രാജ്യത്തെ ജനങ്ങളുമായി ആശയവിനിമയം നടത്തുന്നത് ലക്ഷ്യമിട്ട് രൂപീകരിച്ച “കോവിഡ് ഇന്ത്യ സേവാ ” സംവിധാനത്തിന് ഡോ ഹർഷ് വർധൻ തുടക്കമിട്ടു

ന്യൂഡൽഹി: ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി, ഡോ ഹർഷ് വർധൻ “കോവിഡ് ഇന്ത്യ സേവാ ” സംവിധാനത്തിന് തുടക്കമിട്ടു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ ദശലക്ഷക്കണക്കിനു പൗരന്മാരുമായി നേരിട്ട് ആശയവിനിമയം സാധ്യമാക്കുന്ന സംവിധാനമാണിത്. സുതാര്യമായ ഇ -ഗവെർണൻസ് നടപടികൾ ലഭ്യമാക്കുക, കോവിഡ് പോലുള്ള മഹാമാരിക്കാലത്തെ ജനങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും ഉടനടി ദൂരീകരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ സംവിധാനത്തിനു രൂപം നൽകിയിട്ടുള്ളത്.
 
@CovidIndiaSeva-യിലൂടെ, ജനങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് എത്രയും വേഗം തന്നെ മറുപടി ലഭിക്കുന്നതാണ്. ഈ സംവിധാനത്തിന് മാത്രമായുള്ള @CovidIndiaSeva എന്ന അക്കൗണ്ടും കേന്ദ്രമന്ത്രി ട്വീറ്റിലൂടെ അവതരിപ്പിക്കുകയുണ്ടായി.

ആവശ്യഘട്ടങ്ങളിലടക്കം, വിവരങ്ങളുടെ കൈമാറ്റത്തിന് സർക്കാരുകൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന ഒരു ആവശ്യസേവനമായി ട്വിറ്റെർ മാറിയിട്ടുണ്ടെന്നും, അദ്ദേഹം ഓർമ്മിപ്പിച്ചു. ട്വിറ്റെർ സേവാ പരിഹാരത്തിലൂടെ സംയുക്തമായ ഒരു ഓൺലൈൻ പരിശ്രമം നടത്താൻ സാധിച്ചതിൽ സന്തുഷ്ടി പ്രകടിപ്പിക്കുന്നതായും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഓരോ ചോദ്യത്തോടും സമഗ്രമായ രീതിയിൽ പ്രതികരിക്കാൻ പരിശീലനം സിദ്ധിച്ച വിദഗ്ധർ അടങ്ങിയ സംഘമായിരിക്കും ഈ സേവനം നൽകുക. രാജ്യത്തെ പൗരന്മാർക്ക് ആരോഗ്യ – പൊതു വിഷയങ്ങളെപ്പറ്റി ആധികാരികമായ അറിവുകൾ നൽകാനും, അവരുമായി നേരിട്ട് ഒരു ബന്ധം രൂപീകരിക്കാനും ഈ നീക്കം തങ്ങളെ സഹായിക്കുമെന്നും കേന്ദ്രമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.


അധികാരികളുമായി നേരിട്ട് സംവദിക്കാൻ @CovidIndiaSeva  ജനങ്ങൾക്ക് വഴിയൊരുക്കും. @CovidIndiaSeva എന്ന അക്കൗണ്ടിലേക്ക് ട്വീറ്റ് ചെയ്യുന്നത് വഴി, തങ്ങളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും പൊതുജനങ്ങൾക്ക് ഉത്തരം ലഭിക്കുന്നതാണ്.

തികച്ചും സുതാര്യമായും പരസ്യമായുമാവും ഈ സംവിധാനം പ്രവർത്തിക്കുക. അതുകൊണ്ട് തന്നെ എല്ലാ വിഭാഗം ജനങ്ങൾക്കും  ഇതിൽ നിന്ന് ലഭിക്കുന്ന ഉത്തരങ്ങളുടെ ഗുണഫലം ഉപയോഗപ്പെടുത്താവുന്നതാണ്. പ്രധാനപ്പെട്ട സംശയങ്ങൾ, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ എന്നിവയ്ക്കാവും മന്ത്രാലയം ഇതിനുകീഴിൽ ഉത്തരം നൽകുക. ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനായി, ജനങ്ങൾ അവരുടെ മേൽ വിലാസമോ, ആരോഗ്യസംബന്ധിയായ വിശദാംശങ്ങളോ നൽകേണ്ടതുമില്ല.

Share
അഭിപ്രായം എഴുതാം