ബീജിംഗ്: തങ്ങൾ നിർമിച്ച കൃത്രിമ സൂര്യനെ ആദ്യമായി പ്രവർത്തിപ്പിച്ചിരിക്കുകയാണ് ചൈന. ‘കൃത്രിമ സൂര്യൻ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ന്യൂക്ലിയർ ഫ്യൂഷൻ റിയാക്ടർ വിജയകരമായി പ്രവർത്തിപ്പിച്ചതായി ചൈനീസ് ഔദ്യോഗിക മാധ്യമമായ പീപ്പിൾസ് ഡെയ്ലി വെള്ളിയാഴ്ച (04/12/20) റിപ്പോർട്ട് ചെയ്തു. ഇതോടെ ആണവോർജ്ജ ഗവേഷണ ശേഷിയിൽ രാജ്യം വലിയ മുന്നേറ്റം രേഖപ്പെടുത്തിയതായി റിപ്പോർട്ട് അവകാശപ്പെടുന്നു.
ചൈനയിലെ ഏറ്റവും വലുതും നൂതനവുമായ ന്യൂക്ലിയർ ഫ്യൂഷൻ പരീക്ഷണാത്മക ഗവേഷണ ഉപകരണമാണ് എച്ച്എൽ -2 എം ടോകമാക് റിയാക്ടർ.
ചൂടുള്ള പ്ലാസ്മയെ സംയോജിപ്പിക്കാൻ ഉപകരണത്തിൽ അതിശക്തമായ കാന്തികക്ഷേത്രം ഉപയോഗിക്കുന്നു. പീപ്പിൾസ് ഡെയ്ലിയുടെ റിപ്പോർട് അനുസരിച്ച് സൂര്യന്റെ അകക്കാമ്പിനേക്കാൾ പത്തിരട്ടി ചൂടാണ് ഉപകരണത്തിൽ ഉണ്ടായത്.
തെക്കുപടിഞ്ഞാറൻ സിചുവാൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന റിയാക്ടറിന്റെ നിർമാണം കഴിഞ്ഞ വർഷം അവസാനത്തോടെയാണ് പൂർത്തിയായത്.
“ന്യൂക്ലിയർ ഫ്യൂഷൻ ഊർജോൽപാദനം ചൈനയുടെ ഊർജ്ജ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു മാർഗ്ഗം മാത്രമല്ല, ചൈനയുടെ സുസ്ഥിര വികസനത്തിനത്തിലേക്കുള്ള ഒരു പടവു കൂടിയാണ്.” പീപ്പിൾസ് ഡെയ്ലി പറഞ്ഞു.
കൃത്രിമ സൂര്യന്റെ മൊത്തം ചെലവ് 22.5 ബില്യൺ ഡോളറാണ്.

