പത്തനംതിട്ട ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതിപരിഹാര അദാലത്തുകള്‍ ഇനി എല്ലാ ആഴ്ചയിലും

പത്തനംതിട്ട : ജില്ലാ കളക്ടറേറ്റില്‍ നിന്നും അക്ഷയകേന്ദ്രങ്ങള്‍ മുഖേന ഓണ്‍ലൈനായി നടത്തിവരുന്ന ജില്ലാകളക്ടറുടെ പരാതി പരിഹാര അദാലത്തുകള്‍ ഇനി എല്ലാ ആഴ്ചയിലും നടത്തുമെന്നും പൊതുജനങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ തുടക്കമിട്ട ഓണ്‍ലൈന്‍ അദാലത്തുകള്‍ ഇതുവരെ മാസംതോറുമാണ് നടത്തിവന്നത്. ഇതുവരെ ആകെ 14 ഓണ്‍ലൈന്‍ അദാലത്തുകളാണ് ജില്ലയില്‍ നടത്തിയിട്ടുള്ളത്. മുന്‍ ഓണ്‍ലൈന്‍ അദാലത്തു വരെ ലഭിച്ച ആകെ 508 പരാതികളില്‍  463 എണ്ണവും  പരിഹരിച്ചു. ബാക്കി 45 പരാതികള്‍ ദീര്‍ഘനാളായി പരിഹരിക്കാന്‍ കഴിയാതിരുന്നവ, കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടവ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്നവയാണ്.   മുന്‍പ് നടന്ന അദാലത്തില്‍ പരിഗണിച്ച് പരിഹരിച്ച  പരാതികള്‍ക്ക് പൂര്‍ണ്ണ പരിഹാരമായില്ലെങ്കില്‍ മുന്‍വിശദാംശങ്ങളുമായി വീണ്ടും അദാലത്തിനെ സമീപിക്കാം. അക്ഷയ കേന്ദ്രങ്ങള്‍ മുഖേന നടത്തുന്നതിനാല്‍ അദാലത്തുകളില്‍ പൂര്‍ണ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സാധിക്കുന്നു. നേരിട്ട് നടത്തുന്ന ആദാലത്തുകളില്‍ പങ്കെടുക്കുന്നതിനേക്കാള്‍ പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഏറ്റവും അനുയോജ്യം ഓണ്‍ലൈന്‍ അദാലത്തുകളാണ്. പൊതുജനങ്ങള്‍ക്ക് അദാലത്തിനായി തൊട്ടടുത്ത അക്ഷയകേന്ദ്രങ്ങളില്‍ എത്തുന്നതോടെ  ദൂരസ്ഥലങ്ങളില്‍ യാത്ര ചെയ്ത് പങ്കെടുക്കുമ്പോള്‍ ഉണ്ടാകാനിടയുളള സാമ്പത്തിക നഷ്ടവും സമയ നഷ്ടവും ഒഴിവാക്കാന്‍ സാധിക്കുന്നു. ഉദ്യോഗസ്ഥര്‍ക്കു സ്വന്തം ഓഫീസുകളിലിരുന്ന് അദാലത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഓഫീസിന്റെ സാധാരണ  പ്രവര്‍ത്തനത്തെ തടസപെടുത്താതെ പൂര്‍ണ പങ്കാളിത്തം ഉറപ്പുവരുത്താനും കഴിയും.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →