെയ്ല്‍ രംഗത്ത് കാലുറപ്പിച്ച പ്രവാസി മലയാളിയാണ് എം എ യൂസഫലി. ഗള്‍ഫ് യുദ്ധകാലത്തും ആ രാജ്യത്തെ വിട്ടുപോകാതിരുന്ന യൂസഫലി പിന്നീട് ലോകമെമ്പാടും പടര്‍ന്നു പന്തലിച്ച റീറ്റെയ്ല്‍ ബിസിനസ് കെട്ടിപ്പടുക്കുകയായിരുന്നു.
അബുദാബി രാജകുടുംബത്തെ സംബന്ധിച്ച് എണ്ണ ഇതര മേഖലയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ട സാഹചര്യമാണിപ്പോള്‍. അന്താരാഷ്ട്ര തലത്തിലെ എണ്ണ വില ഇടിവും കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യവും എല്ലാ ബിസിനസുകളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. എണ്ണ ഇതര മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് അബുദാബി രാജകുടുംബം ലുലു ഗ്രൂപ്പില്‍ ഇപ്പോള്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. വന്‍ നിക്ഷേപം നടത്തിയെങ്കിലും ലുലുവിന്റെ നടത്തിപ്പില്‍ റോയല്‍ ഗ്രൂപ്പ് പ്രത്യക്ഷമായി ഇടപെടില്ലെന്നാണ് സൂചന. എന്നാല്‍ ഇതേ കുറിച്ച് ലുലു ഗ്രൂപ്പ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.