പത്തനംതിട്ട: വീട്ടമ്മയെ ടാപ്പിംഗ് കത്തിയുപയോഗിച്ച കുത്തിക്കൊന്ന് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച രണ്ടാം ഭര്‍ത്താവ് അറസ്റ്റിലായി. അടൂര്‍ ആനന്ദപ്പളളി സ്വദേശി മധുസൂദനനാണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ച (15.12.2020) രാത്രിയാണ് ഭാര്യ സുശീലയെ ഇയാള്‍ ടാപ്പിംഗ് കത്തികൊണ്ട് കുത്തികൊന്നത്.
ഭാര്യ മരിച്ചെന്ന് ഉറപ്പായതോടെ ബുധനാഴ്ച(16/12/2020) പുലര്‍ച്ചെ ചാക്കില്‍കെട്ടി സ്വന്തം ഓട്ടോറിക്ഷയില്‍ കൂരമ്പാല ജംഗ്ഷന് സമീപമുളള റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം കണ്ട നാട്ടുകാര്‍ വിവരം അറിയിച്ചതോടെ പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.
കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി .ടാപ്പിംഗ് തൊഴിലാളിയായ ഇരുവരും രണ്ട് വര്‍ഷം മുമ്പ് ളാഹ എസ്റ്റേറ്റില്‍ വച്ചാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് വിവാഹിതരായി മധുസൂദനന്റെ പന്നിവിഴയിലെ വീട് വിറ്റ് കൂരമ്പാലയില്‍ താമസമാക്കിയതോടെയാണ് കുടുംബ കലഹം തുടങ്ങിയത്.
പ്ലാന്റേഷന് കോര്‍പ്പറേഷനില്‍നിന്ന് വിരമിച്ചപ്പോള്‍ സുശീലക്ക് കിട്ടിയ മൂന്നുലക്ഷം രൂപയില്‍ രണ്ട് ലക്ഷം രൂപക്കാണ് സ്ഥലം വാങ്ങിയത്. ബാക്കി പണത്തെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കേടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

