ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നോട്ടു വച്ച നിര്‍ദേശം തള്ളി കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കർഷകർ. ഉപാധികളോടെ സര്‍ക്കാരുമായി ചര്‍ച്ചയില്ലെന്നും ഉപാധികള്‍ പിന്‍വലിച്ചാല്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകാം എന്നും കര്‍ഷക നേതാക്കൾ പറയുന്നു. പുതിയ കാര്‍ഷിക നിയമം കർഷകർക്ക് സുവർണാവസരമാണെന്ന് മന്‍കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിന്റെ തൊട്ടടുത്ത നിമിഷം ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു കര്‍ഷകര്‍ നിലപാട് വ്യക്തമാക്കിയത്.
സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ് അടക്കമുള്ള 7 അംഗ കമ്മിറ്റിയുടേതാണ് തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കില്‍ അവര്‍ സിംഘു ദേശീയ പാതയില്‍ വരും. ഈ സര്‍ക്കാരിന് കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ ഒരു താല്‍പര്യവുമില്ല. അവര്‍ രാജ്യത്തിന് മുന്നില്‍ ഷോഓഫ് നടത്തുകയാണ്. കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് വരുത്താനാണ് ശ്രമം. കാര്‍ഷിക ബില്ല് ഭേദഗതി ചെയ്യണം. അതാണ് ഞങ്ങള്‍ക്ക് വേണ്ടത്.’ അമൃത്‌സര്‍ കര്‍ഷക സംഘടനാ നേതാവ് ജസ്‌കരന്‍ സിംഗ് പറഞ്ഞു. പ്രധാനമായും സിംഘു ദേശീയ പാത ഉപരോധിച്ചാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്.
സർക്കാർ നിര്‍ദേശിക്കുന്ന സ്ഥലത്തേക്ക് സമരം മാറ്റിയാല്‍ കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറാണെന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. നോര്‍ത്ത് ഡല്‍ഹി ബുരാരി ശാന്ത് നിരങ്കാരി മൈതാനത്തേക്ക് കര്‍ഷകര്‍ സമരം മാറ്റണമെന്നും അമിത് ഷാ ആവശ്യപ്പെട്ടിരുന്നു.

