ഗൂര്‍ഖാ നേതാക്കളുടെ ഭിന്നിപ്പിന് അവസാനമിടാന്‍ മമത ബാനര്‍ജി: നേതാക്കളെ കൂടികാഴ്ചയ്ക്ക് ക്ഷണിച്ചതായി റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച തലവന്‍ ബിമല്‍ ഗുരുംഗ് തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ഗുരുംഗ് വിരുദ്ധ വിഭാഗം ആരംഭിച്ച പ്രതിഷേധം തണുപ്പിക്കാന്‍ മമതാ ബാനര്‍ജി. ഗുരുംഹ് വിരുദ്ധ വിഭാഗം നേതാക്കളായ ബിനായ് തമാങ്, അനിത് താപ്പ എന്നിവരെ മമത കൂടികാഴ്ചയ്ക്ക് ക്ഷണിച്ചതായാണ് വിവരം. അതേസമയം, പശ്ചിമ ബംഗാള്‍ സര്‍ക്കാരോ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നേതൃത്വത്തില്‍ നിന്നോ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.

ബിനായ് തമാങ്, അനിത് താപ്പ എന്നിവരുമായി നടത്തുന്ന കൂടികാഴ്ചയില്‍ ഗുരുംഗ് വിഭാഗവുമായി അനുരജ്ഞനത്തിലെത്താന്‍ മമത ആവശ്യപ്പെടുമെന്നാണ് കരുതുന്നത്. ഈ മാസം ആദ്യം കൊല്‍ക്കത്തയിലെത്തി മമതയെ കണ്ട ഗരുരംഗ്, എന്‍.ഡി.എയുമായുള്ള സഖ്യം അവസാനിപ്പിക്കുന്നതായും 2021ല്‍ നടക്കാന്‍ പോകുന്ന ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം ചേരുമെന്നമാണ് അറിയിച്ചത്. സാള്‍ട്ട് ലേക്കിലെ ഗൂര്‍ഖാ ഭവന് പുറത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് ബിമല്‍ ഇക്കാര്യം അറിയിച്ചത്. ഗൂര്‍ഖകളോടും ഗോത്രവര്‍ഗ വിഭാഗങ്ങളോടും ബി.ജെ.പി പ്രതിബദ്ധത പാലിച്ചില്ലെന്നും എന്നാല്‍ മമതാ ബാനര്‍ജി അവര്‍ പറഞ്ഞ എല്ലാ വാക്കുകളും പാലിച്ചിട്ടുണ്ടെന്നും അതുകൊണ്ട് എന്‍.ഡി.എ വിടാനും ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിക്കാനും തീരുമാനിച്ചതായി ബിമല്‍ പറഞ്ഞിരുന്നു.പ്രത്യേക ഗൂര്‍ഖാ സംസ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍ തുടരുമെന്നും 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇക്കാര്യം ഉയര്‍ത്തിക്കാട്ടുന്ന പാര്‍ട്ടിയ്‌ക്കൊപ്പം നിലകൊള്ളുമെന്നും ബിമല്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് മാസമായി താന്‍ ജാര്‍ഖണ്ഡിലും അതിന് മുമ്പ് ഡല്‍ഹിയിലുമായിരുന്നുവെന്ന് ബിമല്‍ വെളിപ്പെടുത്തി.2017ല്‍ ഡാര്‍ജിലിംഗില്‍ നടന്ന ആക്രമണ സംഭവങ്ങള്‍ക്ക് പിന്നാലെ അറസ്റ്റ് ഒഴിവാക്കാനാണ് ബിമല്‍ ഒളിവില്‍ പോയത്. ഇന്ന് കൊല്‍ക്കത്തയില്‍ പ്രത്യക്ഷപ്പെട്ട ബിമലിനെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമം നടത്തിയിരുന്നില്ല. യു.എ.പി.എ അടക്കം ചുമത്തിയുള്ള 150 ലേറെ കേസുകളില്‍ പ്രതിയാണിയാള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →