പത്തനംതിട്ട : ചൊവ്വാഴ്ച കൊടുമണ്‍ വടക്കേക്കരയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ സഹപാഠികളായ രണ്ടുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളികള്‍ പോലീസിനോട് പറഞ്ഞ കാര്യങ്ങള്‍ കളവാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. വഴക്കിനിടെ അബദ്ധത്തില്‍ വലിച്ചെറിഞ്ഞ കല്ലുകൊണ്ട് മരിച്ചുവെന്നും മൃതദേഹം പെട്ടെന്ന് ചീഞ്ഞു പോകാന്‍ വേണ്ടി കഴുത്ത് കോടാലികൊണ്ട് വെട്ടി മുറിച്ചു എന്നുമായിരുന്നു ചൊവ്വാഴ്ച പ്രതികള്‍ പോലീസിനോടും അവിടുത്തെ നാട്ടുകാരോടും കുറ്റസമ്മതം നടത്തിയത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് കഴുത്തിനു പിന്നില്‍ ഏറ്റ ആഴമുള്ള മുറിവില്‍ നിന്നാണ് മരണമെന്ന് തെളിഞ്ഞു. കഴിഞ്ഞവര്‍ഷംവരെ സഹപാഠിയും സുഹൃത്തുമായിരുന്ന അഖിലിനെ കൊലപ്പെടുത്തുന്നതിന് പ്രതികള്‍ രണ്ടുപേരും മികച്ച ആസൂത്രണം നടത്തിയിരുന്നു എന്നും വ്യക്തമാക്കുകയാണ്.
മദ്യത്തിനും മയക്കുമരുന്നിനും അടിമയായി സ്വബോധവും മനുഷ്യത്വവും നഷ്ടപ്പെട്ട നിലയില്‍ വളര്‍ന്ന ഇരുവരുടെയും മനസ്സ് രക്തമുറയുന്ന തരം കുറ്റവാസനകളുടെ ഉറവിടമായിരുന്നു.
കുറ്റവാളികളില്‍ ഒരാള്‍ തയ്യാറെടുപ്പ് എന്ന നിലയില്‍ തലമൊട്ടയടിച്ച് വില്ലന്‍വേഷം കെട്ടുകയുണ്ടായി. കഞ്ചാവിനും മദ്യത്തിനും അടിമകളായിരുന്നു കുറ്റവാളികള്‍ രണ്ടുപേരും. കഞ്ചാവിനും മദ്യത്തിനും പണം കണ്ടെത്തുന്നതിനായി ആസൂത്രണം ചെയ്ത് മോഷണവും നടത്തിയിരുന്നു. വിദ്യാര്‍ഥികളും പ്രായം കുറഞ്ഞവരുമെന്ന പരിഗണനയില്‍ ഈ കേസെല്ലാം ഒതുക്കി തീര്‍ക്കുകയാണ് ഉണ്ടായത്. കഞ്ചാവ് ഉപയോഗവും മദ്യപാന ശീലവും മൂലം മുമ്പു പഠിച്ചിരുന്ന സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. രണ്ടാമത് പഠിച്ച സ്‌കൂളിലും ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനും മറ്റ് ശിക്ഷാ നടപടികളും നല്‍കിയിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായി സ്വബോധവും മനുഷ്യത്വവും നഷ്ടപ്പെട്ട നിലയില്‍ വളര്‍ന്ന ഇരുവരുടെയും മനസ്സ് രക്തമുറയുന്ന തരം കുറ്റവാസനകളുടെ ഉറവിടമായിരുന്നു. ഓണ്‍ലൈനായി ഗെയിം കളിക്കുന്നതിനിടയില്‍ അഖില്‍ നടത്തിയ കമന്റാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കുറച്ചുദിവസം മുമ്പ് ഇതിനുള്ള പദ്ധതി തയ്യാറാക്കി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മുന്‍പ് നിശ്ചയിച്ചിരുന്ന സ്ഥലത്തേക്ക് അഖിലിനെ കൊണ്ടുവരികയായിരുന്നു. വീട്ടില്‍ ചെന്ന് അഖിലിനെ കൂട്ടി രണ്ട് സൈക്കിളിലാണ് ഇവര്‍ അവിടെ എത്തിയത്. ആളൊഴിഞ്ഞ കാടുപിടിച്ചു കിടക്കുന്ന റബ്ബര്‍ തോട്ടമാണ് കൊലപാതക സ്ഥലമായി പ്രതികള്‍ നേരത്തെ നിശ്ചയിച്ച് ഉറപ്പിച്ചിരുന്നത്. പദ്ധതിയെപ്പറ്റി യാതൊരു സംശയവും അഖിലിന് നല്‍കിയിരുന്നില്ല. അകലവും കാണിച്ചിരുന്നില്ല. പഴയ സൗഹൃദത്തില്‍ വിശ്വസിച്ചാണ് അഖില്‍ ഒപ്പം എത്തിയത്. കല്ലിന് എറിഞ്ഞു വീഴ്ത്തുകയും കോടാലികൊണ്ട് കഴുത്തിന് മുന്‍വശവും പിന്‍വശവും വെട്ടി മുറിവേല്‍പ്പിക്കുകയും ചെയ്തു. മരണം ഉറപ്പാക്കിയതിനുശേഷം കാട്ടില്‍ മണ്ണ് നീക്കി മൃതദേഹം കമഴ്ത്തി കിടത്തി മൂടാന്‍ നോക്കി. ആഴമുള്ള കുഴിയല്ലാത്തതിനാല്‍ പൊന്തി നിന്ന ശരീരം മുഴുവന്‍ മറക്കുന്നതിനായി തൊട്ടടുത്ത മണ്‍തിട്ട ഇടിച്ച് കൊണ്ടു വന്നിട്ടാണ് മൂടിയത്.

നാട്ടുകാരില്‍ ചിലര്‍ക്ക് സംശയം തോന്നി കാട്ടു പ്രദേശത്തേക്ക് ചേര്‍ന്നതോടെയാണ് കൊടുംക്രൂരത പുറംലോകമറിഞ്ഞത്. അവിടെ ചെന്ന അനീഷ് എന്ന ഷാപ്പ് ജീവനക്കാരന്‍ കാര്യം മനസ്സിലാക്കി പെട്ടെന്ന് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. യാതൊരു വികാരവും ഇല്ലാതെ അവന്‍ മരിച്ചു കഴിഞ്ഞു എന്നാണ് അപ്പോള്‍ അറിയിച്ചത്. വളരെ നിസ്സാര മട്ടിലാണ് അരുംകൊല നടത്തിയതിനുശേഷം അവര്‍ പെരുമാറിയത്. പോലീസെത്തി മൃതദേഹം എടുക്കുമ്പോഴും ഭയമോ ആകുലതകളോ പെരുമാറ്റത്തില്‍ ഉണ്ടായിരുന്നില്ല. തലമൊട്ടയടിച്ച് കൈകെട്ടി വില്ലന്‍ ശൈലി അനുകരിച്ച് നിസ്സാര ഭാവത്തോടെ ഒരാള്‍ നില്‍ക്കുകയായിരുന്നു. മറ്റേയാള്‍ വികാരമൊന്നുമില്ലാതെ മണ്ണ് നീക്കി മൃതദേഹം കാട്ടിക്കൊടുത്തു. യാതൊരു കുറ്റബോധവും സംഭ്രമവും ഇല്ലാതെ ഉടനീളം പെരുമാറിയ കുട്ടികുറ്റവാളികള്‍ പോലീസിനെ കളവു പറഞ്ഞു വഴി തെറ്റിക്കാന്‍ ശ്രമിച്ചു. അബദ്ധത്തില്‍ കല്ലെറിഞ്ഞത് ചെന്നു കൊണ്ടാണ് മരിച്ചതെന്നും ഭയന്നിട്ടാണ് മൃതദേഹം കുഴിച്ചുമൂടിയത് എന്നും ആയിരുന്നു കഥ. വേഗം ചീഞ്ഞു പോകുന്നതിനു വേണ്ടിയാണ് പിന്നീട് കഴുത്ത് മുറിപ്പെടുത്തിയതെന്നും കൂട്ടിച്ചേര്‍ത്തു.
കൊടുമണ്ണിലെ സംഭവം സമൂഹത്തിനുമുന്നില്‍ ഗൗരവമുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. മയക്കുമരുന്നും കഞ്ചാവും സ്‌കൂള്‍ കുട്ടികള്‍ക്ക് സുലഭമായി ലഭിക്കുന്ന സാഹചര്യം കേരളത്തില്‍ ഉണ്ട് . ഇത് പിഴുതുമാറ്റാന്‍ കഴിഞ്ഞിട്ടില്ല. രക്ഷാകര്‍ത്താക്കള്‍, അധ്യാപകര്‍, നാട്ടുകാര്‍, പോലീസ്, എക്‌സൈസ് ഇവരുടെയെല്ലാം നടുവില്‍ കുട്ടികളെ കേന്ദ്രമാക്കി മയക്കുമരുന്ന് കഞ്ചാവ് ലോബി വളര്‍ന്നു മുറ്റിനില്‍ക്കുന്ന കാഴ്ച വലിയൊരു ചോദ്യചിഹ്നമാണ്. എല്ലാ സംവിധാനങ്ങളുടെയും പരാജയം വിളിച്ചു പറയുന്നുമുണ്ട്.
കുറ്റകൃത്യങ്ങളില്‍ പങ്കാളിത്തമുള്ള, മയക്കുമരുന്നും കഞ്ചാവും ഉപയോഗിക്കുന്നവരാണെന്ന് നാട്ടിലും സ്‌കൂളിലും അറിയാമായിരുന്ന രണ്ട് വിദ്യാര്‍ത്ഥികളെ ശ്രദ്ധിക്കാതെയും നിരീക്ഷിക്കാതെയും വിട്ടതിന്റെ ഉത്തരവാദിത്വം സമൂഹത്തിനും അധികാരികള്‍ക്കും ഉണ്ട്
സ്വന്തം മക്കള്‍ മിത്രങ്ങളായി കൊണ്ടുനടക്കുന്ന സഹപാഠികളുടെ സ്വഭാവം, ഇടപെടലുകള്‍, ശീലങ്ങള്‍ ഇവയെപ്പറ്റി മനസ്സിലാക്കേണ്ട ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്ക് ഉണ്ട്. കുറ്റകൃത്യങ്ങളില്‍ പങ്കാളിത്തവും മയക്കുമരുന്നും കഞ്ചാവും ഉപയോഗിക്കുന്നവരാണെന്ന് നാട്ടിലും സ്‌കൂളിലും അറിയാമായിരുന്ന രണ്ട് വിദ്യാര്‍ത്ഥികളെ ശ്രദ്ധിക്കാതെയും നിരീക്ഷിക്കാതെയും വിട്ടതിന്റെ ഉത്തരവാദിത്വം സമൂഹത്തിനും അധികാരികള്‍ക്കും ഉണ്ട്.
സ്‌കൂളുകളിലും കോളേജുകളിലും അയയ്ക്കുന്ന സ്വന്തം മക്കളുടെ കൂട്ടുകെട്ടുകള്‍, ബന്ധങ്ങള്‍ ഇവ അനുദിനം നിരീക്ഷിക്കുന്നതില്‍ രക്ഷിതാക്കള്‍ കര്‍ക്കശ മനോഭാവം പുലര്‍ത്തണമെന്ന് കൊടുമണ്‍ അരുംകൊല ബോധ്യപെടുത്തുന്നു. കുറ്റവാസന പ്രകടിപ്പിക്കുന്ന കുട്ടികളെ ചെറുപ്പത്തില്‍ തന്നെ തിരിച്ചറിഞ്ഞ് തിരുത്തല്‍ നടത്തുവാന്‍ സംവിധാനങ്ങള്‍ ഉണ്ടാവണം. നാമമാത്രമായ കൗണ്‍സിലിംഗ് പൂര്‍ണ്ണ പരിഹാരമല്ല.