കൊച്ചി: മിനി സ്ക്രീനിൽ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത പരസ്പരം എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ നായകകഥാപാത്രമായ സൂരജ് . മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി താരം രാഷ്ട്രീയത്തിലേക്ക് ചുവട് വെക്കാനുള്ള തയ്യാറെടുപ്പിലാണ്.
ബിജെപി ആവശ്യപ്പെടുകയാണെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്നും അതിനായി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച നടത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനത്തിൽ ആകൃഷ്ടനായാണ് പാർട്ടിയിൽ ചേരുന്നതെന്നും വിവേക് ഗോപൻ കൂട്ടിച്ചേർത്തു. തൃശ്ശൂർ കൊടുങ്ങല്ലൂരിൽ ഷൂട്ടിംഗ് ലൊക്കേഷൻ ഉള്ള വിവേക് ഗോപൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തൃശൂരിൽ എത്തിയപ്പോഴാണ് കൂടിക്കാഴ്ച നടത്തിയത്. കെ സുരേന്ദ്രന്റെ വിജയ യാത്രയുടെ ഭാഗമായി വിവേകിന് അംഗത്വം നൽകാനാണ് പാർട്ടിയുടെ തീരുമാനം. രാഷ്ട്ര സേവനത്തിനായി യുവതലമുറ മുന്നോട്ട് വരണം എന്നാണ് വിവേകിന്റെ പ്രതികരണം. കലാരംഗത്തു നിന്നും വരുന്നതിനാൽ ഒരുപാട് കാര്യങ്ങൾ തനിക്ക് ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് വിവേക്.
പരസ്പരം എന്ന പരമ്പരയ്ക്ക് ശേഷം സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന കാർത്തികദീപം എന്ന പരമ്പരയിൽ അഭിനയിച്ചുവരികയാണ് വിവേക്. പരമ്പരകൾക്ക് പുറമേ കുട്ടനാടൻ ബ്ലോഗ്, അച്ചാദിൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപി കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ തരംഗത്തിന്റെ പശ്ചാത്തലത്തിൽ അഭിനയരംഗത്തു നിന്നും കൂടുതൽ പ്രമുഖരെ മത്സര രംഗത്തിറക്കാനാണ് ബിജെപിയുടെ ശ്രമം.

