ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടനയും അതിന്റെ ജനറല്‍സെക്രട്ടറി ട്രഡ് റോസ്സും പറഞ്ഞത് വിശ്വസിച്ച് നടപടികള്‍ സ്വീകരിച്ച അമേരിക്കയും യൂറോപ്പും കൊറോണ മരണങ്ങളുടെ കുരുതിക്കളമായി മാറിയപ്പോള്‍ സ്വന്തം യുക്തിക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് നിലപാടുകള്‍ സ്വീകരിച്ച് സുരക്ഷിതത്വ ക്രമീകരണങ്ങള്‍ നടപ്പിലാക്കിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ സുരക്ഷിതമായ പാതയില്‍ സഞ്ചരിക്കുന്നു.
ഒന്നേകാല്‍ ലക്ഷത്തിലധികം ആളുകളുടെ ജീവനെടുത്ത കൊറോണ പിടികൊടുക്കാതെ യൂറോപ്പിലും അമേരിക്കയിലും തേര്‍വാഴ്ച നടത്തി ആഫ്രിക്കയിലേക്ക് പ്രവേശിക്കുമ്പോള്‍ ചൈനയും ലോകാരോഗ്യസംഘടനയും പ്രതികൂട്ടിലേക്ക് കയറുന്നതാണ് കാഴ്ച. ചൈന തങ്ങളുടെ രാജ്യത്ത് നടക്കുന്നതെന്താണ് എന്ന് ലോകത്ത് അറിയിച്ചില്ല. അതിന്റെ മാരകസ്വഭാവം മറച്ചുവെച്ചു. കൊറോണയുടെ പ്രഭവകേന്ദ്രമായ വൂഹാനിലെ യഥാര്‍ത്ഥ മരണസംഖ്യ പോലും ഒളിപ്പിച്ചു. ചൈന ഒളിപ്പിച്ച കാര്യങ്ങള്‍ അതേപടി ലോകത്ത് വിളമ്പിയ ലോകാരോഗ്യസംഘടനയും അതിന്റെ സെക്രട്ടറി ജനറല്‍ ട്രഡ് റോസും ലോകജനതയെ കബളിപ്പിച്ചു. ഈ നിലയിലാണ് സംശയങ്ങളും വിശകലനങ്ങളും എത്തിനില്‍ക്കുന്നത്.
ഡിസംബര്‍ 26ന് തന്നെ ഡോക്ടര്‍ ഷാന്‍ ജിക്ക് സിയാന്‍ എന്ന വനിത ഡോക്ടര്‍ തന്റെ ചികിത്സയിലുള്ള വൃദ്ധദമ്പദികള്‍ക്ക് ബാധിച്ചിരിക്കുന്ന രോഗം മാരകമായ വൈറസ് പകര്‍ച്ചവ്യാധിയാണെന്നും പുതിയൊരു രോഗമാണെന്നും കാട്ടി റിപ്പോര്‍ട്ട് നല്‍കി. ജോലിയില്‍ തികഞ്ഞ ഉത്തരവാദിത്തം പുലര്‍ത്തിയ ഈ ഡോക്ടര്‍ വൃദ്ധദമ്പതികളുമായി് ഇടപഴകിയ ആളുകളില്‍ പകര്‍ന്നിട്ടുണ്ടോ എന്ന് കണ്ടെത്തുവാനും തീവ്ര ശ്രമം നടത്തി. ഇവരുടെ മകന്‍ പരിശോധനകള്‍ക്ക് വിധേയമാവാന്‍ വിസമ്മതിച്ചു. അയാള്‍ക്ക് രോഗലക്ഷണം ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഡോക്ടറുടെ നിര്‍ബന്ധത്തിന് വഴങ്ങി പരിശോധന നടത്തിയ ഇയാളിലും മാതാപിതാക്കളില്‍ കണ്ടെത്തിയ ഇനം വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ടു കാര്യങ്ങള്‍ ഇതില്‍ നിന്ന് വ്യക്തമായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ രോഗബാധയുള്ളവരും ഗുരുതരമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗബാധിതരും ഉണ്ട്. തുടക്കത്തില്‍ തന്നെ ഡോക്ടര്‍ ഷാന്‍ ജിക്ക് സിയാന്‍ ഇത് കണ്ടെത്തിയിരുന്നു. ഈ വിവരം ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ട് അധികാരികള്‍ അവഗണിച്ചു. പിന്നാലെ ഡിസംബര്‍ പിന്നിടുന്നതിന് മുമ്പുതന്നെ ധാരാളം കൊറോണ കേസുകള്‍ റിപ്പോര്‍ട്ടായി. എന്നാല്‍ ഭരണമേധാവികള്‍ ഇത്തരം ഒരു കാര്യം ഇല്ല എന്ന് നടിച്ചു.
വുഹാനില്‍ കാര്യങ്ങള്‍ പിടിവിട്ട് കഴിഞ്ഞിരുന്നു. പരിസര നഗരങ്ങളിലും രോഗം എത്തി. അങ്ങനെ ഒരു സംഭവം ഇല്ല, പുതിയ രോഗം അല്ല എന്ന് അധികാരികള്‍ വാദിച്ചു. മറച്ചുവെക്കുന്നതില്‍ ചൈന വിജയിച്ചുവെങ്കിലും കൊറോണ വൈറസ് ലോകത്തിന്റെ പലമേഖലയിലേക്കും അതിവേഗം സഞ്ചരിക്കുകയായിരുന്നു. ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നും ചൈനയിലേക്ക് വ്യാപാരകാര്യങ്ങള്‍ക്കായി എത്തിയവരുടെയും ചൈനയില്‍നിന്ന് സഞ്ചരിച്ചവരിലൂടേയും വൈറസ് ലോകമാകെ എത്തി. ആദ്യഘട്ടത്തില്‍തന്നെ കേരളത്തില്‍ പോലും രോഗം എത്തുകയുണ്ടായി വൂഹാനില്‍നിന്ന് തൃശ്ശൂരില്‍ എത്തിയ വിദ്യാര്‍ഥിയിലാണ് കേരളത്തില്‍ ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഒളിച്ചുവെക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തിയപ്പോഴാണ് രോഗബാധയുടെ കാര്യം ചൈന അംഗീകരിക്കുന്നത്. അതിനുശേഷമാണ് ലോകാരോഗ്യസംഘടന ജനുവരി-14ന് ഈ രോഗത്തെപ്പറ്റി സ്ഥിരീകരിക്കുന്നത്. പക്ഷെ അവര്‍ ലോകത്ത് പ്രചരിപ്പിച്ചത് ചൈന നല്‍കിയ വിവരങ്ങളാണ്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരുകയില്ലായെന്നും മൃഗങ്ങളില്‍നിന്നാണ് രോഗബാധ സംഭവിക്കുന്നത് എന്നുമായിരുന്നു ചൈനീസ് കണ്ടെത്തല്‍. ഇത് ലോകാരോഗ്യസംഘടന ആവര്‍ത്തിച്ചു. ലോകാരോഗ്യസംഘടനയെ വിശ്വസിച്ച യൂറോപ്പും അമേരിക്കയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പറ്റി ചിന്തിച്ചതേയില്ല. മുടക്കമില്ലാതെ ചൈനയില്‍നിന്നും, ചൈനയിലേക്കും സഞ്ചാരങ്ങള്‍ തുടര്‍ന്നു. അമേരിക്കയിലെ കച്ചവടവ്യവസായ രംഗത്ത് ഉള്ള ചൈനാക്കാരിലൂടേയും അവരുടെ ജോലിചെയ്യുന്നവരിലൂടെയും ന്യൂയോര്‍ക്കടക്കമുള്ള സംസ്ഥാനങ്ങളില്‍ കൊറോണബാധ തീപടരുന്നതുപോലെ ആയി. ഇറ്റലിയിലും സ്‌പെയിനിലും ഫ്രാന്‍സിലും അതുതന്നെയാണ് സംഭവിച്ചത്.
ചൈനയില്‍ 41 രോഗികളെ ഉള്ളൂ എന്നാണ് രോഗം സ്ഥിരീകരിച്ചുകൊണ്ട് ലോകാരോഗ്യസംഘടന പറഞ്ഞ കഥ, അതേസമയത്ത് വുഹാനില്‍നിന്ന് എത്തിയവരില്‍ ഏഴ് കൊറോണ രോഗികളെ തയ്‌വാന്‍മാത്രം കണ്ടെത്തി.അവര്‍ അത് പരസ്യമാക്കി. പ്രകോപനംകൊണ്ട ചൈന തയ്‌വാനെ ലോകാരോഗ്യസംഘടനയില്‍ നിന്ന് പുറത്താക്കിച്ചു. സെക്രട്ടറി ജനറല്‍ ഇതിന് കൂട്ടുനിന്നു.
ചൈനക്കൊപ്പം രോഗം മൂടിവെയ്ക്കാന്‍ നിന്ന ലോകാരോഗ്യസംഘടന മാര്‍ച്ച് 11ന് കൊറോണ ഒരു പകര്‍ച്ചവ്യാധിയാണ് എന്ന് സ്ഥിരീകരിച്ചു. മൂന്നുമാസം മുമ്പ് ഡിസംബര്‍ 25-ാം തിയ്യതി ചൈനയില്‍ ഡോക്ടര്‍ ഷാന്‍ ജിക്ക് സിയാങ് ഇതൊരു പകര്‍ച്ചവ്യാധിയാണെന്ന റിപ്പോര്‍ട്ട് ചൈനീസ് അധികാരികള്‍ക്ക് നല്‍കിയിരുന്നു. പക്ഷെ മൂന്നുമാസം പകര്‍ച്ചവ്യാധി അല്ല എന്ന് ലോകത്തെ ധരിപ്പിക്കുവാന്‍ ചൈനയും ലോകാരോഗ്യസംഘടനയും പരിശ്രമിക്കുകയായിരുന്നു എന്ന് വ്യക്തം.
കച്ചവട ഭ്രാന്തും ജിഡിപി ഉയര്‍ത്തുവാനുള്ള വെമ്പലുമാണ് യൂറോപ്പിനെയും അമേരിക്കയും കെണിയില്‍ ചാടിച്ചത്. പൂര്‍ണതോതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രോഗവ്യാപനമോ മരണസംഖ്യയോ കുറയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം ജിഡിപി തകരാതെ നോക്കുന്നതിലാണ്. സംസ്‌കരിക്കാന്‍ പോലും കഴിയാത്ത വിധം ശവങ്ങള്‍ മോര്‍ച്ചറിയില്‍ അടുക്കി ഇട്ടിരിക്കുകയാണ്. അത് അനുദിനം പെരുകി കൊണ്ടിരിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചുവീണ അമേരിക്കയ്ക്ക് സ്വന്തം പൗരന്മാരുടെ ജീവനേക്കാള്‍ വലുത് ജിഡിപി ആണ് എന്ന് അവിടെ ഉയരുന്ന മുറവിളി വ്യക്തമാക്കുന്നു. സാമ്പത്തികരംഗം തകരുന്നതിനെപ്പറ്റിയും രാജ്യം പിന്നോട്ടടിക്കുന്ന അതിനെ പറ്റിയും ഉള്ള ആകുലതകളാണ് അവിടെ മുമ്പില്‍.
ദുരന്തം ഒളിച്ചുവയ്ക്കാന്‍ ചൈനയെ പ്രേരിപ്പിച്ച പല കാരണങ്ങളിലൊന്ന് വ്യാപാര വ്യവസായ രംഗങ്ങളില്‍ ഉണ്ടായേക്കാവുന്ന തിരിച്ചടിയെ കുറിച്ചുള്ള ആശങ്കയാണ്. വൂഹാന്‍ വൈറസ് എന്ന് വിളിക്കപ്പെട്ട കൊറോണ വൈറസിന്റെ പേരു മാറ്റിയെടുക്കുവാന്‍ ആണ് ചൈന നയതന്ത്ര ചരടുവലികള്‍ നടത്തിയത് എന്നറിയുമ്പോഴാണ്. രോഗഗ്രസ്തമായ ചൈന എന്നോ രോഗത്തിന്റെ ഉറവിടമായ ചൈനയെന്നോ വന്നാല്‍ ഉണ്ടാകുന്ന വ്യാപാര നഷ്ടം തന്നെയാണ് എല്ലാം മറച്ചുവെക്കുവാന്‍ അവരെ പ്രേരിപ്പിച്ചത് എന്നാണ് കരുതേണ്ടത്.
മറച്ചു വച്ചവരും നുണ വിശ്വസിച്ചവരും ഒരുപോലെ വില കൊടുക്കുകയാണ്. ചൈനയുടെ സാമ്പത്തിക രംഗം വന്‍ തിരിച്ചടി നേരിടേണ്ടി വരും എന്ന് നിരീക്ഷണങ്ങള്‍ പുറത്തുവരുന്നുണ്ട്. യൂറോപ്പിന്റേയും അമേരിക്കയുടെയും സാമ്പത്തികരംഗം ഇതിനോടകം തന്നെ ആടിയുലയുകയാണ്. പതിനായിരക്കണക്കിന് ജീവന്‍ നഷ്ടമാവുകയും ലക്ഷക്കണക്കിന് ആളുകള്‍ ദുരിതങ്ങളില്‍ പെടുകയും ചെയ്തിരിക്കുന്നു.

ചൈനയുടെ അവകാശവാദങ്ങളെ അന്ധമായി വിശ്വസിക്കാതെയും ലോകാരോഗ്യ സംഘടനയെ അതേ പടി പിന്‍പറ്റാതെയും യൂറോപ്പിനെയും അമേരിക്കയും അനുകരിക്കാതെയും സ്വന്തം കാഴ്ചപ്പാടില്‍ പ്രതിരോധ തന്ത്രങ്ങള്‍ തീര്‍ത്ത രാജ്യങ്ങള്‍ കൊറോണ വൈറസിന്റെ പിടിയില്‍ നിന്ന് കുതറുന്ന കാഴ്ച്ചയും ഉണ്ട്. മികച്ച ഉദാഹരണമായി ഇന്ത്യ ചൂണ്ടിക്കാട്ടപ്പെടുന്നു. ജനുവരിയില്‍ തന്നെ കൊറോണ വൈറസ് ഇന്ത്യയില്‍ എത്തിയിരുന്നു. രണ്ടു മാസം വരെ ഏതാനും ആളുകളില്‍ ഒതുങ്ങിയിരുന്ന രോഗം ഇപ്പോള്‍ മാത്രമാണ് 10000 കടന്നത്. നാമമാത്രമായ രോഗബാധിതര്‍ ഉണ്ടായിരുന്നപ്പോള്‍ പോലും ശക്തമായ നടപടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ജനുവരി 30ന് ആദ്യത്തെ കൊറോണ ബാധിതനെ തിരിച്ചറിഞ്ഞത് മുതല്‍ പെട്ടെന്ന് രോഗമുക്തിയിലേക്ക് പ്രവേശിച്ച കേരള സംസ്ഥാനത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും ലോകത്തിനുതന്നെ മാതൃകയായി തീര്‍ന്നിട്ടുണ്ട്.
കേരളീയരുടെ വിദേശ ബന്ധങ്ങളും പ്രവാസി ജനസംഖ്യയും പരിശോധിച്ചാല്‍ ന്യൂയോര്‍ക്ക് പോലെ രോഗബാധയില്‍ കുഴഞ്ഞുവീഴേണ്ട സംസ്ഥാ മായിരുന്നു. തുടക്കം മുതല്‍ പുലര്‍ത്തിയ ജാഗ്രതയും മികച്ച ആരോഗ്യസേവന അടിത്തറയും കേരളത്തെ തുണച്ചു. കേരളം നടത്തിയ യുദ്ധം ലോകം പഠിക്കുകയാണ്. ഉത്തര്‍പ്രദേശ് പോലും രോഗബാധയെ നിയന്ത്രിക്കുന്നതില്‍ ആസൂത്രണ മികവ് കാട്ടിയത് രാജ്യത്തിന്റെ ഗ്രാഫ് ഉയരുന്നതിന് സഹായിച്ചു.
കര്‍ശനമായി നടപ്പാക്കിയ ലോക ഡൗണ്‍ കൊറോണ ബാധയെ പിടിച്ചു കെട്ടുന്നതിന് സഹായിച്ചു.മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ കൊറോണ ബാധ രാജ്യത്തെ ഉലയ്ക്കുന്നുണ്ട്. പിടി വിട്ടുപോയാല്‍ മുംബൈയിലെ ധാരാവി രാജ്യത്തെ ദുരന്തത്തിലേയ്ക്ക് എത്തിക്കാം. 130 കോടി ജനസംഖ്യ. ചേരികളും ചേരിനിവാസികളും വളരെ അധികം. അതിവേഗം പകരുന്ന കൊറോണ. ചെറിയൊരു തീപ്പൊരി വിപത്തായി എപ്പോഴും മാറാം. ഇങ്ങനെ ഒരു രാജ്യത്താണ് കൊറോണ ബാധ ശമിച്ചുകൊണ്ടിരിക്കുന്ന ചിത്രം ലഭിക്കുന്നത്. മുന്‍കരുതല്‍ നടപടികള്‍ സാമ്പത്തിക നഷ്ടത്തില്‍ എത്തിച്ചിട്ടുണ്ട്. എങ്കില്‍ പോലും പൗരന്മാരുടെ ജീവന് നല്‍കിയ പരിഗണന രാജ്യത്തിന്റെ നയരൂപീകരണ ശക്തിയാണ് വെളിവാക്കുന്നത്. അതിനെ അംഗീകരിച്ചു കൊണ്ട് ഇന്ത്യയെ മാതൃകയാക്കാന്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ലോകത്തോട് പറയുമ്പോള്‍ പുതിയൊരു യുഗപിറവി കാണാനാകും. അതിന്റെ ആവിഷ്‌കാരമെന്ന നിലയില്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഒരു പര്‍വ്വതമാകെ ഇന്ത്യന്‍ ദേശീയപതാകയുടെ നിറം കൊടുത്തിരിക്കുന്നത് ലോകം കാണുകയാണ്. കൊറോണ ദുരന്തത്തെ കൈകാര്യം ചെയ്ത ഒരു രാജ്യത്തിനുള്ള ആദരസൂചകമായാണ് അവരുടെ പര്‍വ്വതം ത്രിവര്‍ണമണിഞ്ഞത്.