വന്‍നിക്ഷേപം നടത്തി ഇന്ത്യന്‍ കമ്പനികള്‍ പിടിച്ചെടുക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി.

ന്യൂഡല്‍ഹി നിലവിലെ പകര്‍ച്ച വ്യാധി മൂലം പ്രതിസന്ധിയിലായ ഇന്ത്യന്‍ കമ്പനികളുടെ നടത്തിപ്പ് ഏറ്റെടുക്കലും മൊത്തം ഏറ്റെടുക്കലും (ടേക് ഓവറും അക്വസിഷനും) തടയുന്നതിന് നിലവിലെ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ് ഡി ഐ) നയം കേന്ദ്ര സര്‍ക്കാര്‍ പുനരവലോകനം ചെയ്തു. ഇന്ത്യന്‍ കമ്പനികളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തി കയ്യടക്കാനുള്ള ചൈനീസ് നീക്കം തടയാനായിരുന്നു ഇത്. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ഒരു രാജ്യത്തേയും വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ നേരിട്ടുള്ള നിക്ഷേപം നടത്താനാവില്ല. നേരത്തെ പാക്കിസ്ഥാനും ബംഗ്ലാദേശിനും ഈ നിയന്ത്രണം ഉണ്ടായിരുന്നു. 2017 ലെ നേരിട്ടുള്ള വിദേശ നിക്ഷേപ(എഫ് ഡി ഐ) നയത്തിലെ ഖണ്ഡിക 3.1.1 ലാണ് ഭേദഗതി വരുത്തിയത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലെ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ് ഇതുള്‍പ്പെടുത്തി പത്രക്കുറിപ്പ് പുറത്തിറക്കി.

നിലവിലെ വ്യവസ്ഥയും പുതുക്കിയതും:

നിലവിലെ വ്യവസ്ഥ:

ഖണ്ഡിക 3.1.1: ഒരു പ്രവാസി സ്ഥാപനത്തിന് ഇന്ത്യയില്‍ നിരോധിച്ചിരിക്കുന്ന മേഖലകളിലോ പ്രവൃത്തികളിലോ ഒഴികെ വിദേശനിക്ഷേപ നയത്തിന് വിധേയമായി ഇന്ത്യയില്‍ നിക്ഷേപം നടത്താം. എങ്കിലും, ബംഗ്ലാദേശിലെ ഒരു പൗരനോ ബംഗ്ലാദേശില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിനോ കേന്ദ്ര ഗവണ്‍മെന്റ് വഴി മാത്രമേ നിക്ഷേപിക്കാന്‍ കഴിയൂ. കൂടാതെ, പാക്കിസ്ഥാനിലെ ഒരു പൗരനോ അവിടെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിനോ കേന്ദ്ര ഗവണ്‍മെന്റ് വഴി മാത്രമേ പ്രതിരോധം, ബഹിരാകാശരംഗം, ആണവോര്‍ജം, വിദേശ നിക്ഷേപ നിരോധിത മേഖലകള്‍ തുടങ്ങി നിലവില്‍ പാകിസ്ഥാന് വിലക്കുള്ളത് ഒഴികെയുള്ള മേഖലകളില്‍ നിക്ഷേപിക്കാന്‍ കഴിയൂ.

പുതുക്കിയ വ്യവസ്ഥ

ഖണ്ഡിക 3.1.1:

3.1.1 (എ) ഒരു പ്രവാസി സ്ഥാപനത്തിന് ഇന്ത്യയില്‍ നിരോധിച്ചിരിക്കുന്ന മേഖലകളിലോ പ്രവൃത്തികളിലോ ഒഴികെ വിദേശനിക്ഷേപ നയത്തിന് വിധേയമായി ഇന്ത്യയില്‍ നിക്ഷേപം നടത്താം. എങ്കിലും, ഇന്ത്യയുമായി ഭൂ അതിര്‍ത്തി പങ്കിടുന്ന രാജ്യം അല്ലെങ്കില്‍ ഇന്ത്യന്‍ നിക്ഷേപത്തിന്റെ പ്രയോജനം അനുഭവിക്കുന്ന ഉടമ പൗരനായിട്ടുള്ള, അത്തരം ഏതെങ്കിലും ഒരു രാജ്യത്തിന്റെ ഒരു സ്ഥാപനത്തിന് കേന്ദ്രസര്‍ക്കാര്‍ മുഖേന മാത്രമേ നിക്ഷേപിക്കാന്‍ കഴിയൂ. കൂടാതെ, പാക്കിസ്ഥാനിലെ ഒരു പൗരനോ അവിടെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിനോ കേന്ദ്ര ഗവണ്‍മെന്റ് വഴി മാത്രമേ പ്രതിരോധം, ബഹിരാകാശരംഗം, ആണവോര്‍ജം, വിദേശ നിക്ഷേപ നിരോധിത മേഖലകള്‍ തുടങ്ങി നിലവില്‍ പാകിസ്ഥാന് വിലക്കുള്ളത് ഒഴികെയുള്ള മേഖലകളില്‍ നിക്ഷേപിക്കാന്‍ കഴിയൂ.

3.1.1 (ബി) ഇന്ത്യയില്‍ നിലവിലുള്ളതോ ഭാവിയില്‍ വരുന്നതോ ആയ ഏതെങ്കിലും വിദേശ നിക്ഷേപ സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം നേരിട്ടോ അല്ലാതെയോ കൈമാറ്റം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, അവയുടെ ഉടമസ്ഥാവകാശവും 3.1.1 (എ) ഖണ്ഡികയില്‍ പറഞ്ഞിട്ടുള്ളതിന്റെ പരിധിയില്‍ വരും. അത്തരം സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിനും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.
മേല്‍പ്പറഞ്ഞ തീരുമാനം ഫെമ വിജ്ഞാപനം വരുന്ന തീയതി മുതല്‍ പ്രാബല്യത്തില്‍ വരും.

Share
അഭിപ്രായം എഴുതാം