തൃശ്ശൂർ: അമേരിക്ക, ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങൾ വർഷങ്ങൾക്കു മുൻപ് പൂർണമായും നശിപ്പിക്കുകയും പല രാജ്യങ്ങളിലും വിൽപനയും ഇറക്കുമതിയും നിരോധിക്കുകയും ചെയ്ത ചെഞ്ചെവിയൻ ആമയെ(റെഡ് ഇയേഡ് സ്ലൈഡർ ടർട്ടിൽ) തൃശൂരിൽ കണ്ടെത്തി . കാളത്തോട് തോട്ടിൽ നിന്നു കിട്ടിയ ആമയെ കേരള വന ഗവേഷണ കേന്ദ്രത്തിലെ സെന്റർ ഫോർ ബയോളജിക്കൽ ഇൻവേഷൻസിൽ പാർപ്പിച്ചിരിക്കുകയാണ്. ജലത്തിലെ മുഴുവൻ സസ്യജാലങ്ങളെയും മത്സ്യങ്ങളെയും തവളകളെയും നശിപ്പിക്കാൻ പോന്ന ജീവിയാണ് ചെഞ്ചെവിയൻ ആമയെന്നാണ് വിദഗ്ധർ പറയുന്നത് .
പല രാജ്യങ്ങളിലും ഇതിനെ വെള്ളക്കെട്ടിൽ പുറന്തള്ളുന്നതു വലിയ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് ആമക്കുട്ടിയെ ഒളിപ്പിച്ചു കടത്തിയ ആരെങ്കിലും ഇവയ്ക്ക് വലുപ്പം വച്ചപ്പോൾ പുറന്തള്ളിയതാവാം എന്നാണു നിഗമനം. കേരളത്തിൽ 2018ൽ രണ്ടിടങ്ങളിൽ ഈ ആമയെ കണ്ടിട്ടുണ്ടെങ്കിലും അവയെ ജൈവവൈവിധ്യത്തെ ബാധിക്കാത്ത തരത്തിൽ സുരക്ഷിതമായി മാറ്റിയിരുന്നു. മറ്റെവിടെയെങ്കിലും സമാനമായ ആമയെ കണ്ടെത്തിയാൽ വിവരം അറിയിക്കണമെന്ന് വന ഗവേഷണ കേന്ദ്രത്തിലെ സയന്റിസ്റ്റ് ടി.വി.സജീവ് പറഞ്ഞു.
ഫോൺ: 0487 2690222

