റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൊതുമേഖലാ സ്ഥാപനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് സംവരണം: വ്യവസ്ഥകൾ പുറത്തിറങ്ങി

March 12, 2020 - 4:39 pm

തിരുവനന്തപുരം മാർച്ച് 12: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നിയമനങ്ങളിൽ 10 ശതമാനം സംവരണം നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും ഏർപ്പെടുത്തി ഉത്തരവിറങ്ങി.
അപേക്ഷകർ പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നീ സംവരണ വിഭാഗത്തിൽപ്പെടാത്തവരായിരിക്കണം. അപേക്ഷകൻ/ അപേക്ഷക, മാതാപിതാക്കൾ 18 വയസ്സിൽ താഴെ പ്രായമുള്ള സഹോദരൻ/സഹോദരി, അപേക്ഷകൻ/ അപേക്ഷകയുടെ പങ്കാളി, 18 വയസ്സിൽ താഴെയുള്ള കുട്ടികൾ (ദത്തെടുത്ത കുട്ടികൾ ഉൾപ്പെടെ) എന്നിവർ സാമ്പത്തിക സംവരണത്തിന് അർഹരായ കുടുംബം എന്ന നിർവചനത്തിൽ ഉൾപ്പെടുന്നു.

കുടുംബ വാർഷികവരുമാനം നാല് ലക്ഷം രൂപയോ അതിൽ താഴെയോ ആയിരിക്കണം. കുടംബ വാർഷിക വരുമാനം കണക്കാക്കുമ്പോൾ മുനിസിപ്പാലിറ്റി/ മുനിസിപ്പൽ കോർപ്പറേഷൻ പരിധി നിർണ്ണയിക്കപ്പെട്ടിട്ടുള്ള ഹൗസ്  പ്ലോട്ടുകളിൽ നിന്നുള്ള കാർഷിക വരുമാനം, സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, കുടുംബ പെൻഷൻ, തൊഴിലില്ലായ്മ വേതനം, ഉത്സവബത്ത, വിരമിക്കൽ ആനുകൂല്യങ്ങൾ, യാത്രാബത്ത ഒഴികെയുള്ള മറ്റെല്ലാ വരുമാനവും പരിഗണിക്കണം. കുടുംബ ഭൂസ്വത്ത് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലാണെങ്കിൽ രണ്ടര ഏക്കറിലും മുനിസിപ്പൽ പ്രദേശങ്ങളിലാണെങ്കിൽ 75 സെന്റിലും മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലാണെങ്കിൽ 50 സെന്റിലും അധികരിക്കാൻ പാടില്ല. ഭൂവിസ്തൃതി കണക്കാക്കുന്നതിന് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഭൂമി കണക്കിലെടുക്കും.

അന്ത്യോദയ അന്നയോജന (എ.എ.വൈ), മുൻഗണന വിഭാഗത്തിൽപ്പെടുന്ന റേഷൻ കാർഡിൽ പേര് ഉൾപ്പെട്ടിട്ടുള്ളവർ മറ്റ് മാനദണ്ഡങ്ങൾ പരിഗണിക്കാതെ തന്നെ ഈ സംവരണാനുകൂല്യത്തിന് അർഹരാണ്. അതിലേയ്ക്കായി ഈ വിഭാഗത്തിലുള്ള അപേക്ഷകർ പ്രസ്തുത വിഭാഗങ്ങൾക്കായി നൽകിയിട്ടുള്ള റേഷൻകാർഡിൽ ഉൾപ്പെട്ടിട്ടുണ്ടെന്നതിന് വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.
വരുമാന, അസറ്റ് സർട്ടിഫിക്കറ്റ് നൽകുന്നതിന് അപേക്ഷ സമർപ്പിക്കുന്ന വർഷത്തിന് തൊട്ടു മുമ്പുള്ള സാമ്പത്തിക വർഷത്തെ വരുമാനമാണ് അടിസ്ഥാനമാക്കുക. പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമനത്തിനായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള സംവരണാനുകൂല്യത്തിന് ജനുവരി മൂന്ന് മുതൽ പ്രാബല്യമുണ്ടായിരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *