ലിമ : പെറുവിലെ നിഗൂഢമായ ‘നാസ്കാ’ രേഖകളിൽ നിന്നും ഭീമാകാരമായ ഒരു പൂച്ചയുടെ രൂപം കൂടി പുരാവസ്തു ഗവേഷകർ കണ്ടെടുത്തു. 37 മീറ്റർ നീളം വരുന്ന പൂച്ചയുടെ രൂപം ചെങ്കുത്തായ ഒരു പാറക്കുന്നിൻ്റെ ചരിവിലാണ്. പെറുവിലെ ലിമയിൽ നിന്ന് ഏകദേശം 250 മൈൽ തെക്ക് ഭാഗത്തായി പസഫിക് സമുദ്രത്തിൻ്റെ തീരത്ത് നിന്ന് ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന മരുഭൂപ്രദേശത്താണ് നാസ്കാ രേഖകൾ എന്നറിയപ്പെടുന്ന വിചിത്രവും നിഗൂഢവുമായ ചിത്രങ്ങൾ കാണപ്പെടുന്നത്. അതിൽ ഏറ്റവും ഒടുവിലായി കണ്ടെത്തിയതാണ് ഈ ‘പൂച്ച ‘.
കുത്തനെയുള്ള ചരിവിലായതിനാൽ മണ്ണൊലിപ്പ് ബാധിക്കുന്നുണ്ട്. ചിത്രം ഇനി ഏറെനാൾ നിലനിൽക്കാനിടയില്ലെന്ന് പെറുവിലെ സാംസ്കാരിക മന്ത്രാലയം പറയുന്നു.
പ്രാചീന ‘നാസ്കൻ’ ജനത 2100 വർഷം മുൻപ് നിർമിച്ചതാണ് ഇത്തരം രേഖാചിത്രങ്ങൾ എന്നാണ് ചരിത്ര ഗവേഷകർ പറയുന്നത്. ബി സി 100 നും ബി സി 200 നും ഇടയിലാണ് ചിത്രങ്ങളുടെയെല്ലാം നിർമാണ കാലം എന്നാണ് കണക്കാക്കുന്നത്. പാറ പോലെ ഉറച്ച മണ്ണിലാണ് ചാലുകൾ തീർത്ത് ഇവ വരച്ചിട്ടുള്ളത് , മൂന്നും നാലും ഇഞ്ച് ആഴത്തിൽ കുഴിച്ചുണ്ടാക്കിയ ചാലുകളാണിവ.
ഒരു ഹമ്മിംഗ് ബേർഡ്, ഒരു കുരങ്ങൻ , അന്യഗ്രഹ ജീവിയെന്ന് ചിലർ വിളിക്കുന്ന മനുഷ്യനെ പോലുള്ള ഒരു ജീവി, ഒപ്പം അർത്ഥം തിരിച്ചറിയാനാകാത്ത കുറേ രൂപങ്ങളും, ഇങ്ങനെ നീണ്ടു പോകുന്നു നാസ്കാ രേഖകളുടെ പട്ടിക. വിശാലമായ ഭൂപ്രദേശത്ത് അതിവിസ്തൃതിയിൽ വരച്ചിട്ടുള്ള ഈ ചിത്രങ്ങൾ വളരെ ഉയരത്തിൽ നിന്ന് നോക്കുമ്പോൾ മാത്രമേ തിരിച്ചറിയാനാകൂ. വരച്ചവർക്ക് പോലും രൂപം പൂർണരൂപത്തിൽ കാണാൻ ഒരു ചെറുവിമാനത്തിൽ സഞ്ചരിച്ച് മുകളിൽ നിന്ന് താഴേക്ക് നോക്കണം. 2000 വർഷം മുൻപ് ഒരു ജനത എങ്ങനെ ഇവ വരച്ചുവെന്നോ ,എന്തിന് വരച്ചുവെന്നോ ഉള്ള കാര്യങ്ങൾ ഗവേഷകർക്ക് ഇന്നും അജ്ഞാതമാണ്.
ഭൂമിയിലെ ഈ ‘രേഖകൾ’ ചിത്രങ്ങളാണെന്ന് തിരിച്ചറിയാൻ ആദ്യകാലത്ത് ആർക്കും സാധിച്ചിരുന്നില്ല . പ്രാചീന മനുഷ്യർ നിർമിച്ച റോഡുകളോ മറ്റോ ആണെന്നാണ് മിക്ക ആളുകളും കരുതിയത്. കിലോമീറ്ററുകളോളം നീളമുണ്ടായിരുന്ന ഒരടിയിലേറെ വീതിയുള്ള ചാലുകളുടെയും പാടുകളുടെയും യാഥാർത്ഥ്യം ഡ്രോണുകളും ഹെലിക്കോപ്റ്ററുകളും ഇല്ലാത്ത അക്കാലത്ത് അനാവരണം ചെയ്യപ്പെടാതെ അങ്ങനെ കിടന്നു.
1927 ൽ അവിടെയെത്തിയ പെറുവിയൻ പുരാവസ്തു ഗവേഷകനായ ടോറിബിയോ മെജിയ സെസ്പെ ഉയർന്ന ഒരു കുന്നിൽ നിന്ന് താഴേക്ക് നോക്കിയപ്പോഴാണ് താഴ്വരയിൽ കാണുന്ന ചാലുകൾ റോഡുകളല്ലെന്ന സംശയം ആദ്യം ഉണ്ടായത്.
ഇൻകകളുടെ സാമ്രാജ്യ രൂപീകരണത്തിന് വളരെ മുൻപു തന്നെ തെക്കൻ പെറുവിലെ വരണ്ട താഴ്വരകളിൽ നാസ്ക ജനത ഒരു നാഗരികത രൂപപ്പെടുത്തിയിരുന്നു. നൂറ്റാണ്ടുകളോളം അഭിവൃദ്ധിയിൽ കഴിഞ്ഞ ആ സംസ്കൃതി ഏകദേശം 1500 വർഷങ്ങൾക്കു മുൻപാണ് ഭൂമഖത്തു നിന്നും തുടച്ചു നീക്കപ്പെടുന്നത്. നാസ്കാ നാഗരികതയുടെ പതനത്തിനു കാരണം അവരുടെ തെറ്റായ പാരിസ്ഥിതിക ഇടപെടലുകളായിരുന്നു എന്നാണ് ഗവേഷകർ അനുമാനിക്കുന്നത്.
‘തെക്കേ അമേരിക്കയിലെ ആ ഭൂപ്രദേശത്തിൻ്റെ പാരിസ്ഥിതിക സംതുലിതാവസ്ഥ നിലനിർത്തിയിരുന്ന ‘ഹുവാരംഗോ’ മരങ്ങളെ കൃഷിയിടങ്ങൾ നിർമിക്കാനായി നാസ്കൻ ജനത വെട്ടിമാറ്റി. ധാന്യത്തിനും മറ്റു വിളകൾക്കുമായി നിലമൊരുക്കാൻ ഹുവാരംഗോക്കാടുകളെ പൂർണമായും വെട്ടിമാറ്റുമ്പോൾ മണ്ണിൻ്റെ ഫലഭൂയിഷ്ഠിയ്ക്കും ഈർപ്പത്തിനും വനങ്ങൾ അനിവാര്യമാണെന്ന് നാസ്കൻ ജനതയ്ക്ക് തിരിച്ചറിയാനായില്ല. മരങ്ങളില്ലാതായതോടെ ആ വരണ്ട ഭൂമി മരുക്കാറ്റുകൾക്കായി തുറന്നിടപ്പെട്ടു. എ ഡി 600 ൽ ഉണ്ടായ ഒരു എൽനിനോയും വെളളപ്പൊക്കവും കൃഷിഭൂമികളെ തുടച്ചു നീക്കുകയും ചെയ്തു. വനങ്ങൾ നിലനിന്നിരുന്നെങ്കിൽ ഇവയുടെയെല്ലാം ആഘാതം കുറയുമായിരുന്നു.’
കേംബ്രിഡ്ജ് സർവകലാശാലയുടെ പഠന റിപ്പോർട് പറയുന്നു.
തെറ്റായ പാരിസ്ഥിതിക ഇടപെടലുകളാൽ നശിച്ചുപോയ പ്രാചീന സംസ്കൃതികളിലൊന്നു മാത്രമാണ് നാസ്കൻ നാഗരികതയെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.നൂറുകണക്കിന് രൂപങ്ങൾ വരച്ചിട്ടുള്ള ഈ ഭൂപ്രദേശത്തെ 1994 മുതൽ യുനസ്കോ ലോക പൈതൃക കേന്ദ്രമാക്കി സംരക്ഷിച്ചു വരികയാണ്.

