കൊച്ചി : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തെ തുടർന്ന്
സുഹൃത്തായ വിഷ്ണു സോമസുന്ദരത്തിന്റെ സാമ്പത്തിക ഇടപാടുകളിൽ സിബിഐ അന്വേഷണം ഊർജിതമാക്കി. ബാലഭാസ്കർ വിഷ്ണു സോമസുന്ദരത്തിന് 50 ലക്ഷം രൂപ നൽകിയതായി സിബിഐ കണ്ടെത്തി. ഈ പണം സ്വർണക്കടത്തിൽ നിക്ഷേപിച്ചുവെന്നാണ് അന്വേഷണ സംഘത്തിൻ്റെ സംശയം.
ക്രൈംബ്രാഞ്ചിന് പിന്നാലെയാണ് സിബിഐ അന്വേഷണ സംഘവും ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിക്കുന്നത്. ബാലഭാസ്കർ സുഹൃത്തുക്കളായ വിഷ്ണു സോമസുന്ദരത്തിനും പ്രകാശൻ തമ്പിക്കും സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്നാണ് മുൻപ് കേസന്വേഷിച്ച ക്രൈംബ്രാഞ്ചും കണ്ടെത്തിയിരുന്നത്.
2018 മാർച്ചിലാണ് സ്വർണക്കടത്ത് കേസിലെ പ്രതി കൂടിയായ വിഷ്ണു സോമസുന്ദരത്തിന് 50 ലക്ഷം രൂപ നൽകിയത്. എന്നാൽ ഈ പണം വിഷ്ണു സോമസുന്ദരം തിരിച്ചുനൽകിയിട്ടില്ല. അതാണ് ഈ തുക സ്വർണക്കടത്തിന് നിക്ഷേപിച്ചിട്ടുണ്ടോയെന്ന് സിബിഐ സംഘം സംശയിക്കാൻ കാരണം.
വിഷ്ണു സോമസുന്ദരത്തിന്റെയും പ്രകാശൻ തമ്പിയുടെയും നുണപരിശോധന കഴിഞ്ഞ ദിവസം സിബിഐ നടത്തിയിരുന്നു. കലാഭവൻ സോബിയെ നാളെ വീണ്ടും നുണപരിശോധനയ്ക്ക് വിധേയനാക്കും. ചില കാര്യങ്ങളിൽ വ്യക്തത തേടിയാണ് വീണ്ടും നുണപരിശോധന നടത്തുന്നത്.
വിഷ്ണു സോമസുന്ദരത്തിന്റെയും പ്രകാശൻ തമ്പിയുടെയും മറ്റ് സ്വത്തുക്കൾ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്. കൂടുതൽ ശാസ്ത്രീയ പരിശോധനകൾ വരുംദിവസങ്ങളിൽ നടത്തുമെന്ന് ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു.

