ന്യൂഡൽഹി /2026 / നവംബർ 04
സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ശാസ്ത്ര സാങ്കേതിക രംഗത്തെ സ്ഥിതി ഒരുമിച്ച് വിലയിരുത്താൻ നീതി ആയോഗ് ഇന്ത്യ എസ് ആൻഡ് ടി സ്കോർബോർഡ് പുറത്തിറക്കി. നവംബർ മൂന്നിന് ന്യൂഡൽഹിയിലെ കെ ജി മാർഗിലുള്ള സിവിൽ സർവീസസ് ഓഫീസേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ നീതി ആയോഗ് ഉപാധ്യക്ഷൻ അശോക് കുമാർ ലാഹിരിയാണ് ഉദ്ഘാടനം ചെയ്തത്. വിവിധ ഇടങ്ങളിലായി ചിതറിക്കിടക്കുന്ന വിവരങ്ങൾ ഒറ്റ വേദിയിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. തെളിവുകളുടെ അടിസ്ഥാനത്തിൽ നയങ്ങൾ രൂപീകരിക്കാനും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രകടനം താരതമ്യം ചെയ്യാനും ഈ സംവേദനാത്മക പ്ലാറ്റ്ഫോം സഹായിക്കും.
നീതി ആയോഗിന്റെ പ്രധാന സംരംഭമായാണ് സ്കോർബോർഡ് വികസിപ്പിച്ചത്. നീതി ആയോഗ് മുതിർന്ന ഉപദേഷ്ടാവ് പ്രൊഫസർ വിവേക് കുമാർ സിങ് പങ്കെടുത്തവരെ സ്വാഗതം ചെയ്ത് സംരംഭത്തിന്റെ പശ്ചാത്തലവും ലക്ഷ്യങ്ങളും വിശദീകരിച്ചു. ഗവേഷണ ഫലങ്ങളുടെ എണ്ണം മാത്രം പരിശോധിക്കുന്ന സംവിധാനമല്ല ഇതെന്ന് അദ്ദേഹം പറഞ്ഞു. ഗുണനിലവാരം, സ്വാധീനം, സഹകരണം എന്നിവയും വിലയിരുത്തും. ഇതിലൂടെ സംസ്ഥാനങ്ങൾക്ക് തങ്ങളുടെ വൈദഗ്ധ്യവും പ്രത്യേക ശ്രദ്ധ നൽകി പ്രവർത്തിക്കേണ്ട മേഖലകളും തിരിച്ചറിയാനാകും.
ഗവേഷണം വിപുലമാക്കാൻ സംസ്ഥാനങ്ങളുടെ പങ്ക്
രാജ്യത്തെ ശാസ്ത്ര സാങ്കേതിക വിവരശേഖരത്തിന് സംസ്ഥാനതലത്തിലെ വിലപ്പെട്ട ചിത്രം കൂടി സ്കോർബോർഡ് നൽകുമെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫസർ ഉമേഷ് വി വാഘ്മരേ പറഞ്ഞു. ഇന്ത്യയുടെ ഗവേഷണ അടിത്തറ വിപുലമാക്കുന്നതിൽ സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിലുകൾക്കും സംസ്ഥാന സർവകലാശാലകൾക്കുമുള്ള പങ്കും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭൗമശാസ്ത്രം എല്ലാ സംസ്ഥാനങ്ങളുമായും അടുത്ത ബന്ധമുള്ള മേഖലയാണെന്ന് ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. ടി ശ്രീനിവാസ കുമാർ പറഞ്ഞു. പ്രവചനങ്ങളും മുൻകൂർ മുന്നറിയിപ്പുകളും സമുദ്രമേഖലയിലെ അവസരങ്ങളും ഫലപ്രദമായി പ്രയോജനപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് പ്രാദേശികതലത്തിൽ ശാസ്ത്ര സാങ്കേതിക ശേഷി അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസിദ്ധീകരണങ്ങളും പേറ്റന്റുകളും ഒരേ ഡാഷ്ബോർഡിൽ
ശാസ്ത്ര സാങ്കേതിക രംഗത്ത് മികച്ച നയങ്ങൾ രൂപീകരിക്കാൻ വിശ്വസനീയവും പരസ്പരം താരതമ്യം ചെയ്യാവുന്നതുമായ തെളിവുകൾ വേണമെന്ന് നീതി ആയോഗിലെ ശാസ്ത്ര സാങ്കേതിക വിഭാഗം അംഗം പ്രൊഫസർ അഭയ് കരന്ദികർ പറഞ്ഞു. ഗവേഷണത്തെയും നവീകരണത്തെയും കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പല സ്രോതസ്സുകളിലായി ചിതറിക്കിടക്കുകയായിരുന്നു. അതിനാൽ സ്വന്തം സ്ഥാനം വിലയിരുത്താൻ സംസ്ഥാനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. ശാസ്ത്ര സാങ്കേതിക സംവിധാനങ്ങൾ, ഗവേഷണ പ്രസിദ്ധീകരണങ്ങൾ, പേറ്റന്റുകൾ എന്നിവയുടെ വിവരങ്ങൾ ഒറ്റ സംവേദനാത്മക ഡാഷ്ബോർഡിൽ കൊണ്ടുവന്ന് സ്കോർബോർഡ് ഈ വിടവ് നികത്തുന്നു. വിവിധ വർഷങ്ങളിലെ പ്രവണതകൾ ലഭ്യമാകുന്നതിനാൽ കാലക്രമത്തിൽ കൈവരിച്ച പുരോഗതിയും സംസ്ഥാനങ്ങൾക്ക് പരിശോധിക്കാം.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ വികസന സ്ഥാപനങ്ങൾ, ഡീപ് ടെക് സ്റ്റാർട്ടപ്പുകൾ, ഇൻക്യുബേറ്ററുകൾ എന്നിവയുടെ വിവരങ്ങൾ സ്കോർബോർഡിലുണ്ട്. ഗവേഷണ പ്രസിദ്ധീകരണങ്ങളും പേറ്റന്റുകളും ഉൾപ്പെടെയുള്ള ശാസ്ത്ര സാങ്കേതിക ഫലങ്ങളും ഇതിൽ ലഭ്യമാണ്. മുൻഗണനാ ഗവേഷണ മേഖലകളിൽ ഗവേഷണത്തിന്റെ ഗുണനിലവാരം, സ്വാധീനം, സഹകരണം, ഗവേഷണ വിവരങ്ങൾ തുറന്ന രീതിയിൽ ലഭ്യമാക്കൽ എന്നിവയുടെ സൂചകങ്ങളും അവതരിപ്പിക്കുന്നു. വിദ്യാഭ്യാസ ഗവേഷണ മേഖല, സർക്കാർ ഗവേഷണ വികസന ലബോറട്ടറികൾ, വ്യവസായ മേഖല എന്നീ മൂന്ന് വിഭാഗങ്ങളിലെ വിവരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അടുത്തടുത്തായി താരതമ്യം ചെയ്യാനും കഴിയും. സംസ്ഥാന നയങ്ങളും മികച്ച പ്രവർത്തനരീതികളും ഉൾപ്പെടുന്ന വിശദമായ സംസ്ഥാന വിവരണങ്ങളും ലഭ്യമാണ്.
കരുത്തും പോരായ്മകളും കണ്ടെത്തി മികച്ച നയങ്ങളിലേക്ക്
ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യ കൂടുതൽ മുന്നേറാൻ സംസ്ഥാനങ്ങൾ കൂടുതൽ സജീവമായ പങ്കുവഹിക്കണമെന്ന് അശോക് കുമാർ ലാഹിരി പറഞ്ഞു. സഹകരണവും മത്സരവും അടിസ്ഥാനമാക്കിയ ഫെഡറലിസത്തിന്റെ തത്വമനുസരിച്ചാണ് ഈ ശ്രമം. സ്വന്തം കരുത്തും പോരായ്മകളും കണ്ടെത്താനും പരസ്പരം പഠിക്കാനും സ്കോർബോർഡ് സംസ്ഥാനങ്ങളെ സഹായിക്കും. ശാസ്ത്ര സാങ്കേതിക രംഗത്ത് മെച്ചപ്പെട്ട പദ്ധതികളും നയങ്ങളും രൂപീകരിക്കാനും ഇത് വഴിയൊരുക്കും. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പ്ലാറ്റ്ഫോം പൂർണമായി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആസൂത്രണത്തിനും നൈപുണ്യ വികസനത്തിനും പിന്തുണ
ഉദ്ഘാടനത്തിനുശേഷം സ്കോർബോർഡിന്റെ പ്രവർത്തനം പരിചയപ്പെടുത്തി. അതിന്റെ രീതിശാസ്ത്രവും വിവരസ്രോതസ്സുകളും വിശദീകരിക്കുന്ന സാങ്കേതിക സെഷനും നടന്നു. സംസ്ഥാന സർക്കാരുകളിൽനിന്നും വിദ്യാഭ്യാസ ഗവേഷണ മേഖലയിൽനിന്നും ക്ഷണിക്കപ്പെട്ട പ്രമുഖർ പ്ലാറ്റ്ഫോം കൂടുതൽ വികസിപ്പിക്കുന്നതിനുള്ള നിരീക്ഷണങ്ങളും നിർദേശങ്ങളും പങ്കുവച്ചു. സംസ്ഥാനതല ആസൂത്രണത്തിന് ഇത് പിന്തുണ നൽകുമെന്ന് സംസ്ഥാന പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ശാസ്ത്ര സാങ്കേതിക രംഗത്ത് സ്ഥാപനങ്ങളുടെ ശേഷി വർധിപ്പിക്കാനും നൈപുണ്യമുള്ള മനുഷ്യവിഭവശേഷി വളർത്താനും സഹായിക്കുമെന്നും അവർ പറഞ്ഞു.
സംസ്ഥാനതലത്തിൽ വിശ്വസനീയവും പരസ്പരം താരതമ്യം ചെയ്യാവുന്നതുമായ ശാസ്ത്ര സാങ്കേതിക വിവരശേഖരം അനിവാര്യമാണെന്ന് ചർച്ചകൾ ആവർത്തിച്ച് വ്യക്തമാക്കി. സംസ്ഥാനങ്ങളിലെ ശാസ്ത്ര സാങ്കേതിക സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ഇതിന് പ്രധാന പങ്കുണ്ടാകും. വികസിത ഭാരതം 2047 എന്ന കാഴ്ചപ്പാടിലേക്കുള്ള ഇന്ത്യയുടെ യാത്രയ്ക്കും ഇത് കരുത്തുപകരും.
.