ഹുക്കുഷിമയിലെ ആണവമാലിന്യം കലർന്ന10 ലക്ഷം ടൺ വെള്ളം കടലിലൊഴുക്കാൻ തയ്യാറെടുത്ത് ജപ്പാൻ

ടോക്കിയോ: അയൽരാജ്യങ്ങളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും എതിർപ്പിനെ വകവയ്ക്കാതെ ഹുക്കുഷിമയിലെ ആണവമാലിന്യം കലർന്ന വെള്ളം കടലിലൊഴുക്കാൻ ജപ്പാൻ നീക്കം തുടങ്ങി. 10 ടൺ വെള്ളമാണ് അതീവ സുരക്ഷയോടെ പ്രത്യേക സംഭരണികളിലാക്കി ജപ്പാനിൽ സൂക്ഷിച്ചിട്ടുള്ളത്. 2022 മുതൽ ഈ വെള്ളം കടലിലൊഴുക്കാനാണ് ജപ്പാന്റെ തീരുമാനം.

‘ട്രീഷിയം’ എന്ന ഒരു റേഡിയോ ആക്ടീവ് ഐസോടോപ്പ് ഒഴികെ മറ്റെല്ലാം വെള്ളത്തിൽ നിന്ന് നീക്കം ചെയ്തതായി ജപ്പാനിലെ ആണവ വിദഗ്ധർ പറയുന്നു. ട്രീഷ്യം വലിയ അളവിൽ മാത്രമാണ് അപകടകാരി എന്നാണ് ജപ്പാന്റെ വാദം. മലിനജലം കടലിലൊഴുക്കുന്നതിനു മുൻപ് കടൽവെള്ളം കൊണ്ട് നേർപ്പിക്കണമെന്നാണ് അന്താരാഷ്ട്ര ആണവോർജ വിദഗ്ധർ പറയുന്നത്. എന്നാൽ നിലവിലെ സാങ്കേതിക വിദ്യകൾ പ്രകാരം അത്തരമൊരു നേർപ്പിക്കൽ പ്രക്രിയ നടത്താൻ ചുരുങ്ങിയ പക്ഷം 30 വർഷമെങ്കിലും വേണ്ടി വരും എന്നാണ് ജപ്പാന്റെ വാദം.

2011 ൽ ഉണ്ടായ വൻ ഭൂകമ്പവും തുടർന്ന് ഉണ്ടായ സുനാമിയും മൂലം വൈദ്യുതി നിലയത്തിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും തകരുകയും ചെയ്തതിനെത്തുടർന്നാണ് ആണവമാലിന്യം കലർന്ന വെള്ളം നിലയത്തിൽ സംഭരിച്ചത്.

പ്ലാന്റ് പ്രവർത്തിപ്പിക്കുന്ന ‘ടോക്കിയോ ഇലക്ട്രിക് ‘ ആണ് വൈദ്യുത നിലയത്തിൽ വെള്ളം സംഭരിച്ചിരിക്കുന്നത്. വെള്ളം സംഭരിക്കുന്നതിനായി കൂടുതൽ ടാങ്കുകൾ നിർമ്മിക്കുന്നത് ഇപ്പൊഴും തുടരുകയുമാണ്. 2011 ലെ ഭൂകമ്പത്തിനും സുനാമിക്കും ശേഷം ഫുകുഷിമ ഡൈചി ആണവ നിലയം അറ്റകുറ്റപ്പണി നടത്താൻ പോലും കഴിയാത്തവിധം തകർന്നിരുന്നു.

വെള്ളം കടലിലൊഴുക്കാനുള്ള നീക്കത്തിനെതിരെ പരിസ്ഥിതി പ്രവർത്തകരും കർഷകരും മത്സ്യത്തൊഴിലാളികളും ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →