തിരുവനന്തപുരം: പെട്ടിമുടി ദുരന്തത്തിലും കരിപ്പൂര്‍ വിമാനാപകടത്തിലും മരിച്ചവരുടെ ആശ്രിതർക്കും ബന്ധുക്കൾക്കും സര്‍ക്കാര്‍ ധനസഹായം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിറങ്ങി.
പെട്ടിമുടിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും കരിപ്പൂര്‍ അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
പെട്ടി മുടിയിൽ ദുരന്തത്തിന് ഇരയായവർക്ക് നാലു ലക്ഷം രൂപ ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്ന് നല്‍കുമെന്ന് റവന്യുവകുപ്പ് വ്യക്തമാക്കി. പ്രകൃതി ദുരന്തമുണ്ടായാല്‍ നാല് ലക്ഷം വരെ പ്രത്യേക ഉത്തരവില്ലാതെ നല്‍കാമെന്നാണ് നിയമം. പെട്ടിമുടിയില്‍ അഞ്ച് ലക്ഷമാണ് സര്‍ക്കാര്‍ പ്രഖ്യാപനം. അധികമായ ഒരു ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കുകയായിരുന്നുവെന്നും റവന്യു വകുപ്പ് വിശദീകരിച്ചു.
കരിപ്പൂരിൽ പ്രകൃതി ദുരന്തമല്ലാത്തതിനാലാണ് മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നല്‍കിയതെന്നും റവന്യുവകുപ്പ് വ്യക്തമാക്കി.
പ്രകൃതി ദുരന്തങ്ങള്‍ക്ക് മാത്രമേ ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്ന് പണം അനുവദിക്കാന്‍ കഴിയൂ. നാലു ലക്ഷം രൂപ ഉടൻ അനുവദിക്കുമെന്നും വകുപ്പ് വ്യക്തമാക്കി.
66 പേരാണ് പെട്ടി മുടി ദുരന്തത്തില്‍ മരിച്ചത്.

