അന്റാല്യ, 2026 നവംബർ 15 –
ആഗോള താപനവർധന 1.5 ഡിഗ്രി സെൽഷ്യസിൽ പരിമിതപ്പെടുത്താനുള്ള ലക്ഷ്യത്തിന്റെ ഭാവിയെച്ചൊല്ലി രാജ്യങ്ങൾക്കിടയിൽ ഭിന്നത. തുർക്കിയിലെ അന്റാല്യയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ മുപ്പത്തിയൊന്നാമത് കാലാവസ്ഥാ ഉച്ചകോടിയിലാണ് ചർച്ച. ഞായറാഴ്ച പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ചർച്ചകൾ പകുതിഘട്ടത്തിലെത്തിയിട്ടും ഈ വിഷയത്തിൽ വ്യക്തമായ ധാരണയായിട്ടില്ല. വ്യവസായവത്കരണത്തിന് മുമ്പുള്ള കാലത്തെക്കാൾ ലോകം ഇതിനകം ഏകദേശം 1.4 ഡിഗ്രി ചൂടായിട്ടുണ്ട്. 1.5 ഡിഗ്രി പരിധി കടക്കുന്നത് ആസന്നവും ഒഴിവാക്കാനാകാത്തതുമാണെന്ന് സെപ്റ്റംബറിൽ യുഎൻ വ്യക്തമാക്കിയിരുന്നു.
ദ്വീപ് രാജ്യങ്ങൾക്ക് നിലനിൽപ്പിന്റെ പ്രശ്നം
കാലാവസ്ഥാ പ്രതിസന്ധി നേരിട്ട് അനുഭവിക്കുന്ന രാജ്യങ്ങൾ 1.5 ഡിഗ്രി ലക്ഷ്യം നിലനിർത്തണമെന്നാണ് ആവശ്യപ്പെടുന്നത്. ഇത് ഭക്ഷ്യസുരക്ഷയെയും സമ്പദ്വ്യവസ്ഥയെയും പരമാധികാരത്തെയും ബാധിക്കുന്ന നിലനിൽപ്പിന്റെ പ്രശ്നമാണെന്ന് പലാവു പ്രസിഡന്റ് സുരാംഗൽ വിപ്സ് ജൂനിയർ പറഞ്ഞു. പരിധി കടന്നാലും കഴിയുന്നത്ര വേഗത്തിൽ താപനില തിരിച്ചിറക്കണമെന്ന നിർദേശം ചർച്ചയിലുണ്ട്. അതേസമയം, സൗദി അറേബ്യയും ഇന്ത്യയും ഉൾപ്പെടുന്ന രണ്ട് ചർച്ചാ കൂട്ടായ്മകൾ ലക്ഷ്യം ഒഴിവാക്കാൻ ശ്രമിക്കുന്നതായി ചർച്ചകൾ നിരീക്ഷിക്കുന്നവരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. അധിക സാമ്പത്തികസഹായമില്ലാതെ പുറന്തള്ളൽ കുറയ്ക്കാനുള്ള സമ്മർദം കൂടുമെന്ന ആശങ്ക ചില വികസ്വര രാജ്യങ്ങൾക്കുണ്ടെന്ന് ഗ്രീൻപീസ് പ്രതിനിധി ജാസ്പർ ഇൻവെന്റർ പറഞ്ഞു.
പരിധി കടന്നാൽ തിരിച്ചിറക്കുക കടുത്ത വെല്ലുവിളി
പാരിസ് കരാറിൽ താപനവർധന രണ്ട് ഡിഗ്രിക്ക് വളരെ താഴെ നിർത്താനും 1.5 ഡിഗ്രിയിൽ പരിമിതപ്പെടുത്താൻ ശ്രമിക്കാനുമാണ് ഇരുനൂറോളം രാജ്യങ്ങൾ സമ്മതിച്ചത്. 1.5 ഡിഗ്രി കടന്നാൽ കടുത്ത വെള്ളപ്പൊക്കം, ഉഷ്ണതരംഗങ്ങൾ, പവിഴപ്പുറ്റുകളുടെ സ്ഥിരമായ നഷ്ടം തുടങ്ങിയ അപകടങ്ങൾ വർധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. താപനില തിരിച്ചിറക്കാൻ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ വേഗത്തിൽ കുറയ്ക്കണം. വനവൽക്കരണം, തണ്ണീർത്തട പുനഃസ്ഥാപനം, പുതിയ സാങ്കേതികവിദ്യകൾ എന്നിവയിലൂടെ അന്തരീക്ഷത്തിലെ കാർബൺ നീക്കുകയും വേണം. എന്നാൽ, വീണ്ടും 1.5 ഡിഗ്രിയിലെത്തിക്കാനാകുമോ എന്നതിൽ അനിശ്ചിതത്വമുണ്ടെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞൻ പിയർ ഫ്രൈഡ്ലിങ്സ്റ്റൈൻ പറഞ്ഞു. പരിധി കടക്കുന്ന തോതും കാലയളവും കഴിയുന്നത്ര കുറയ്ക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ആവശ്യപ്പെട്ടു.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.