ബംഗളൂരു: ജെഡിഎസ് നേതാവും കര്‍ണാടക നിയമനിര്‍മ്മാണ കൗണ്‍സില്‍ (എംഎല്‍സി) ഡെപ്യൂട്ടി ചെയര്‍മാനുമായ എസ് എല്‍ ധര്‍മ്മ ഗൗഡയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചിക്കമഗളൂരിനടുത്ത കടൂരിലെ റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസം വീടുവിട്ടിറങ്ങിയ 64 കാരനായ ധര്‍മ്മഗൗഡയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ആഴ്ചകള്‍ക്ക് മുമ്പ് കര്‍ണാടക നിയമ നിര്‍മ്മാണ സഭയില്‍ അരങ്ങേറിയ സംഭവങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന വ്യക്തിയാണ് ധര്‍മ്മ ഗൗഡ. ഉപരിസഭയിലെ നിലവിലെ ചെയര്‍മാനും കോണ്‍ഗ്രസ് പ്രതിനിധിയുമായ പ്രതാപ ചന്ദ്ര ഷെട്ടിയുടെ കസേര ധര്‍മ്മഗൗഡ കൈയ്യടക്കാന്‍ ശ്രമിച്ചതിന് സഭയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കൈയ്യാങ്കളി നടന്നിരുന്നു. ധര്‍മ്മ ഗൗഡയെ ഇരിപ്പിടത്തില്‍ നിന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ വലിച്ചിറക്കിയിരുന്നു.ധര്‍മ്മഗൗഡ ബിജെപിയിലേക്ക് ചുവടുമാറുന്നു എന്ന ആരോപണം കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് ശക്തമാക്കിയിരുന്നു. ധര്‍മ്മ ഗൗഡയുടെ അപ്രതീക്ഷിത മരണം വരും ദിവസങ്ങളില്‍ കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കമെന്ന് ഉറപ്പാണ്.
2018 ഡിസംബര്‍ 19 നാണ് ധര്‍മ്മ ഗൗഡയെ ഡെപ്യൂട്ടി ചെയര്‍മാനായി തിരഞ്ഞടുത്തത്. ചിക്കമഗളൂരു ജില്ലയിലെ കടൂര്‍ താലൂക്കിലെ സക്കരായപട്ടണത്തിനടുത്തുള്ള സരപ്പനഹള്ളി സ്വദേശിയാണ് ധര്‍മ്മ ഗൗഡ. പിതാവ് എസ് ആര്‍ ലക്ഷ്മയ്യ. കൃഷ്ണമ്മയാണ് മാതാവ്. ബി എ ബിരുദധാരിയാണ്. മുതിര്‍ന്ന ജെഡിഎസ് നേതാവ് ദേവഗൗഡയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയ നേതാവു കൂടിയാണ് ധര്‍മ്മ ഗൗഡ. 2004ല്‍ ബീരൂര്‍ മണ്ഡലത്തില്‍ നിന്നും നിയമ സഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ടു. സഹകരണ മേഖലയില്‍ ധര്‍മ്മ ഗൗഡ നല്‍കിയ സംഭാവനകള്‍ ഏറെയാണ്. ജനതാ ബസാര്‍, ക്ഷീര വികസനം എന്നീ രംഗങ്ങളില്‍ സഹകാരിയായി മികച്ചു നിന്ന ധര്‍മ്മ ഗൗഡ ചിക്കമഗളൂരു സഹകരണ ബാങ്ക് അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹോദരന്‍ എസ് എല്‍ ഭോജെ നിയമനിര്‍മ്മാണ കൗണ്‍സില്‍ അംഗമാണ്.

