വയനാട് : നിയമസഭാ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് ജില്ലയിലെ മൂന്ന് വിതരണ കേന്ദ്രങ്ങളില്‍ ആരംഭിച്ചു. ഓരോ നിയോജക മണ്ഡലത്തിലെയും സ്ഥാനാര്‍ഥികളുടെ പേരും ഫോട്ടോയും ചിഹ്നവും അടങ്ങിയ ബാലറ്റ് ലേബല്‍ വോട്ടിങ് യന്ത്രങ്ങളില്‍ പതിപ്പിക്കുന്ന പ്രക്രിയയാണിത്. കല്‍പ്പറ്റ എസ്,കെ.എം.ജെ സ്‌കൂള്‍, മാനന്തവാടി മേരി മാതാ ആര്‍ട്‌സ് കോളേജ്, ബത്തേരി സെന്റ് മേരീസ് എന്നിവിടങ്ങിലെ സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് യന്ത്രങ്ങളാണ് അതത് വരണാധികാരികളുടെ നേതൃത്വത്തില്‍ പുറത്തെടുത്ത് വോട്ടെടുപ്പിനായി സജ്ജമാക്കുന്നത്. ഇന്നലെ (ഞായര്‍) രാവിലെ 8 മണി മുതല്‍ ആരംഭിച്ച പ്രക്രിയ ഇന്നും (തിങ്കള്‍) തുടരും.
മാനന്തവാടി നിയോജക മണ്ഡലത്തിലെ 299 ബൂത്തുകളിലേക്ക് 19.5 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 358 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 33.5 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 400 വിവിപാറ്റുകളുമാണ് സജ്ജീകരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ 333 ബൂത്തുകളിലേക്ക് 398 വീതം ബാലറ്റ് യൂനിറ്റുകളും കണ്‍ട്രോള്‍ യൂനിറ്റുകളും 445 വിവിപാറ്റുകളും കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ 316 ബൂത്തുകളിലേക്ക് 378 വീതം ബാലറ്റ് യൂനിറ്റുകളും കണ്‍ട്രോള്‍ യൂനിറ്റുകളും 422 വിവിപാറ്റുകളുമാണ് വോട്ടെടുപ്പിനായി ഒരുക്കുന്നത്. ജില്ലയില്‍ മൊത്തം 948 പോളിംഗ് ബൂത്തുകളിലേക്കായി 1137 ബാലറ്റ് യൂനിറ്റുകളും 1137 കണ്‍ട്രോള്‍ യൂനിറ്റുകളും, 1271 വിവിപാറ്റുകളുമാണ് അനുവദിച്ചത്.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയുടെ മേല്‍നോട്ടത്തില്‍ മാനന്തവാടി നിയയോജക മണ്ഡ്‌ലം വരണാധികാരി സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, ബത്തേരി മണ്ഡലം വരണാധികാരി ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) മുഹമ്മദ് റഫീഖ്, കല്‍പ്പറ്റ മണ്ഡലം വരണാധികാരി ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) ഷാമിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ വോട്ടിങ് മെഷീന്‍ കമ്മീഷനിങിന് അതത് കേന്ദ്രങ്ങളില്‍ നേതൃത്വം നല്‍കി.