ടെഹ്റാന്‍ ജനുവരി 11: യുക്രൈന്‍ വിമാനം തകര്‍ന്നത് സൈന്യത്തിന്റെ മിസൈല്‍ ഏറ്റതിനെ തുടര്‍ന്നെന്ന് സമ്മതിച്ച് ഇറാന്‍. മാനുഷിക പിഴവുമൂലം തൊടുത്ത മിസൈല്‍ അബദ്ധത്തില്‍ വിമാനത്തില്‍ പതിക്കുകയും തകര്‍ന്നുവീഴുകയുമായിരുന്നുവെന്ന് സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണത്തില്‍ വ്യക്തമായതായി ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി വ്യക്തമാക്കി.
ജനുവരി 8ന് രാവിലെ ടെഹ്റാനിലെ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 176 യാത്രക്കാരുമായി പറന്നുയര്‍ന്ന യുക്രൈന്‍ വിമാനമാണ് തകര്‍ന്നുവീണത്. ഇറാഖിലെ യുഎസ് സൈനികതാവളങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്ക് തൊട്ടുപിന്നാലെയായിരുന്നു വിമാനം തകര്‍ന്നുവീണത്. വിമാനം ഇറാന്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നുവെന്ന് ആരോപിച്ച് അമേരിക്കയും കാനഡയും രംഗത്തെത്തിയിരുന്നു. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തകര്‍ന്നു വീണതെന്നായിരുന്നു ഇറാന്റെ വിശദീകരണം.