പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപന ഉടമകള്‍ നിക്ഷേപം സ്വീകരിക്കുമ്പോള്‍ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്നര്‍ഷിപ്പ്(എല്‍എല്‍പി) മാതൃക സ്വീകരിച്ചതില്‍ വന്‍ ഗൂഡായോചന. പോപ്പുലര്‍ ഫിനാന്‍സിലാണ് ആളുകള്‍ നിക്ഷേപം നടത്തിയതെങ്കിലും വിവിധ എല്‍ എല്‍ പി കളുടെ പേരിലായിരന്നു സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. നിക്ഷേപകരായി എത്തുന്നവരെ തങ്ങളുടെ 21 ഓളം വരുന്ന എല്‍എല്‍പികളില്‍ പങ്കാളികളാക്കുകയായിരുന്നു ഉടമകള്‍ ചെയ്തിരുന്നത്. പ്രസ്തുത എല്‍ എല്‍ പികള്‍ക്ക് എന്തെങ്കിലും നഷ്ടം സംഭവിച്ചാല്‍ അത് സംരംഭത്തിന്റെ പങ്കാളികളുടെയും കൂടി നഷ്ടമായി വരും എന്നുളളതാണ് ഇതിന്റെ പ്രത്യേകത. ഇത്തരത്തില്‍ ഭാവിയിലുണ്ടാകാവുന്ന നിയമ പ്രശ്നങ്ങള്‍ ഒഴിവാക്കാനായിരുന്നു റോയിയും കുടുംബവും ലക്ഷ്യം വച്ചിരുന്നത്.
നിക്ഷേപം സ്വീകരിക്കുന്നതിന് റിസര്‍വ്ബാങ്ക് വിലക്കുളള വിവരം മറച്ചുവച്ച് തങ്ങളുടെ 21 എല്‍ എല്‍ പികളിലൂടെ നിക്ഷേപം സ്വീകരിച്ചത് അതീവ ഗുരുതരമായ തട്ടിപ്പാണ്. റോയി തോമസ് പത്തനംതിട്ട സബ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുളള പാപ്പര്‍ ഹര്‍ജിയില്‍ ഈ എല്‍ എല്‍ പികള്‍ നഷ്ടത്തിലാണെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. തട്ടിപ്പിന് ഏറ്റവും കൂടുതല്‍ ഇരയായിട്ടുളളളത് മുതിര്‍ന്ന പൗരന്മാരാണ്. ജോലി ചെയ്തിരുന്ന കാലത്ത് സമ്പാദിച്ച പണം മിക്കവരും ഭാവി ജീവിതത്തിനും മക്കളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കായിട്ടാണ് ഫിനാന്‍സില്‍ നിക്ഷേപിച്ചിരുന്നത്.
ബാംഗളൂര്‍ ഉള്‍പ്പടെ കേരളത്തിന് വെളിയിലുളള ഫിനാന്‍സ് ശാഖകളില്‍ 2020 ഫെബ്രുവരി മാസത്തോടെതന്നെ പ്രതിസന്ധി രൂക്ഷമായിരുന്നതായിട്ടാണ് ലഭിക്കുന്ന വിവരം. വാഗ്ദാനം ചെയ്തിരുന്ന പലിശ നല്കാന് ഫിനാന്‍സ് വിസമ്മതിച്ചിരുന്നതായി നിക്ഷേപകര്‍ പറയുന്നു. മാത്രമല്ല നിക്ഷേപ കാലാവധി പൂര്‍ത്തീകരിച്ചശേഷം നിക്ഷേപം തിരികെ വാങ്ങാനെത്തിയവരോട് ഒരുമാസത്തെ അവധി ചോദിച്ചശേഷം അവരുടെ അനുവാദമില്ലാതെ തന്നെ പുതുക്കി നിക്ഷേപിച്ചതായും നിക്ഷേപകര്‍ പറയുന്നു. പണം തിരികെ ചോദിച്ചപ്പോള്‍ ആദ്യമൊക്കെ മാനേജര്‍ക്ക് പ്രതീകരണമുണ്ടായിരുന്നില്ലെന്ന് മാത്രമല്ല നിക്ഷേപകരുടെ അനുവാദമില്ലാതെ നിക്ഷേപം പുതുക്കുകയും ചെയ്തു. 2020 ഫെബ്രുവരിയില്‍ നിക്ഷേപം തിരികെ നല്കണമെന്നാവശ്യപ്പെട്ടവരോട് ഒരുമാസത്തിനകം നിക്ഷേപം തിരികെ തരാമെന്ന് പറഞ്ഞെങ്കിലും പിന്നീട് ബ്രാഞ്ച് മാനേജരോ ജീവനക്കാരോ അതിന് തയ്യാറായില്ലെന്ന് നിക്ഷേപകയായ അഞ്ചുക്രിസ്റ്റി തോമസ് പറഞ്ഞു.
സട്ടിഫിക്കറ്റില് ഷെയര്‍ എന്ന് രേഖപ്പെടുത്തിയതിനെക്കുറിച്ച് ചോദിച്ചവരോട്, അതില്‍ നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും 12 ശതമാനം പലിശ നിങ്ങള്‍ക്ക് ലഭിക്കുമെന്നും പറഞ്ഞിരുന്നതായും എന്നാല്‍ ഫിനാന്സുടമകള് തങ്ങളെ ചതിക്കുകയായിരുന്നെന്ന് പിന്നീടാണ് മനസിലായതെന്നും അഞ്ചു ക്രിസ്റ്റി കൂട്ടിചേര്‍ത്തു. അഞ്ചുവിനും കുടുംബത്തിനും 18 ലക്ഷം രൂപയാണ് തട്ടിപ്പില്‍ നഷ്ടമായത്. നിയമ നടപടികളുമായി മുന്നോട്ടുപോകുകയാണവരിപ്പോള്.
ഫിനാന്‍സിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ തട്ടിപ്പിന് എല്ലാവിധ സഹായവും ചെയ്ത് റോയിക്കും കുടുംബത്തിനും ഒപ്പം നിന്നിരുന്നു. പോപ്പുലറിന്റെ ഉടമകളുടെ പേരിലുളള സ്വത്തുവകകളില്‍ ചിലത് കൈമാറ്റം ചെയ്തിട്ടുളളതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. റോയിയുടേയും കുടുംബത്തിന്റെയും സ്ഥാപനത്തിന്റെ യും പേരിലുളള സ്വത്തുക്കളുടെ മൂല്ല്യവും പോലീസ് കണക്കാക്കി വരികയാണ്.

