കൊല്ലം: വേനല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ വയറിളക്കം, വയറുകടി, കോളറ, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. വയറിളക്കം ചികിത്സിച്ചില്ലെങ്കില്‍ നിര്‍ജ്ജലീകരണം സംഭവിക്കും; മരണകാരണമായേക്കാം. വയറുവേദന, വയറിളക്കം, പനി എന്നിവയ്‌ക്കൊപ്പം മലത്തില്‍ രക്തവും പഴുപ്പും ഉള്‍പ്പെടയുള്ള വയറുകടി ലക്ഷണങ്ങള്‍ കണ്ടെത്തിയാലും അടിയന്തര ചികിത്സ തേടണം.
മഞ്ഞപ്പിത്തത്തിന് പനി, തലവേദന, ക്ഷീണം, ഓര്‍ക്കാനം, ഛര്‍ദി, കണ്ണിനും മൂത്രത്തിനും മഞ്ഞ നിറം എന്നിവയാണ് ലക്ഷണങ്ങള്‍. തുടര്‍ച്ചയായ പനി, ശരീരവേദന, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ടൈഫോയ്ഡ് ലക്ഷണങ്ങള്‍. ഇവയ്ക്കും ചികിത്സ അനിവാര്യം. രോഗപ്രതിരോധത്തിന് തിളപ്പിച്ചാറിയ വെള്ളം/അടച്ചു സൂക്ഷിച്ച വെള്ളം – ഭക്ഷണം ഉപയോഗിക്കണം. കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യണം. ഐസ് ഇട്ട പാനീയങ്ങള്‍ ഒഴിവാക്കണം.
ടാങ്കറുകളില്‍ ജലവിതരണം നടത്തുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം – വെള്ള നിറത്തില്‍ കോട്ടിങ് ഉള്ള ടാങ്കുകള്‍ ഉപയോഗിക്കണം. ജലം സംഭരിക്കുന്ന കിണറുകളിലെ വെള്ളവും പരിശോധനയ്ക്ക് വിധേയമാക്കി ക്ലോറിനേറ്റ് ചെയ്യണം.
രോഗമുള്ളപ്പോള്‍ കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, മോരുംവെള്ളം എന്നിവ കുടിക്കാം. ഒ. ആര്‍. എസ്. പായ്ക്കറ്റുകള്‍ എല്ലാ ആശുപത്രികളിലും അങ്കണവാടികളിലും കുടുംബക്ഷേമ കേന്ദ്രങ്ങളിലും ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നും സൗജന്യമായി ലഭിക്കും. വ്യക്തി – പരിസര – ഭക്ഷണ ശുചിത്വം പാലിച്ച് രോഗങ്ങളെ അകറ്റാമെന്നും ഡി. എം.. ഒ അറിയിച്ചു.