ഇടുക്കി: പീരുമേട് എംഎല്‍എ ഇ .എസ്. ബിജിമോളുടെ ഭര്‍ത്താവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. 2016 ല്‍ തെരഞ്ഞെടുപ്പ് ചെലവിലേക്കായി വാങ്ങിയ 15 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്ന പരാതിയിൽ കോടതി ഉത്തരവിനെ തുടര്‍ന്നാണ് ബിജിമോളുടെ ഭര്‍ത്താവ് പി. കെ. റെജിക്കെതിരെ കേസെടുത്തത്
റെജിയുടെ ഏലപ്പാറയിലെ സ്ഥാപനത്തില്‍ ജീവനക്കാരായിരുന്ന
ഉപ്പുതുറ കോതപ്പാറ കപ്പാലുമൂട്ടില്‍ കെ. എം .ജോണ്‍ എന്നയാളാണ് റെജിയ്ക്കെതിരെ കോടതിയെ സമീപിച്ചത്. ജോണിന്റെ പേരിലുള്ള ഭൂമി റെജിയുടെ നിര്‍ദ്ദേശ പ്രകാരം ഏലപ്പാറ ഗ്രാമീണ ബാങ്കില്‍ പണയപ്പെടുത്തുകയും പണം ബാങ്കില്‍ തന്നെ നിക്ഷേപിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം ആവശ്യമായി വന്നതോടെയാണ് ക്രയവിക്രയം ചെയ്യാൻ ആവശ്യപ്പെട്ടതെന്നാണ് ജോണും ഭാര്യയും പറയുന്നത്.
പിന്നീട് റെജി വ്യാജ ഒപ്പിട്ട് ജോണിന്റെ അറിവോടെ അല്ലാതെ ബാങ്കില്‍ നിന്നും പണം പിന്‍വലിച്ചതായാണ് പരാതി. പണം തിരികെ നല്‍കാമെന്ന് ഉറപ്പു നല്‍കിയെങ്കിലും നൽകിയില്ലെന്നും പരാതിയില്‍ പറയുന്നു.
ബിജിമോള്‍ എംഎല്‍എയെ നേരിട്ട് കണ്ട് ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് എത്തിയ കാര്യം ജോണ്‍ അറിയിച്ചിരുന്നു. എന്നാല്‍ എംഎല്‍എ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് ജോണ്‍ ആരോപിക്കുന്നത്. സംഭവത്തില്‍ പാര്‍ട്ടിയിലെ ഉന്നത നേതൃത്വത്തിനും ജില്ലാ പോലീസ് മേധാവിയ്ക്കും ഉള്‍പ്പെടെ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. തുടര്‍ന്നാണ് ജോണ്‍ കോടതിയെ സമീപിച്ചത്



