ഗുവാഹത്തി ഡിസംബര്‍ 14: പൗരത്വ ഭേദഗതി ബില്ലിനെച്ചൊല്ലി പ്രതിഷേധം നടക്കുന്ന ഗുവാഹത്തിയില്‍ കര്‍ഫ്യൂവില്‍ ഇളവ്. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് കര്‍ഫ്യൂവില്‍ ജില്ലാ ഭരണകൂടം ഇളവ് അനുവദിച്ചത്. എന്നാല്‍ അസമിലെ 10 ജില്ലയില്‍ ഇന്റര്‍നെറ്റ് വിലക്ക് 48 മണിക്കൂര്‍ കൂടി നീട്ടി.
പാര്‍ലമെന്റ് ബുധനാഴ്ച പൗരത്വ ഭേദഗതി നിയമം പാസാക്കിയതിന് പിന്നാലെയാണ് അസമിലും ഗുവാഹത്തിയിലും പ്രതിഷേധം ശക്തമായത്. വ്യാഴാഴ്ച രാവിലെ കര്‍ഫ്യൂ ലംഘിച്ച് നിരവധി പേര് തെരുവിലിറങ്ങി. പോലീസ് വെടിവയ്പ്പില്‍ ഗുവാഹത്തിയില്‍ രണ്ട് പേര് മരിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സായുധ സേനയ്ക്ക് പുറമെ 26 കോളം സൈനികരേയും അസമില്‍ വിന്യസിച്ചിട്ടുണ്ട്.