ഗോവ / 2026 / നവംബർ 15

അമ്പത്തിയേഴാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള നവംബർ ഇരുപത് മുതൽ ഇരുപത്തെട്ട് വരെ ഗോവയിൽ നടക്കും.പ്രേംനസീറിന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ തുലാഭാരം എന്ന ചിത്രം മേളയിൽ പ്രദർശിപ്പിക്കും.ഇന്ത്യൻ പനോരമയിലെ കഥാചിത്ര വിഭാഗത്തിൽ അഖിൽ സത്യൻ സംവിധാനം ചെയ്ത സർവം മായയും ഇടംപിടിച്ചി ട്ടുണ്ട് . ഇതിഹാസസ്വഭാവമുള്ള സിനിമകളിലെ കഥപറച്ചിലിനെക്കുറിച്ചുള്ള പ്രത്യേക സംവാദത്തിൽ നടനും സംവിധായകനുമായ ബേസിൽ ജോസഫ് പങ്കെടുക്കും. ആശാ ഭോസ്ലെയ്ക്കും എസ്. ജാനകിക്കും ആദരമർപ്പിക്കുന്ന പ്രത്യേക സംഗീതസ്മരണാ പരിപാടി കെ. എസ്. ചിത്ര നയിക്കും.
മലയാള സിനിമയുടെ സമ്പന്നതയും വൈവിധ്യവും പ്രേക്ഷകരിലേക്ക് എത്തിക്കാൻ അമ്പത്തിയേഴാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള ഒരുങ്ങുന്നു. നവംബർ 20 മുതൽ 28 വരെ ഗോവയിലാണ് മേള. നിത്യഹരിത പ്രണയനായകൻ പ്രേംനസീറിന്റെ പാരമ്പര്യം മുതൽ പുതുതലമുറ സംവിധായകരുടെ വേറിട്ട കഥപറച്ചിൽ വരെ ഇത്തവണ ശ്രദ്ധ നേടും. സംവിധായകനും നടനുമായ ബേസിൽ ജോസഫും പിന്നണിഗായിക കെ. എസ്. ചിത്രയും പ്രത്യേക സംവാദങ്ങളിൽ പങ്കെടുക്കും. ‘അതിരുകളില്ലാത്ത കഥകൾ’ എന്നതാണ് മേളയുടെ പ്രമേയം. ഇന്ത്യയിലെയും വിദേശത്തെയും സിനിമകളും ചലച്ചിത്രപ്രവർത്തകരും സിനിമാപ്രേമികളും ഒരേ വേദിയിലെത്തും. സാംസ്കാരിക കൈമാറ്റത്തിനും സിനിമയുടെ സാർവദേശീയ ഭാഷയുടെ ആഘോഷത്തിനും മേള അവസരമൊരുക്കും.
പ്രേംനസീറിന്റെ ഓർമയിൽ ‘തുലാഭാരം’
പ്രേംനസീറിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ‘തുലാഭാരം’ പ്രദർശിപ്പിക്കുന്നത് മലയാളി സിനിമാപ്രേമികൾക്ക് പ്രത്യേക ആകർഷണമാകും. ഇന്ത്യൻ സിനിമയിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ ജന്മശതാബ്ദി ആഘോഷിക്കുന്ന മേളയുടെ വിപുലമായ പരിപാടിയുടെ ഭാഗമാണിത്. രാജ്യത്തിന്റെ ചലച്ചിത്രചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച സിനിമകളും അഭിനയമുഹൂർത്തങ്ങളും വീണ്ടും കാണാനുള്ള അവസരമാണ് പ്രേക്ഷകർക്ക് ലഭിക്കുക.
‘സർവം മായ’ മുതൽ ‘ഹാഫ്’ വരെ
അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവം മായ’ ഇന്ത്യൻ പനോരമയിലെ കഥാചിത്ര വിഭാഗത്തിൽ ഇടംപിടിച്ചിട്ടുണ്ട്. നിവിൻ പോളി, അജു വർഗീസ്, റിയ ഷിബു, പ്രീതി മുകുന്ദൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. അമാനുഷിക സംഭവങ്ങൾ പശ്ചാത്തലമാകുന്ന ചിത്രം വിശ്വാസവും പ്രണയവും സ്വയം തിരിച്ചറിയലും ചർച്ച ചെയ്യുന്നു. നാസ്തികനായ സംഗീതജ്ഞൻ പ്രഭേന്ദു ഒരു യുവതിയുടെ ആത്മാവുമായി അസാധാരണമായ ബന്ധത്തിലാകുന്നതാണ് കഥ.

ഇന്ത്യൻ പനോരമയിലെ ന്യൂ ഹൊറൈസൺ വിഭാഗത്തിൽ ശ്രുതി ശരണ്യം സംവിധാനം ചെയ്ത ‘ഒറ്റഞാവൽമരം’, ശ്രീഹരി ഹരിദാസ് സംവിധാനം ചെയ്ത ‘അജയന്റെ മരണം: ഒരു കേസ് സ്റ്റഡി’ എന്നിവയും പ്രദർശിപ്പിക്കും. കഥേതര വിഭാഗത്തിൽ സന്ദീപ് ഫ്രാൻസിസ് സംവിധാനം ചെയ്ത പതിനൊന്ന് മിനിറ്റ് ദൈർഘ്യമുള്ള മലയാള ഹ്രസ്വചിത്രം ‘സ്വിച്ച് ഓഫ്’ ഉൾപ്പെട്ടിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള സംവിധായകൻ സംജാദ് ഒരുക്കിയ ‘ഹാഫ്’ ഗാല പ്രീമിയേഴ്സ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. മലയാള സിനിമയിലെ പ്രമേയങ്ങളുടെയും കഥപറച്ചിൽ രീതികളുടെയും വൈവിധ്യമാണ് ഈ ചിത്രങ്ങൾ മുന്നോട്ടുവയ്ക്കുന്നത്.


ബേസിലിന്റെ സംവാദവും ചിത്രയുടെ സംഗീതസ്മരണകളും
മേളയിലെ പ്രത്യേക സംവാദങ്ങളിലും പരിപാടികളിലും മലയാള ചലച്ചിത്രപ്രവർത്തകർ ശ്രദ്ധാകേന്ദ്രമാകും. ‘ഇതിഹാസ കഥാവിഭാഗങ്ങൾ: പുരാണങ്ങൾ, സൂപ്പർഹീറോകൾ, പുതിയ ലോകങ്ങൾ’ എന്ന വിഷയത്തിലുള്ള സംവാദത്തിൽ ബേസിൽ ജോസഫ് പങ്കെടുക്കും. സിനിമയിലെ ഇതിഹാസസ്വഭാവമുള്ള കഥപറച്ചിലിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് സംവാദം പരിശോധിക്കുക. പ്രശസ്ത പിന്നണിഗായികയും മെലഡി ക്വീനുമായ കെ. എസ്. ചിത്ര നയിക്കുന്ന പ്രത്യേക അനുസ്മരണ പരിപാടി ആശാ ഭോസ്ലെയ്ക്കും എസ്. ജാനകിക്കും ആദരമർപ്പിക്കും. ഇരുവരുടെയും സംഗീതയാത്രയിലേക്ക് തിരിഞ്ഞുനോക്കുന്ന പരിപാടിയാണിത്.
മേളയിലെ അനുഭവങ്ങൾ പങ്കുവയ്ക്കാനും അഭിമുഖങ്ങൾക്കും അവസരം
മികച്ച സിനിമകൾ ആവേശമുള്ള ശബ്ദങ്ങളിലൂടെ കൂടുതൽ പേരിലെത്തുമെന്ന സന്ദേശവുമായി മേളയിലെ അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാനും സംഘാടകർ ക്ഷണിച്ചു. ഇഫി 2026, സ്റ്റോറീസ് വിത്തൗട്ട് ബോർഡേഴ്സ് എന്നീ ഹാഷ്ടാഗുകൾ ഉപയോഗിക്കാം. ഇൻസ്റ്റഗ്രാമിൽ പി ഐ ബി ഇന്ത്യയെയും എക്സിൽ പി ഐ ബി അണ്ടർസ്കോർ ഇന്ത്യയെയും ടാഗ് ചെയ്താൽ മേളയിലെ അനുഭവങ്ങൾ കൂടുതൽ പേരിലെത്തിക്കാൻ സഹായിക്കുമെന്നും അറിയിച്ചു. അംഗീകൃത മാധ്യമപ്രവർത്തകർ, നിരൂപകർ, ബ്ലോഗർമാർ, വ്ലോഗർമാർ എന്നിവർക്ക് സംവിധായകരുമായും മേളയിലെ ജൂറി അംഗങ്ങളുമായും നേരിട്ടുള്ള അഭിമുഖങ്ങൾക്കായി അപേക്ഷിക്കാം. ‘ടേക്ക് വൺ വിത്ത് പി ഐ ബി’ എന്ന വിഷയം നൽകി ഇഫി ഡോട്ട് മീഡിയഡെസ്ക് അറ്റ് പി ഐ ബി ഡോട്ട് ജി ഒ വി ഡോട്ട് ഇൻ എന്ന ഇമെയിൽ വിലാസത്തിലേക്കാണ് എഴുതേണ്ടത്.
.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.