ആലപ്പുഴ: കരിമീനിന്റെ വായില്‍ ഐസ് കട്ടകള്‍ തിരുകി തൂക്കം കൂട്ടി വിറ്റെന്ന് പരാതിയുമായി വീട്ടമ്മ. 400 രൂപ നിരക്കില്‍ വാങ്ങിയ കരിമീന്‍ വീട്ടിലെത്തിയപ്പോള്‍ ഐസ് ഉരുകി രണ്ടു കിലോ മാത്രമാണ് അവശേഷിച്ചത്. വെണ്‍മണി ചെറിയത്ത് ദീബയാണ് പരാതി നല്‍കിയത്. 17-9-2020 ന് പള്ളാത്തുരുത്തിയില്‍ റോഡില്‍ മത്സ്യവില്‍പന നടത്തിയ ആളില്‍ നിന്നാണ് ദീബ മത്സ്യം വാങ്ങിയത്. 400 രൂപ നിരക്കില്‍ വാങ്ങിയ കരിമീനിന്റെ വായിലാണ് ഐസ് കട്ടകള്‍ തിരുകി തൂക്കം കൂട്ടിയത്. മീന്‍ വില്‍പ്പനക്കാരനെതിരെ വീട്ടമ്മ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.
കരിമീനിനു തൂക്കം കൂട്ടാനായി വായില്‍ ഐസ് കട്ടകള്‍ വെച്ചതിന് പുറമേ വലിയ മത്സ്യത്തിന്റെ അടിഭാഗത്ത് ചെറിയ മത്സ്യങ്ങളും വച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് ദീബ ആനി തോമസ്, ബന്ധു ബ്ലെസണ്‍ ജേക്കബ് എന്നിവര്‍ കലക്ടര്‍ക്കു നല്‍കിയ പരാതിയില്‍ വിശദമാക്കിയിട്ടുണ്ട്.
4 കിലോ കരിമീനും 1000 രൂപയ്ക്ക് 3 കിലോ കാളാഞ്ചിയുമാണ് ദീബ വാങ്ങിയത്. വീട്ടിലെത്തി നോക്കിയപ്പോഴാണ് 3 കിലോ കാളാഞ്ചിക്കു പകരം രണ്ടരക്കിലോ തിലാപ്പിയയും 4 കിലോ കരിമീനിന് പകരം 2 കിലോ കരിമീനുമാണ് കച്ചവടക്കാരന്‍ നല്‍കിയതെന്ന് മനസ്സിലായത്. തുടര്‍ന്നാണ് പരാതിയുമായി കലകടറെ സമീപിച്ചത്.

