അന്റാലിയ (തുർക്കിയെ) / 2026 / നവംബർ 18
കാർബൺ പുറന്തള്ളൽ കുറയ്ക്കുന്ന വികസനത്തിലേക്കുള്ള മാറ്റം വേഗത്തിലാക്കാനും നിക്ഷേപം ആകർഷിക്കാനും ജപ്പാനുമായുള്ള സംയുക്ത ക്രെഡിറ്റിങ് സംവിധാനം ഇന്ത്യ പ്രയോജനപ്പെടുത്തുമെന്ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു. തുർക്കിയെയിലെ അന്റാലിയയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയായ കോപ് 31ൽ ജപ്പാൻ പവിലിയനിൽ ചേർന്ന പങ്കാളി രാജ്യങ്ങളുടെ പന്ത്രണ്ടാമത് യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. പാരിസ് ഉടമ്പടിയുടെ കീഴിൽ രൂപീകരിച്ച ഈ സംവിധാനം നടപ്പാക്കുന്നതിൽ പുരോഗതിയുണ്ടെന്നും ധനസമാഹരണത്തിനും സാങ്കേതികവിദ്യ കൈമാറ്റത്തിനും രാജ്യത്തിനകത്തെ ശേഷി വർധിപ്പിക്കാനും ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. വികസ്വര രാജ്യങ്ങളുടെ ദേശീയ മുൻഗണനകൾക്ക് പിന്തുണ നൽകുന്നതിനൊപ്പം നീതിപൂർവമായ കാലാവസ്ഥാ സഹകരണം കൂടുതൽ വിപുലമാക്കാനും ഇത്തരം സംവിധാനങ്ങൾക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

പങ്കാളി രാജ്യങ്ങൾക്ക് പിന്തുണ ഉറപ്പാക്കി ജപ്പാൻ
ധനസമാഹരണത്തിനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കാർബൺ പുറന്തള്ളൽ കുറയ്ക്കാനും ആഗോള പങ്കാളിത്തം വളർത്താൻ ഈ സംവിധാനത്തിന് വലിയ സാധ്യതയുണ്ടെന്ന് ജപ്പാൻ പരിസ്ഥിതി മന്ത്രി സസകാവ ഹിരോയോഷി പറഞ്ഞു. ലോകമെമ്പാടും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്ന പദ്ധതികൾ വേഗത്തിലാക്കാനുള്ള പ്രായോഗിക മാതൃകയാണിതെന്നും അദ്ദേഹം പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കാൻ ആവശ്യമായ എല്ലാ പിന്തുണയും ജപ്പാൻ നൽകുമെന്നും അറിവ് പങ്കുവയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഒമാൻ, മംഗോളിയ, പലാവു, പാപുവ ന്യൂഗിനി, ടുണീഷ്യ, യുക്രെയ്ൻ എന്നീ പങ്കാളി രാജ്യങ്ങളിലെ മന്ത്രിമാരും യോഗത്തിൽ നിലപാടുകൾ പങ്കുവച്ചു.
പാരിസ് ഉടമ്പടിയുടെ കീഴിൽ ഇന്ത്യ–ജപ്പാൻ സഹകരണം
ഇന്ത്യയും ജപ്പാനും തമ്മിൽ ദീർഘകാലമായി തുടരുന്ന സഹകരണം ചൂണ്ടിക്കാട്ടിയ ഭൂപേന്ദർ യാദവ്, ഇരു രാജ്യങ്ങളും 2025 ഓഗസ്റ്റ് 7ന് സഹകരണ ധാരണാപത്രത്തിൽ ഒപ്പുവച്ചതായി പറഞ്ഞു. പാരിസ് ഉടമ്പടിയിലെ 6.2 വകുപ്പ് പ്രകാരമാണ് സംയുക്ത ക്രെഡിറ്റിങ് സംവിധാനം രൂപീകരിച്ചത്. കാലാവസ്ഥാ പ്രവർത്തനത്തിനായി ഇന്ത്യ ദേശീയതലത്തിൽ നിശ്ചയിച്ച പ്രതിബദ്ധതകൾ നിറവേറ്റാനും പുറന്തള്ളൽ കുറഞ്ഞ വികസനത്തിനുള്ള ദീർഘകാല തന്ത്രം നടപ്പാക്കാനും ഈ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ. സർക്കാർ അംഗീകരിച്ച പ്രവർത്തനങ്ങൾക്കും സംവിധാനത്തിന്റെ ബാധകമായ നിബന്ധനകൾക്കും അനുസരിച്ചാകും പദ്ധതികൾ. പുറന്തള്ളൽ കുറയ്ക്കുന്നതിനൊപ്പം രാജ്യത്തിനകത്തെ ശേഷിയും തൊഴിൽനൈപുണ്യവും പ്രാദേശിക മൂല്യശൃംഖലകളും ശക്തിപ്പെടും. സുസ്ഥിര വികസനത്തിന് കൂടുതൽ നേട്ടങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

പദ്ധതികൾ നടപ്പാക്കാൻ ചട്ടങ്ങളും മാർഗരേഖയും
സംവിധാനം നടപ്പാക്കുന്നതിൽ നിർണായക പുരോഗതിയുണ്ടായതായി മന്ത്രി പറഞ്ഞു. 2026 ജൂൺ 8ന് സംയുക്ത സമിതി നടത്തിപ്പ് ചട്ടങ്ങൾ അംഗീകരിച്ചു. സെപ്റ്റംബർ 30ന് പ്രവർത്തന മാർഗരേഖ പുറത്തിറക്കി. പദ്ധതി നിർദേശങ്ങൾ സമർപ്പിക്കൽ, രീതിശാസ്ത്രം വികസിപ്പിക്കൽ, പദ്ധതി രൂപകൽപ്പന, സുസ്ഥിര വികസനത്തിന്റെ വിലയിരുത്തൽ എന്നിവയ്ക്കുള്ള നടപടിക്രമങ്ങൾ മാർഗരേഖയിലുണ്ട്. സ്വതന്ത്ര സാധുതാ പരിശോധന, ഫലങ്ങളുടെ സ്ഥിരീകരണം, പദ്ധതി രജിസ്ട്രേഷൻ, ക്രെഡിറ്റ് നൽകൽ, പുറന്തള്ളൽ കുറച്ചതിലൂടെ കൈവരിച്ച ഫലങ്ങൾക്ക് ഔദ്യോഗിക അനുമതി നൽകൽ എന്നിവയ്ക്കുള്ള നടപടികളും ഇതിൽ വ്യക്തമാക്കുന്നു.
പദ്ധതി നടപടികൾ ഡിജിറ്റലാക്കാൻ ഇരു രാജ്യങ്ങളും
പദ്ധതി നിർദേശങ്ങൾ സമർപ്പിക്കുന്നത് ലളിതമാക്കാനും അവ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കാനും സുതാര്യത കൂട്ടാനും പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഡിജിറ്റലാക്കാൻ ഇന്ത്യയും ജപ്പാനും പ്രവർത്തിക്കുകയാണെന്ന് ഭൂപേന്ദർ യാദവ് പറഞ്ഞു. മൂന്നാംകക്ഷി സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിക്കുക, നിർദിഷ്ട രീതിശാസ്ത്രങ്ങൾ സ്വീകരിക്കുക, പദ്ധതികളുടെ ആശയക്കുറിപ്പുകൾ സമർപ്പിക്കാൻ സൗകര്യമൊരുക്കുക എന്നിവയാണ് അടിയന്തര മുൻഗണനകൾ. നിരീക്ഷണം, റിപ്പോർട്ടിങ്, സ്ഥിരീകരണം എന്നിവ കാര്യക്ഷമമായി നടത്താൻ സാധുതാ പരിശോധനയ്ക്കും ഫലങ്ങൾ സ്ഥിരീകരിക്കാനുമുള്ള രാജ്യത്തിനകത്തെ ശേഷി ശക്തിപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
നിക്ഷേപവും സാങ്കേതിക കൈമാറ്റവും വിജയത്തിന്റെ അളവുകോൽ
ജപ്പാനുമായി അടുത്ത് പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഭൂപേന്ദർ യാദവ് ആവർത്തിച്ചു. എത്രമാത്രം പുറന്തള്ളൽ കുറഞ്ഞു, എത്ര ധനം സമാഹരിച്ചു, ഏതെല്ലാം സാങ്കേതികവിദ്യകൾ കൈമാറി, രാജ്യത്തിനകത്തെ ശേഷി എത്രത്തോളം വർധിച്ചു, സുസ്ഥിര വികസനത്തിന് എന്തു നേട്ടമുണ്ടായി എന്നിവയെല്ലാം കണക്കിലെടുത്ത് സംവിധാനത്തിന്റെ വിജയം വിലയിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. സുതാര്യവും നീതിപൂർവവും പാരിസ്ഥിതികമായി ഉറപ്പുള്ളതും വികസനത്തിന് ഊന്നൽ നൽകുന്നതുമായ കാലാവസ്ഥാ സഹകരണത്തിന്റെ മാതൃകയായി ഈ സംവിധാനത്തെ മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
.