കൊച്ചി: കരിപ്പൂര്വിമാനാപകടത്തില് മരിച്ച കുന്നമംഗലം സ്വദേശി ഷറഫുദ്ദീന്റെ രണ്ടുവയസുളള മകള്‍ക്ക് 1.51 കോടിരൂപ നഷ്ടപരിഹാരം നല്കാന് തയ്യാറാണെന്ന് എയര്‍ ഇന്ത്യ കമ്പനി ഹൈക്കോടതിയെ അറിയിച്ചു. തുക എത്രയും വേഗം നല്കാന് ഷറഫൂദ്ദീന്റെ ഭാര്യ അമീന ഷെറിനും മകളും മാതാപിതാക്കളും നല്കിയ ഹര്‍ജി തീര്‍പ്പാക്കി ജസ്റ്റീസ് എന്‍ നാഗേഷ് ഉത്തരവിട്ടു. മരിച്ചയാളുടേയും ഭാര്യയുടേയും നഷ്ടപരിഹാരം തീരുമാനിക്കാനുളള പൂര്‍ണ്ണ രേഖകള്‍ ലഭിച്ചശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വിമാന അപകട ഇരകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് പ്രഖ്യാപിക്കുകയും അനുവദിച്ച് ഉത്തരവിടുകയും വേണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്.
ഷറഫുദ്ദീനൊപ്പം വിമാനത്തില്‍ യാത്ര ചെയ്തിരുന്ന ഭാര്യക്കും മകള്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. ഹര്‍ജിക്കാര്‍ക്ക് അന്തര്‍ദേശീയ സ്റ്റാന്റേര്‍ഡ് പ്രകാരമുളള കുറഞ്ഞ തുകപോലും അനുവദിച്ചിട്ടില്ലെന്നും ഇത് നല്കാന് ഉത്തരവിടണമെന്നുമായിരുന്നു ആവശ്യം. നേരത്തേ ഹര്‍ജി പരിഗണിക്കവെ ഹര്‍ജിക്കാരുടെ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരും എയര്‍ ഇന്ത്യയും കോടതിയെ അറിയിച്ചു. ക്ലെയിം ഫോറം ഉടന്‍ നല്‍കുമെന്ന് ഹരിജിക്കാരും അറിയച്ചു.
തുടര്‍ന്ന് എത്രയും വേഗം അപേക്ഷ നല്‍കാനും പരിഗണിച്ച് നല്‍കാനുദ്ദേശിക്കുന്ന തുക വ്യക്തമാക്കാനും കോടതി നിര്‍ദ്ദേശിച്ചു. അതേതുടര്‍ന്നാണ് കുട്ടിക്ക് 1,51, 08,234 രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് വിമാന കമ്പനി അറിയച്ചത്. ആവശ്യമായ രേഖകള്‍ ലഭിക്കുമ്പോള്‍ സഹ ഹര്‍ജിക്കാര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കാനും അനുവദിക്കുന്ന തുകയുടെ കാര്യത്തില്‍ തര്‍ക്കമുണ്ടെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ അടക്കം ഉചിതഫോറങ്ങളെ സമീപിക്കാമെന്നും വ്യക്തമാക്കിയാണ് ഹര്‍ജി തീര്‍പ്പാക്കിയത്.

