ന്യൂഡൽഹി / 2026 / നവംബർ 03
വിവിധ ടെലികോം കമ്പനികളുടെ ശൃംഖലകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള ചട്ടങ്ങളിൽ ഭേദഗതി പ്രഖ്യാപിച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയായ ട്രായ് നവംബർ മൂന്നിന് ന്യൂഡൽഹിയിലാണ് മൂന്നാം ഭേദഗതി ചട്ടങ്ങൾ പുറത്തിറക്കിയത്. 2027 ജനുവരി ഒന്നുമുതൽ ഇവ പ്രാബല്യത്തിൽ വരും. വിളികളുടെ ഗുണനിലവാരം ഉയർത്താനും ശൃംഖലകൾക്കിടയിലെ ആശയവിനിമയം കൂടുതൽ കാര്യക്ഷമമാക്കാനുമാണ് മാറ്റങ്ങൾ.
വ്യത്യസ്ത കമ്പനികളുടെ ഉപയോക്താക്കൾക്ക് പരസ്പരം വിളിക്കാനും ആശയവിനിമയം നടത്താനും സഹായിക്കുന്ന സംവിധാനമാണ് ശൃംഖലകൾ തമ്മിലുള്ള പരസ്പരബന്ധം. ഇതിനുള്ള സാങ്കേതികവും പ്രവർത്തനപരവും വാണിജ്യപരവുമായ വ്യവസ്ഥകളാണ് ട്രായ് പരിഷ്കരിച്ചത്. പുതിയ സാങ്കേതികവിദ്യകൾക്ക് അനുയോജ്യമായി സംവിധാനം മാറ്റുന്നതിനൊപ്പം കമ്പനികൾക്കിടയിൽ സുതാര്യതയും തുല്യപരിഗണനയും ഉറപ്പാക്കുകയാണ് ലക്ഷ്യം.
2018ലെ ചട്ടങ്ങൾ പരിഷ്കരിക്കുന്നതിനുള്ള നടപടികൾ 2025 ഏപ്രിൽ മൂന്നിനാണ് ആരംഭിച്ചത്. തുടർന്ന് നവംബർ പത്തിന് വിശദമായ ചർച്ചാരേഖ പുറത്തിറക്കി. പതിനേഴ് പങ്കാളികൾ അഭിപ്രായങ്ങളും ഒമ്പത് പങ്കാളികൾ മറുപടി അഭിപ്രായങ്ങളും സമർപ്പിച്ചു. 2026 ജനുവരി 28ന് നടന്ന തുറന്ന ചർച്ചയിലെയും നിർദേശങ്ങൾ വിലയിരുത്തിയാണ് അന്തിമ ചട്ടങ്ങൾ തയ്യാറാക്കിയത്.
പുതിയ ബന്ധിപ്പിക്കലുകൾ ഐപി സാങ്കേതികവിദ്യയിൽ
ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നശേഷം പുതുതായി സ്ഥാപിക്കുന്ന എല്ലാ പരസ്പരബന്ധങ്ങളും ഇന്റർനെറ്റ് പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയുള്ള ഐപി സംവിധാനത്തിലായിരിക്കണം. നിലവിലെ ഇ വൺ, ടിഡിഎം സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്ന ബന്ധിപ്പിക്കൽ കേന്ദ്രങ്ങൾ മൂന്നുവർഷത്തിനകം ഘട്ടംഘട്ടമായി ഐപി സംവിധാനത്തിലേക്ക് മാറണം. ലഭ്യമായ ബാൻഡ്വിഡ്ത്ത് കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാനും വിളികളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ മാറ്റം സഹായിക്കുമെന്നാണ് പ്രതീക്ഷ.
നിലവിലെ പ്രാദേശിക ചാർജിങ് മേഖലകളിലെ കേന്ദ്രങ്ങളിലൂടെ കൈമാറുന്ന ടെലികോം ട്രാഫിക് മൂന്നുവർഷത്തിനകം ലൈസൻസുള്ള സേവനമേഖലാ തലത്തിലെ കേന്ദ്രങ്ങളിലേക്ക് മാറ്റണം. ട്രാഫിക് കൈമാറേണ്ട സ്ഥലം കമ്പനികൾക്ക് പരസ്പരധാരണയിലൂടെ നിശ്ചയിക്കാം. ഇതിലൂടെ വിളികൾ കൈമാറുന്ന ക്രമം ലളിതമാക്കാനും കാലതാമസം കുറയ്ക്കാനും സേവനവിശ്വാസ്യത ഉയർത്താനും ലക്ഷ്യമിടുന്നു.
ശേഷി വർധിപ്പിക്കാനും കേന്ദ്രങ്ങൾ തിരിച്ചുനൽകാനും വ്യവസ്ഥ
ഐപി ബന്ധിപ്പിക്കൽ കേന്ദ്രങ്ങളുടെ പരമാവധി വിളിശേഷി നിശ്ചയിക്കുമ്പോൾ ഒരേസമയം കൈകാര്യം ചെയ്യാവുന്ന വിളികളും ലഭ്യമായ ബാൻഡ്വിഡ്ത്തും പരിഗണിക്കണം. ട്രായ് നിശ്ചയിച്ച സേവനഗുണനിലവാരവും പാലിക്കണം. പഴയ സംവിധാനങ്ങളിൽനിന്നുള്ള മാറ്റത്തിന്റെ പുരോഗതി നിരീക്ഷിക്കാൻ റിപ്പോർട്ടുകൾ നൽകണമെന്നും ചട്ടങ്ങൾ നിർദേശിക്കുന്നു.
ട്രാഫിക് കുറയുക, ഒരു പ്രദേശത്തെ സേവനം അവസാനിപ്പിക്കുക, ട്രാഫിക് മറ്റൊരു വഴിയിലേക്ക് മാറ്റുക തുടങ്ങിയ സ്വന്തം പ്രവർത്തനാവശ്യങ്ങൾക്കായി കമ്പനികൾക്ക് ബന്ധിപ്പിക്കൽ കേന്ദ്രങ്ങൾ സ്വമേധയാ തിരിച്ചുനൽകാനും പ്രത്യേക നടപടിക്രമം കൊണ്ടുവന്നു. കമ്പനികൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് ബന്ധം വിച്ഛേദിക്കുന്ന നിലവിലെ വ്യവസ്ഥയിൽനിന്ന് വ്യത്യസ്തമാണിത്.
വൈകിയ പണമടയ്ക്കലിന് പലിശ; ലംഘനങ്ങൾക്ക് സാമ്പത്തിക നടപടി
ബാങ്ക് ഗ്യാരന്റി സംവിധാനം തുടരും. എന്നാൽ പുനർമൂല്യനിർണയത്തിന്റെ ഇടവേളയും അതനുസരിച്ച് നൽകുന്ന ഗ്യാരന്റിയുടെ കാലാവധിയും ആറുമാസത്തിൽനിന്ന് പന്ത്രണ്ടുമാസമാക്കി. ഐപി കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ബന്ധിപ്പിക്കൽ കേന്ദ്രങ്ങളുടെ ബാങ്ക് ഗ്യാരന്റിക്ക് പരമാവധി പരിധി കണക്കാക്കുന്ന രീതിയും പരിഷ്കരിച്ചു.
പരസ്പരബന്ധവുമായി ബന്ധപ്പെട്ട ചാർജുകൾ അടയ്ക്കാൻ വൈകിയാൽ ഈടാക്കുന്ന പലിശ കമ്പനികൾക്ക് പരസ്പരം തീരുമാനിക്കാം. എന്നാൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരുവർഷത്തെ എംസിഎൽആർ നിരക്കിനേക്കാൾ രണ്ട് ശതമാനപ്പോയിന്റിൽ കൂടുതൽ ഉയർന്ന നിരക്ക് ഈടാക്കാനാവില്ല. ചട്ടലംഘനത്തിന്റെ സ്വഭാവവും ഗൗരവവും അനുസരിച്ച് ഘട്ടംഘട്ടമായ സാമ്പത്തിക നടപടികൾക്കും വ്യവസ്ഥയുണ്ട്.