ലഖ്‌നൗ: ഹാത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ അച്ഛനമ്മമാരെ സന്ദര്‍ശിക്കാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് യു.പി പൊലീസ്. മലയാളിയായ ഓൺലൈൻ മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെയാണ് അറസ്റ്റ് ചെയ്തത്.
ഹാത്രാസിലെ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചുവെന്നും സമാധാനാന്തരീക്ഷം തകര്‍ക്കാനും ശ്രമിച്ചെന്നുമാരോപിച്ചാണ് അറസ്റ്റ്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ദല്‍ഹി ഘടകം സെക്രട്ടറിയാണ് അറസ്റ്റിലായ സിദ്ദീഖ്. യു.പി പൊലീസിന്റെ നടപടിയില്‍ കെ.യു.ഡബ്ല്യു.ജെ അപലപിച്ചു. കേരള മുഖ്യമന്ത്രിമാര്‍ക്കും സംസ്ഥാന ഡി.ജി.പിമാര്‍ക്കും പരാതി നല്‍കി.
ഹാത്രാസില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളെ കടത്തുന്നത് വിലക്കിയിരുന്നു. പിന്നീട് ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകരെ പൊലീസ് കടത്തി വിട്ടത്.

