റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ തിരെഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സരിത എസ് നായർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തളളി. രാഹുലിൻ്റെ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും തന്റെ സ്ഥാനാര്‍ത്ഥിത്വം തള്ളിയ നടപടി റദ്ദുചെയ്ത് വയനാട്ടിൽ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് സരിത എസ് നായര്‍ നല്‍കിയ ഹര്‍ജിയാണ് തിങ്കളാഴ്ച (02/11/20) പരമോന്നത കോടതി തള്ളിയത്. ബാലിശമായ ഹര്‍ജി നല്‍കി കോടതിയുടെ സമയം കളഞ്ഞതിന് സരിതയ്ക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

സരിതയുടെ അഭിഭാഷകര്‍ തുടര്‍ച്ചയായി ഹാജര്‍ ആകാത്തതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളുന്നതെന്ന് ചീഫ് ജസ്റ്റിസ് ബോബ്‌ഡെ വ്യക്തമാക്കി. ഇന്നും കേസ് പരിഗണിച്ചപ്പോള്‍ സരിതയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്നാണ് പിഴയോടെ കോടതി ഹര്‍ജി തള്ളിയത്.

സരിതയുടെ ഹര്‍ജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍നിന്നും മത്സരിക്കാൻ സരിത നൽകിയ നാമനിര്‍ദ്ദേശം വരണാധികാരികള്‍ തളളിയിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍, പത്തനംതിട്ട കോടതികള്‍ സരിതയ്ക്ക് ശിക്ഷ വിധിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു നാമനിര്‍ദ്ദേശ പത്രിക തള്ളിയത്. വയനാടിന് പുറമെ രാഹുലിന്റെ മണ്ഡലമായിരുന്ന അമേഠിയിലും സരിത പത്രിക നല്‍കിയിരുന്നു. അമേഠിയിലെ നാമനിര്‍ദ്ദേശ പത്രികയും തള്ളിയിരുന്നു.

തനിക്കെതിരായ ശിക്ഷാവിധി സെഷന്‍സ് കോടതി സ്‌റ്റേ ചെയ്തിട്ടുണ്ടെന്നും മത്സരിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നുമാണ് സരിത ഹർജിയില്‍ അവകാശപ്പെട്ടിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *