കത്തോലിക്കാ സഭക്ക് ബിജെ പി അസ്പര്‍ശ്യരല്ലെന്ന കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി

ന്യൂ ഡല്‍ഹി: കത്തോലിക്കാ സഭക്ക് ബിജെപി അസ്പര്‍ശ്യരല്ലെന്നും മോദി സര്‍ക്കാരുമായി സൗഹൃദ ബന്ധം തുടരുമെന്നും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി. പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായുളള കൂടികാഴ്ക്കുശേഷമാണ് മാര്‍ ആലഞ്ചേരി സഭയുടെ നയം വ്യക്തമാക്കിയത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ അസ്പര്‍ശ്യരായി മാറ്റി നിര്‍ത്തുന്നത് ക്രിസ്തീയ വിശ്വാസത്തിനെതിരാണെന്നും പ്രധാന മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു.

നിയമ സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ക്രൈസ്തവ സഭകളെ ബിജെപിയുമായി അടുപ്പിക്കുന്നതിന് മിസോറാം ഗവര്‍ണ്ണര്‍ പിഎസ് ശ്രീധരന്‍ പിളള മുന്‍കൈ എടുത്താണ് പ്രധാനമന്ത്രിയുമായുളള ചര്‍ച്ച ഒരുക്കിയത്. തങ്ങള്‍ ഉന്നയിച്ച വിഷയങ്ങളെല്ലാം കേട്ട് വളരെ തുറന്ന മനോഭാവത്തോടെയാണ് മോദി സംസാരിച്ചതെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. . ചില വിഷയങ്ങളില്‍ അദ്ദേഹത്തിനുളള ബുദ്ധിമുട്ടും പറഞ്ഞു. തുടര്‍ സംഭാഷണങ്ങള്‍ക്ക് പ്രധാനമന്ത്രി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പുരോഗമനപരമായ സമീപനമാണ് ഈ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നതെന്നും ക്രിസ്ത്യന്‍ സമുദായവും സര്‍ക്കാരും തമ്മില്‍ ശത്രുതയില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത ക്രൈസ്തവര്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ മോദിക്കുമുന്നില്‍ ഉന്നയിച്ചിട്ടില്ലെന്നും ഈയിടെ അത്തരത്തിലുളള ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ആലഞ്ചേരി വ്യക്തമാക്കി. രാജ്യത്തെ ന്യൂന പക്ഷങ്ങള്‍ക്കുനേരെ ബിജെപി സര്‍ക്കാര്‍ ആക്രമണം നടത്തുന്നുവെന്നാണ് പ്രതിപക്ഷ കക്ഷികള്‍ പറയുന്നതെന്നും അത് തളളിക്കളയുകയാണോയെന്നും ചോദിച്ചപ്പോള്‍ അവര്‍ പറയുന്നതിന് ഉത്തരം കൊടുക്കണോയെന്ന മറുചോദ്യമാണ് ആലഞ്ചേരിയില്‍ നിന്നുണ്ടായത്.

കേരളത്തില്‍ ഒരു മുന്നണിയെന്ന് സഭ പറയുന്ന രീതി അവസാനിപ്പിച്ചിട്ട് വര്‍ഷങ്ങളായി. ഓരോ തെരഞ്ഞെടുപ്പുകളും മുന്നണികളുടെ കണ്ണ് കുറപ്പിക്കേണ്ട യാഥാര്‍ത്ഥ്യങ്ങളാണ്. തദ്ദേശതെരഞ്ഞെടുപ്പിന്റെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് ആയാലും ,യുഡിഎഫ് ആയാലും അവരുടെ പ്രകടന പത്രികകളില്‍ മാറ്റങ്ങള്‍ വരുത്തുമായിരിക്കുമെന്നും ആലഞ്ചേരി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →