ന്യൂഡൽഹി / 2026 / നവംബർ 15
ഇറ്റലിയിലെ ഇലെട്ര സിങ്ക്രോട്രോൺ ട്രീയെസ്റ്റേ ഗവേഷണകേന്ദ്രത്തിലെ അടുത്ത തലമുറ സിങ്ക്രോട്രോൺ ബീംലൈനുകളുടെ വികസനത്തിൽ ഇന്ത്യ സഹപങ്കാളിയാകും. ഇലെട്ര 2.0 പദ്ധതിയുടെ ഭാഗമായി 2026–27 മുതൽ അഞ്ചുവർഷത്തേക്ക് എഴുപത് ലക്ഷം യൂറോയിലധികം നിക്ഷേപിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. നവംബർ 13ന് കേന്ദ്രം സന്ദർശിച്ച കേന്ദ്ര ശാസ്ത്ര സാങ്കേതിക, ഭൗമശാസ്ത്ര വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങാണ് പ്രഖ്യാപനം നടത്തിയത്. ഗവേഷണ സൗകര്യങ്ങളും പരിശീലനം നേടിയ മനുഷ്യവിഭവശേഷിയും വികസിപ്പിക്കാനാണ് നിക്ഷേപം. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ശാസ്ത്ര സഹകരണത്തിന്റെ പുതിയ ഘട്ടമാണിത്.
നവീകരിക്കുന്ന സൗകര്യങ്ങൾ രസതന്ത്രം, ഭൗതികശാസ്ത്രം, നൂതന പദാർഥങ്ങൾ, ഘടനാ ജീവശാസ്ത്രം തുടങ്ങിയ മേഖലകളിൽ പുതിയ ഗവേഷണ അവസരങ്ങൾ തുറക്കും. ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും ഗവേഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അന്താരാഷ്ട്ര തലത്തിലെ ഉന്നത ശാസ്ത്ര സഹകരണം ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയും ഇന്ത്യ ഇതിലൂടെ ആവർത്തിച്ചു.

ഇറ്റലിക്കുശേഷം സൗകര്യങ്ങൾ കൂടുതൽ ഉപയോഗിക്കുന്നത് ഇന്ത്യ
ഇന്ത്യൻ ഗവേഷകസംഘങ്ങളും ഇലെട്രയും തമ്മിലുള്ള 25 വർഷത്തിലേറെ നീണ്ട ശാസ്ത്ര സഹകരണത്തിന്റെ തുടർച്ചയാണ് പുതിയ പങ്കാളിത്തം. 1998 മുതൽ ഇന്ത്യൻ ശാസ്ത്രജ്ഞർ ഇവിടെ ഗവേഷണ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ഇപ്പോഴും ഇവിടത്തെ സൗകര്യങ്ങൾ ഉപയോഗിക്കുന്നു. ഇലെട്രയുടെ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽ ഇറ്റലിക്കുശേഷം രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യൻ ശാസ്ത്രസമൂഹം കേന്ദ്രവുമായി പുലർത്തുന്ന തുടർച്ചയായ ബന്ധമാണ് ഇത് വ്യക്തമാക്കുന്നത്.
ഇന്ത്യൻ ഗവേഷകസംഘങ്ങളിൽനിന്ന് 1,100ലധികം പരീക്ഷണ നിർദേശങ്ങൾ ഇലെട്രയ്ക്ക് ലഭിച്ചിട്ടുണ്ട്. നിർദേശങ്ങൾ സമർപ്പിച്ചതിലും ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 54,140 നിർദേശങ്ങളുമായി ഇറ്റലിയാണ് മുന്നിൽ. 1,098 നിർദേശങ്ങൾ നൽകിയ ഫ്രാൻസിനെക്കാൾ മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം.

നിലവിലെ ബീംലൈനുകൾക്ക് പകരം കൂടുതൽ ശേഷിയുള്ള രണ്ടെണ്ണം
ഇലെട്ര 2.0 പദ്ധതിയിൽ ഇന്ത്യയുടെ ഗവേഷണ ആവശ്യങ്ങൾ മുൻനിർത്തിയുള്ള നിലവിലെ എക്സ് ആർ ഡി ടു, എക്സ്പ്രസ് ബീംലൈനുകൾ പ്രവർത്തനം അവസാനിപ്പിക്കും. ഇവയ്ക്കുപകരം കൂടുതൽ ശേഷിയുള്ള രണ്ട് പുതിയ ബീംലൈനുകൾ സ്ഥാപിക്കും. വലിയ തന്മാത്രകളുടെ സ്ഫടികഘടന പഠിക്കാനുള്ള മൈക്രോഫോക്കസ് ബീംലൈനിന് മൈക്രോ എക്സ് ആർ ഡി എന്നാണ് പേര്. ഉയർന്ന മർദത്തിൽ ഡിഫ്രാക്ഷൻ പഠനങ്ങൾ നടത്താനുള്ള രണ്ടാമത്തെ ബീംലൈൻ എക്സ്പ്രസ് സൂപ്പർബെൻഡ് അഥവാ എക്സ്പ്രസ് എസ് ബി എന്നറിയപ്പെടും.
ഇലെട്രയിലെ പ്രത്യേക ഗവേഷണ സൗകര്യങ്ങൾക്കായി ഇന്ത്യ നേരത്തേ നടത്തിയ നിക്ഷേപത്തിന്റെ തുടർച്ചയാണ് ഈ നവീകരണം. നിലവിലെ അത്യാധുനിക ഡിഫ്രാക്ഷൻ ബീംലൈനുകളായ എക്സ് ആർ ഡി ടു, എക്സ്പ്രസ് എന്നിവയുടെ നിർമാണത്തിന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് ഏകദേശം 22 കോടി രൂപ നൽകിയിരുന്നു. ഇറ്റലിയുടെ പങ്കാളിത്തത്തോടെയായിരുന്നു നിർമാണം. 2016 ഒക്ടോബർ 20ന് വകുപ്പിന്റെ സെക്രട്ടറി ഇറ്റലി സന്ദർശിച്ചപ്പോഴാണ് രണ്ട് ബീംലൈനുകളും സംയുക്തമായി ഉദ്ഘാടനം ചെയ്തത്. പ്രവർത്തനം തുടങ്ങിയതുമുതൽ ഇന്ത്യൻ ഗവേഷകർ ഇവ ഫലപ്രദമായി ഉപയോഗിക്കുന്നു. പരീക്ഷണങ്ങൾക്കായി പ്രതിവർഷം ഏകദേശം 50 മുതൽ 60 വരെ ഇന്ത്യൻ ശാസ്ത്രജ്ഞർ ട്രീയെസ്റ്റേ സന്ദർശിക്കുന്നുണ്ട്.

ഗവേഷകരുടെ സന്ദർശനത്തിനും സാമ്പത്തിക പിന്തുണ
ഇന്ത്യ–ഇറ്റലി എക്സിക്യൂട്ടീവ് പ്രോഗ്രാം ഓഫ് കോഓപ്പറേഷൻ എന്ന ഇപോക് വഴിയും ഇലെട്രയിലെ ഗവേഷണത്തിന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് പിന്തുണ നൽകുന്നു. 2022–2024 കാലയളവിലെ പദ്ധതിയിൽ മൂന്നുവർഷത്തേക്ക് രണ്ടു കോടി രൂപ അനുവദിച്ചു. പ്രതിവർഷം 50 ഇന്ത്യൻ ഗവേഷകരുടെ സന്ദർശനത്തിനായിരുന്നു സഹായം. ഓരോ ആറുമാസത്തിലും 25 സന്ദർശനങ്ങൾ വീതമാണ് ഉൾപ്പെടുത്തിയിരുന്നത്. ഇലെട്ര ബീംലൈനുകളിൽ അനുവദിച്ച സമയക്രമത്തിൽ പരീക്ഷണങ്ങൾ നടത്താനായിരുന്നു ഈ സൗകര്യം.
2025–2027 കാലയളവിലെ ഇപോക് പദ്ധതിയിലും ഇന്ത്യൻ ഗവേഷകരുടെ പരീക്ഷണങ്ങൾക്ക് സഹായം നൽകാനുള്ള നിർദേശമുണ്ട്. ഇതിനായി മൂന്നുവർഷത്തേക്ക് ഒന്നരക്കോടി രൂപയാണ് നിർദേശിച്ചിട്ടുള്ളത്.
പുതിയ ഘട്ടത്തിലേക്ക് ശാസ്ത്ര സഹകരണം
ഇലെട്ര 2.0 പദ്ധതിയിൽ ഇന്ത്യയുടെ ഗവേഷണ ആവശ്യങ്ങൾ മുൻനിർത്തിയുള്ള ബീംലൈനുകളുടെ പുനർവികസനത്തിൽ പങ്കെടുക്കാനുള്ള സമ്മതം കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നേരത്തേ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച ഉദ്ദേശ്യപത്രത്തിലും ഒപ്പുവച്ചിരുന്നു. അഞ്ചുവർഷത്തേക്ക് എഴുപത് ലക്ഷം യൂറോയിലധികം നിക്ഷേപിക്കുമെന്ന സന്ദർശനവേളയിലെ പ്രഖ്യാപനത്തിലൂടെ പദ്ധതിയോടുള്ള പ്രതിബദ്ധത ഇന്ത്യ വീണ്ടും ഉറപ്പിച്ചു.
നിലവിലെ ബീംലൈനുകൾ വിജയകരമായി വികസിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്ത അനുഭവത്തിന്റെ അടിസ്ഥാനത്തിലാകും പുതിയ പങ്കാളിത്തം മുന്നോട്ടുപോകുക. ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത ഘട്ട ശാസ്ത്ര സഹകരണത്തിനായി നവീകരിച്ച ഗവേഷണ സൗകര്യങ്ങൾ ഒരുക്കാൻ ഇത് സഹായിക്കും. ഇറ്റാലിയൻ ഗവേഷണകേന്ദ്രവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും ഗവേഷകർക്ക് ഉന്നതവും പ്രത്യേക വൈദഗ്ധ്യം ആവശ്യമായതുമായ ശാസ്ത്ര മേഖലകളിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാനും പദ്ധതി വഴിയൊരുക്കും.
.