വെടിവച്ചാംകോവിലിൽ 17 വയസ്സുകാരനായ ശിവസൂര്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ നാല് പ്രതികളെ പൊലീസ് പിടികൂടി. പള്ളിച്ചൽ സ്വദേശി അജിത് (21), പള്ളിച്ചൽ പാരൂർക്കുഴി സ്വദേശി കാർത്തികേയൻ (21), മുടവൂർപാറ സ്വദേശി പ്രിയദർശൻ (20), പള്ളിച്ചൽ സ്വദേശി ആരോമൽ (21) എന്നിവരാണ് അറസ്റ്റിലായത്. ഒന്നും രണ്ടും നാലും പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൂന്നാം പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
ഫുട്ബോൾ ടർഫിൽ ഒരു വർഷം മുമ്പുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രതികളുടെ മൊഴി. അന്ന് ഇരുസംഘങ്ങളും തമ്മിൽ പ്രശ്നം പരിഹരിച്ചിരുന്നുവെങ്കിലും വൈരാഗ്യം തുടർന്നിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം എതിർ സംഘത്തിലെ ഒരാളെ ശിവസൂര്യ തുറിച്ചുനോക്കിയത് പ്രകോപനത്തിന് ഇടയാക്കിയതായും തുടർന്ന് സംഘം ചേർന്ന് ആക്രമണം നടത്തുകയായിരുന്നുവെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഗുരുതരമായി പരിക്കേറ്റ ശിവസൂര്യയെ പ്രതികൾ ബൈക്കിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. യുവാവ് റോഡരികിൽ വീഴുന്നതും രക്തത്തിൽ കുളിച്ച് കിടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.