ന്യൂഡല്‍ഹി ഫെബ്രുവരി 21: പന്തളം രാജകുടുംബത്തിലെ തര്‍ക്കം പരിഹരിക്കാന്‍ സുപ്രീംകോടതിയിലെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ ചേമ്പറില്‍ ചര്‍ച്ച നടന്നു. രാജകുടുംബത്തിന് ഉള്ളിലും തര്‍ക്ക പരിഹാരത്തിന് ചര്‍ച്ച നടക്കുന്നതായി പന്തളം കൊട്ടാര നിര്‍വാഹക സംഘം അറിയിച്ചു അടുത്ത മാസം നടക്കുന്ന നിര്‍വാഹക സംഘത്തിന്റെ ജനറല്‍ ബോഡിയോടെ തര്‍ക്കം പരിഹരിക്കപ്പെടുമെന്നും പന്തളം കൊട്ടാര നിര്‍വാഹക സംഘം അവകാശപ്പെട്ടു.
തര്‍ക്ക പരിഹാരത്തിന് ഇത് വരെ നിര്‍ദ്ദേശങ്ങള്‍ തയ്യാറായിട്ടില്ലെന്ന് നിര്‍വാഹക സംഘത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച 12 രാജകുടുംബാംഗങ്ങളുടെ അഭിഭാഷകന്‍ അറ്റോര്‍ണി ജനറലിനെ അറിയിച്ചു. ഏകപക്ഷീയമായി നിര്‍വാഹക സംഘം തീരുമാനം എടുക്കുന്നതിനാലാണ് രാജകുടുംബത്തില്‍ തര്‍ക്കം ഉണ്ടായതെന്നും വിമതരുടെ അഭിഭാഷകര്‍ യോഗത്തില്‍ വ്യക്തമാക്കി.
ശബരിമലയിലെ തിരുവാഭരണവും മറ്റും ദേവസ്വംബോര്‍ഡിനു കൈമാറണമെന്ന ദേവപ്രശ്നവിധി ചോദ്യം ചെയ്ത് രാജകുടുംബാംഗം പി രാമവര്‍മ്മ രാജ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് രാജകുടുംബത്തിലെ തര്‍ക്കം കോടതിയില്‍ മറനീക്കി പുറത്ത് വന്നത്. തുടര്‍ന്നാണ് രാജകുടുംബത്തിലെ പ്രശ്നം പരിഹരിക്കാന്‍ അറ്റോര്‍ണി ജനറലിനോട് ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ബഞ്ച് നിര്‍ദ്ദേശിച്ചത്.